Connect with us

Kerala

കലാകിരീടത്തില്‍ മലപ്പുറത്തിന്റെ പതിനെട്ടാമത് മുത്തം

Published

|

Last Updated

മര്‍കസ് നഗര്‍: സ്വര രാഗ മദ്ഹ് ഗീതങ്ങളുടെ പേമാരി പെയ്‌തൊഴിഞ്ഞപ്പോള്‍ കലാ കിരീടത്തില്‍ മലപ്പുറം മുത്തമിട്ടു. ഇസ്‌ലാമിക സാഹിത്യത്തെ അവയുടെ സാംസ്‌കാരിക പൈതൃകത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന എസ് എസ് എഫ് സാഹിത്യോത്സവിന്റെ ഇരുപത്തിരണ്ടാം പതിപ്പ് ധര്‍മാധിഷ്ഠിത സാഹിത്യത്തിന്റെ വിളംബരം മുഴക്കിയാണ് മര്‍കസ് നഗരിയില്‍ കൊടിയിറങ്ങിയത്. ഗൗരവമുള്ള കലാസ്വാദനത്തിനപ്പുറം കേരളീയ കലകളില്‍ ഇസ്‌ലാമിക മാനം കണ്ടെത്തിയ മത്സരത്തില്‍ 590 പോയിന്റ് നേടിയാണ് മലപ്പുറം കിരീട നേട്ടം ആവര്‍ത്തിച്ചത്. 455 പോയിന്റ് നേടിയ കണ്ണൂര്‍, 447 പോയിന്റ് നേടിയ കോഴിക്കോട് ജില്ലകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.
കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ആദില്‍ റഹ്മാന്‍ സാഹിത്യോത്സവിന്റെ കലാപ്രതിഭാ പട്ടം ചൂടി. ക്യാമ്പസ് പ്രതിഭയായി മലപ്പുറം ജില്ലയില്‍ നിന്നുള്ള സി കെ റഷീദും തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സംഘഗാനത്തോടെയാണ് മത്സരങ്ങള്‍ക്ക് സമാപനമായത്.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാര്‍ക്ക് കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറയും മൂന്നാം സ്ഥാനക്കാര്‍ക്ക് സി മുഹമ്മദ് ഫൈസിയും ട്രോഫികള്‍ നല്‍കി.
പ്രതിഭകള്‍ക്ക് വി ടി ബല്‍റാം എം എല്‍ എ, ഒ എം എ റശീദ് ഹാജി പുരസ്‌കാരം സമര്‍പ്പിച്ചു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. വി ടി ബല്‍റാം എം എല്‍ എ മുഖ്യാതിഥിയായിരുന്നു. ഇരുപത്തിമൂന്നാം സംസ്ഥാന സാഹിത്യോത്സവിന് വേദിയാകുന്ന നീലഗിരി ജില്ലാ ഭാരവാഹികള്‍ക്ക് എസ് എസ് എഫിന്റെ ത്രിവര്‍ണ പതാക കാന്തപുരം കൈമാറി.
കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഹുസൈന്‍ സഖാഫി പടനിലം, മുഖ്താര്‍ ഹസ്രത്ത്, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, മജീദ് കക്കാട്, എ മുഹമ്മദ് പറവൂര്‍, എം മുഹമ്മദ് സ്വാദിഖ്, കെ അബ്ദുല്‍ കലാം, ഇ യഅ്കൂബ് ഫൈസി, വി എം കോയ മാസ്റ്റര്‍ സംബന്ധിച്ചു. മുഹമ്മദലി കിനാലൂര്‍ സ്വാഗതവും സമദ് സഖാഫി മായനാട് നന്ദിയും പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം നാലിന് മന്ത്രി മഞ്ഞളാംകുഴി അലിയാണ് സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി ശ്രദ്ധേയമായ ഇടപെടന്‍ നടത്തിയ എം എ റഹ്മാന് സാഹിത്യോത്സവ് പുരസ്‌കാരം തമിഴ് സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ സമര്‍പ്പിച്ചു. വിദ്യാഭ്യാസ അവാര്‍ഡ്ദാനം എ പി അബ്ദുല്‍കരീം ഹാജി ചാലിയം നിര്‍വഹിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവായ മര്‍കസ് അധ്യാപകന്‍ നിയാസ് ചോലയെ ചടങ്ങില്‍ ആദരിച്ചു.