Connect with us

Malappuram

അധികാരം രാഷ്ട്രീയ കളിക്ക് വേണ്ടിയല്ല; കുഞ്ഞാലിക്കുട്ടി

Published

|

Last Updated

തിരൂര്‍: അധികാരം രാഷ്ട്രീയക്കളിക്കു വേണ്ടിയല്ലെന്നും ജനങ്ങള്‍ക്കു വേണ്ടിയാകണം രാഷ്ട്രീയമെന്നും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനപ്രതിനിധികള്‍ അധികാരത്തിലിരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഗുണമുള്ള വികസന പ്രവര്‍ത്തനമാണ് കാഴ്ച്ചവെക്കേണ്ടത്. സംസ്ഥാനം ഐ ടിയില്‍ വന്‍ കുതിച്ച് ചാട്ടമാണ് നടത്തുന്നത്. ഐ ടിയിലെ കേരളത്തിന്റെ മികവിന് ഏര്‍പ്പെടുത്തിയ ഡിജിറ്റല്‍ സ്റ്റേറ്റ് അവാര്‍ഡ് ലഭിക്കുന്നതിന് കാരണമായത് ഇത്തരം വികസനങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആധുനിക രീതിയില്‍ നവീകരിച്ച കെ അബൂബക്കര്‍ സാഹിബ് സ്മാരക നഗരസഭ ബസ്സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ നഗരകാര്യ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷത വഹിച്ചു. ബസ് സ്റ്റാന്‍ഡ് നാമകരണ ഔദ്യോഗിക പ്രഖ്യാപനവും നിരീക്ഷണ ക്യാമറ സംവിധാനത്തിന്റെ ഉദ്ഘാടനവും ഇ ടി മുഹമ്മദ് ബശീര്‍ എം പി നിര്‍വഹിച്ചു. ഉപഹാര സമര്‍പ്പണം എം എല്‍ എമാരായ സി മമ്മുട്ടി, അബ്ദുര്‍റഹിമാന്‍ രണ്ടത്താണി, അഡ്വ. എന്‍ ഷംസുദ്ദീന്‍ എന്നിവര്‍ നിര്‍വഹിച്ചു. 69 ലക്ഷം ലോക ബേങ്ക് ധന സഹായവും നഗരസഭയുടെ തനത് ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 10 ലക്ഷവും സ്വകാര്യ പങ്കാളിത്തത്തോടെ സ്വരൂപിച്ച തുകയുമടക്കം 1.25 കോടി ചെലവഴിച്ചാണ് ബസ് സ്റ്റാന്‍ഡ് നവീകരണം പൂര്‍ത്തിയാക്കിയത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ സഫിയ ടീച്ചര്‍, വൈസ് ചെയര്‍മാന്‍ പി രാമന്‍കുട്ടി, സ്ഥിരസമിതി അധ്യക്ഷന്മാരായ അനിത കല്ലേരി, പി ഐ റൈഹാനത്ത്, പി മുഹമ്മദ് കുട്ടി എന്ന അബ്ദു, ഡോ. എം പി കുഞ്ഞീര്യം തുടങ്ങിയവര്‍ സംസാരിച്ചു.

Latest