Connect with us

Wayanad

അധികൃതരുടെ അനാസ്ഥ: പൂക്കോട് തടാകം അവഗണനയില്‍ നശിക്കുന്നു

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൂക്കോട് തടാകത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യറാകുന്നില്ല. പൂക്കോട് തടാകത്തിലെ പായല്‍ നീക്കാന്‍ നടപടിയില്ല. പായല്‍ മൂടികിടക്കുന്നതിനാല്‍ പെഡല്‍ബോട്ട് ഉപയോഗിക്കുന്ന സഞ്ചാരികള്‍ക്ക് തടാകം മുഴുവന്‍ ചുറ്റിക്കാണാനുള്ള അവസരമാണ് നഷ്ടമാകുന്നത്.
കഴിഞ്ഞ വര്‍ഷം പായല്‍ നീക്കം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ പകുതി പായല്‍ മാത്രമാണ് നീക്കം ചെയ്തത്.പ്രതിദിനം ലക്ഷങ്ങളുടെ വരുമാനം ഡിടിപിസിക്ക് ലഭിക്കുമ്പോഴും തടാകം ചുറ്റിക്കാണുന്നതിനായി ആവശ്യത്തിന് ബോട്ടുകളോ സഞ്ചാരികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളോ ഇവിടെയില്ല. 15 വര്‍ഷം പഴക്കമുള്ള പെഡല്‍ ബോട്ടുകള്‍ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. 200 രൂപയാണ് ഫീസ്.
നാലു പേര്‍ക്ക് കയറാവുന്ന പെഡല്‍ ബോട്ടില്‍ നാലുപേരില്‍ കൂടുതല്‍ പേരെ കയറ്റുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. ഏഴു സിറ്റ് ബോട്ടുകളുടെ സീറ്റുകള്‍ മുഴുവന്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. 525 കിലോഗ്രാം മാത്രമേ ബോട്ടില്‍ കയറ്റാന്‍ പാടുള്ളൂ എന്നാണ് നിയമം. ഇതു പലപ്പോഴും ലംഘിക്കപ്പെടുന്നു. ഓവര്‍ ലോഡുമായി ബോട്ടിങ് നടത്തുന്നത് അപകടത്തിന് കാരണമാകുമെന്ന് ജീവനക്കാര്‍ പരാതിപ്പെടുമ്പോഴും അധികൃതര്‍ അവഗണിക്കുകയാണ്. കുട്ടികള്‍ക്ക് ധരിക്കാനുള്ള ജാക്കറ്റ് ഇതുവരെയും കൊണ്ടുവന്നിട്ടില്ല. കുട്ടികള്‍ക്ക് ജാക്കറ്റ് ഇല്ലാത്തതിനാല്‍ പെഡല്‍ബോട്ട് കുട്ടികളുമായി വരുന്ന കുടുംബങ്ങള്‍ക്ക് നല്‍കുന്നില്ല. ഏഴു തുഴബോട്ടുകളും 10 പെഡല്‍ ബോട്ടുകളുമാണ് പ്രവര്‍ത്തനയോഗ്യം.
തടാകത്തിലേക്കുള്ള കാഴ്ച മറക്കുന്ന രീതിയിലാണ് ലൈഫ് ജാക്കറ്റുകള്‍ സൂക്ഷിക്കാന്‍ ടിക്കറ്റ് കൗണ്ടറിനോട് ചേര്‍ന്ന് നിര്‍മാണപ്രവര്‍ത്തി നടക്കുന്നത്. തടാകത്തിന്റെ സംരക്ഷണത്തിനായി നിയമസഭാ പരിസ്ഥിതി സമിതി നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാനും അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. തടാകത്തിന്റെ ശോച്യാവസ്ഥ നേരിട്ട് കണ്ടതിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ക്ക് സമിതി നല്‍കിയ നിര്‍ദേശങ്ങളാണ് പാലിക്കപ്പെടാത്തത്. തടാകവും പരിസരവും അളന്നുതിരിച്ച് അതിര്‍ത്തി നിര്‍ണയിക്കുക, പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ അടിയുന്നത് ഒഴിവാക്കുക, പരിസരങ്ങളിലെ കൃഷിയും നിര്‍മാണങ്ങളും നിയന്ത്രിച്ച് തടാകത്തിലേക്കുള്ള മണ്ണൊലിപ്പ് തടയുക, തടാകത്തില്‍ അടിഞ്ഞുകൂടിയ മണ്ണ് യന്ത്രസഹായമില്ലാതെ നീക്കം ചെയ്യുക തുടങ്ങിയവയാണ് 2012ല്‍ സമിതി നല്‍കിയ നിര്‍ദേശം. പായലും ചളിയും അടിഞ്ഞ് കൂടി തടാകത്തിന്റെ വിസ്തൃതി വര്‍ഷംതോറും കുറയുന്നതായി പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നുള്ള സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.
വടക്കുഭാഗത്ത് ഏകദേശം 60 ശതമാനം ആഴം കുറഞ്ഞു. പത്തു മീറ്റര്‍ ആഴമുണ്ടായിരുന്ന തടാകമിപ്പോള്‍ നാലു മീറ്ററായി. ഫിഷറിസ് വകുപ്പും ഡിടിപിസിയും തടാകസംരക്ഷത്തിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിലെങ്കില്‍ നഷ്ടമാകുന്നത് പൂക്കോട് തടാകത്തിന്റെ സൗന്ദര്യമാണ്.

Latest