Connect with us

Eranakulam

തൊഴില്‍ തട്ടിപ്പിനിരയായി സഊദി ജയിലിലകപ്പെട്ട 110 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

Published

|

Last Updated

നെടുമ്പാശേരി: സ്വന്തം നാട്ടിലെ കടങ്ങള്‍ വീട്ടാനും കുടുംബാംഗങ്ങളുടെ വിശപ്പകറ്റാനും ഗള്‍ഫ് നാടുകളിലേക്ക് പോയി തൊഴില്‍തട്ടിപ്പിനും മറ്റും ഇരകളായി സൗഊദി അറേബ്യയിലെ ജയിലിലകപ്പെട്ട 110 ഇന്ത്യാക്കാരെ ഇന്ത്യന്‍ എംബസി ഇടപെട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചു. സഊദി അറേബ്യയില്‍നിന്നും ഇന്നലെ രാവിലെ 8.40 ഓടെ കൊച്ചിയിലെത്തിയ സഊദി എയര്‍ലൈന്‍സ് വിമാനത്തിലാണ് ഇന്ത്യക്കാരായ 110 പേര്‍ എത്തിചേര്‍ന്നത്. എത്തിയവരില്‍ ഏഴ് പേര്‍ മാത്രമാണ് മലയാളികള്‍. ബാക്കിയുളളവര്‍ തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇവരില്‍ പലരുടെ കൈവശവും നാട്ടില്‍ എത്തുന്നതിനുളള പണം പോലുമുണ്ടായിരുന്നില്ല. തുടര്‍ന്ന് നോര്‍ക്കയാണ് എല്ലാവര്‍ക്കും യാത്രാ ചെലവിലേക്ക് രണ്ടായിരം രൂപ വീതം നല്‍കിയത്. രേഖകളൊന്നും ഇല്ലാത്തതുമൂലം നാട്ടിലെത്തിയവരില്‍ പലരും മൂന്ന് മാസം വരെ ജയിലില്‍ കിടന്നവരാണ്. പലര്‍ക്കും റിക്രൂട്ടിംഗ് ഏജന്‍സികള്‍ പറഞ്ഞ പ്രകാരമുളള തൊഴിലോ ശമ്പളമോ സഊദിയിലെത്തിയപ്പോള്‍ ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് ഇവരില്‍ ഏറെ പേരും സ്‌പോണ്‍സര്‍മാരെ കൈവിട്ട് മറ്റിടങ്ങളില്‍ ജോലി ചെയ്യുന്നതിനിടെ പോലീസിന്റെ പിടിയിലായത്. തിരിച്ചുവന്നവരില്‍ ഏക വനിതയായ തമിഴ്‌നാട് സ്വദേശിനി സെലീന ഇക്കഴിഞ്ഞ മെയ് 27 നാണ് വീട്ടുജോലിക്കായി സൗഊദിയിലെത്തിയത്. എന്നാല്‍ അവിടെ ചെന്നപ്പോള്‍ ഭക്ഷണം മാത്രമാണ് നല്‍കിയത്. ശമ്പളം ഇവരെ കൊണ്ടുവന്നയാള്‍ നേരത്തേ കൈപ്പറ്റിയെന്നാണ് വീട്ടുടമ വെളിപ്പെടുത്തിയത്. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് ആറ് വീടുകളില്‍ മാറി മാറി ജോലി ചെയ്‌തെങ്കിലും ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് തന്നെ കൊന്നാലും ഇനി ജോലി ചെയ്യില്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ജയിലില്‍ മറ്റൊരു തടവുകാരനെ കാണാനെത്തിയയാള്‍ക്ക് തന്റെ ഏക സമ്പാദ്യമായ മൂക്കുത്തി 800 റിയാലിന് വില്‍പ്പന നടത്തിയാണ് നാട്ടിലേക്ക് വരുന്നതിന് പൈസ കണ്ടെത്തിയതെന്നും സെലീന പറഞ്ഞു. ഇന്നലെ വന്നവരെല്ലാം എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിലാണ് നാട്ടിലേക്ക് എത്തിയത്. അതുകൊണ്ടു തന്ന ഇവര്‍ക്കൊന്നും തിരികെ സഊദിയിലേക്ക് പോകുവാനും കഴിയില്ല.

---- facebook comment plugin here -----

Latest