Connect with us

Kerala

സിറാജ് വാര്‍ഷികപ്പതിപ്പ് 2015 പ്രകാശനം ചെയ്തു

Published

|

Last Updated

കോഴിക്കോട്: മാതൃത്വത്തിന് അപചയം സംഭവിക്കുന്നുണ്ടോ? മക്കളെ നൊന്തുപെറ്റുവെന്ന് പറയാന്‍ അമ്മമാര്‍ക്ക് കഴിയാതെ പോകുകയാണോ? നവകാലക്രമത്തില്‍ മാതൃത്വം നേരിടുന്ന പ്രതിസന്ധിയിലേക്ക് ആഴ്ന്നിറങ്ങുന്ന പഠനവുമായി സിറാജ് വാര്‍ഷികപ്പതിപ്പ് 2015 പുറത്തിറങ്ങി. കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ നടക്കുന്ന എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ വാര്‍ഷികപ്പതിപ്പ് പ്രകാശനം ചെയ്തു. പൗരപ്രമുഖന്‍ സുലൈമാന്‍ കാരാട് ആദ്യപ്രതി ഏറ്റുവാങ്ങി. സിറാജ് മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല പതിപ്പ് പരിചയപ്പെടുത്തി.

മാതൃത്വത്തിന്റെ വിവിധതലങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്ന വാര്‍ഷികപ്പതിപ്പില്‍ പ്രമുഖരായ എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും അവരുടെ അമ്മാരെക്കുറിച്ച് സംസാരിക്കുന്നു. സാഹിത്യം, സിനിമ, ഗാനങ്ങള്‍ തുടങ്ങിയവയിലെ മാതൃസാന്നിധ്യവും പതിപ്പ് വിശകലനം ചെയ്യുന്നുണ്ട്.

സംസ്ഥാനത്ത് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രി വ്യത്യാസമില്ലാതെ സിസേറിയന്‍ നിരക്ക് ക്രമാതീതമായി ഉയരുന്നതായി വാര്‍ഷികപ്പതിപ്പിന് വേണ്ടി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സിസേറിയന്‍ കണക്കുകളിലെ പൊരുത്തമില്ലാത്ത വര്‍ധന ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടെങ്കിലും ഇതൊന്നും ഫലപ്രദമായില്ലെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നത്. 0സിസേറിയന്‍ വര്‍ധിച്ച ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതല്ലാതെ മറ്റു തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ല. സംസ്ഥാനത്തെ മൊത്തം സിസേറിയനുകള്‍ ശരാശരി 39.8 ശതമാനമാണ്. ഉയര്‍ന്ന നിരക്ക് എറണാകുളം ജില്ലയില്‍. 57 ശതമാനം. വയനാട്, കാസര്‍കോട് ജില്ലകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റിടങ്ങളിലെല്ലാം ലോകാരോഗ്യസംഘടനയുടെ പരിധിയായ മുപ്പത് ശതമാനത്തിന് മുകളിലാണ്. സിറാജ് വാര്‍ഷികപ്പതിപ്പില്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപമുണ്ട്.