Connect with us

Editorial

'സ്വാഭാവിക മരണ 'വും കാത്ത്

Published

|

Last Updated

വിവാദമായ ഭൂമിഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിന് പകരംവെക്കാനുള്ള നിയമ നിര്‍മാണ നടപടികള്‍ സുഗമമായി നടത്താന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ട നരേന്ദ്ര മോദി സര്‍ക്കാര്‍, ഓര്‍ഡിനന്‍സിനെ “സ്വാഭാവിക മരണ”ത്തിന് വിടുകയാണ്. രണ്ടാം യു പി എ സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സില്‍, പിന്നീട് അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് ഓര്‍ഡിനന്‍സിനെതിരെ രംഗത്ത് വന്നത്. ഇത് സംബന്ധിച്ച് രാഷ്ട്രീയപാര്‍ട്ടികളുമായി സര്‍ക്കാര്‍ സമവായ സാധ്യതകള്‍ തേടിയിരുന്നു. പക്ഷേ ശ്രമം വൃഥാവിലായി. ഈ സാഹചര്യത്തിലാണ് ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസ, പുനഃക്രമീകരണ ഓര്‍ഡിനന്‍സ്-2015നെ സ്വാഭാവിക മരണത്തിന് വിടാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചത്. ഭൂമി ഏറ്റെടുക്കലിന് ഓരോ സംസ്ഥാനവും അവരുടെ ഭൂനിയമം തയ്യാറാക്കട്ടെയെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ്-2015, ചരക്ക് സേവന നികുതി സമ്പ്രദായം കൊണ്ടുവരാനുള്ള ജി എസ് ടി ബില്‍ തുടങ്ങിയ സുപ്രധാന നിയമ നിര്‍മാണങ്ങളെ കോണ്‍ഗ്രസ് രാഷ്ട്രീയലാക്കോടെ എതിര്‍ക്കുന്നതായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗാഡ്കരി ആരോപിച്ചിട്ടുണ്ട്. കേന്ദ്ര ഭരണം നഷ്ടമായതിലുള്ള നടുക്കത്തില്‍ നിന്നും ഒരു വര്‍ഷം കഴിഞ്ഞിട്ടും കോണ്‍ഗ്രസ് മുക്തമായിട്ടില്ല. മോദി സര്‍ക്കാറിന്റെ നിയമ നിര്‍മാണങ്ങളടക്കമുള്ള നടപടികളോട് കോണ്‍ഗ്രസ് നിഷേധാത്മക സമീപനമാണ് കൈക്കൊള്ളുന്നതെന്നും ഗാഡ്കരി ആരോപിക്കുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും കര്‍ണാടകയിലെ ബെംഗളൂരുവിലും ഈയിടെ നടന്ന മുനിസിപ്പല്‍, കോര്‍പറേഷന്‍ തിരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടി കോണ്‍ഗ്രസിന്റെ നിഷേധാത്മക നിലപാടുകള്‍ക്കെതിരായ മുന്നറിയിപ്പാണെന്നും പ്രധാനമന്ത്രിയടക്കമുള്ളവര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ഓര്‍മിപ്പിക്കുന്നു.
മൂന്ന് വട്ടം ഇറക്കിയ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിന്റെ കാലാവധി ഈ മാസം 31ന് അവസാനിക്കുകയാണ്. യു പി എ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിലെ കര്‍ഷക സൗഹൃദ വ്യവസ്ഥകള്‍ മോദി സര്‍ക്കാര്‍ അട്ടിമറിച്ചതിലാണ് കോണ്‍ഗ്രസിന്റെ എതിര്‍പ്പ്. ജി എസ് ടി ബില്‍ എങ്ങനേയും പാസാക്കിയെടുക്കാന്‍ പാര്‍ലിമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാന്‍ കേന്ദ്രത്തിന് ഉദ്ദേശ്യമുണ്ട്. പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിച്ചിട്ടും സമ്മേളനം പിരിഞ്ഞതായി വിജ്ഞാപനമിറക്കാന്‍ സര്‍ക്കാര്‍ രാഷ്ട്രപതിയോട് അഭ്യര്‍ഥിക്കാതിരുന്നതും ഇതിന്റെ ഭാഗമായാണ്. പാര്‍ലിമെന്ററി ജനാധിപത്യ ക്രമത്തില്‍ സര്‍ക്കാറും പ്രധാനമന്ത്രിയുമടക്കമുള്ളവരും പാര്‍ലിമെന്റിന് വിധേയമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു. ഒരു വര്‍ഷം പിന്നിട്ട ഭരണകാലയളവില്‍ സുപ്രധാന പ്രശ്‌നങ്ങളിലൊന്നും പ്രധാനമന്ത്രി മോദി നേരിട്ട് ഹാജരായി പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കും ആശങ്കകള്‍ക്കും മറുപടി പറഞ്ഞിട്ടില്ല. മന്‍മോഹന്‍ സിംഗ് നയിച്ച യു പി എ സര്‍ക്കാറിന്റെ നിലപാടും പലപ്പോഴും മറിച്ചായിരുന്നില്ല.
കോണ്‍ഗ്രസ് രൂപകല്‍പനചെയ്ത ഭൂമി ഏറ്റെടുക്കല്‍ നിയമം-2013ന് ഭേദഗതികള്‍ കൊണ്ടുവന്നത് ഗാഡ്കരിയാണ്. ഭേദഗതികളെ ശക്തിയായി ന്യായീകരിച്ച അദ്ദേഹം, ഇതില്‍ തനിക്ക് ദുഃഖമില്ലെന്നും ആണയിടുന്നു. രാജ്യത്ത് സുപ്രധാന പരിഷ്‌കരണങ്ങള്‍ക്കായുള്ള നിര്‍ണായക നീക്കങ്ങളെ തടസപ്പെടുത്തുന്ന കോണ്‍ഗ്രസിന് ഇതില്‍ ദുഃഖിക്കേണ്ടിവരുമെന്നും ഗാഡ്കരി പറയുന്നു. സ്വാതന്ത്ര്യാനന്തരം പ്രധാനമന്ത്രി നെഹ്‌റുവിന് കീഴില്‍ രാജ്യം “സോഷ്യലിസ്റ്റ്” പാത പിന്തുടര്‍ന്നത് കാരണമാണ് “ഇന്ത്യയെന്ന സമ്പന്ന രാജ്യം ദരിദ്രരാല്‍ നിറഞ്ഞ”തെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തുന്നു. ഈ അവസ്ഥയില്‍ നിന്നും രാജ്യത്തെ രക്ഷപ്പെടുത്തിയെടുക്കാന്‍, ജനങ്ങളെ സമ്പന്നരും സന്തുഷ്ടരുമാക്കാന്‍ കോണ്‍ഗ്രസിന് താത്പര്യമുണ്ടെങ്കില്‍ അവര്‍ ബി ജെ പി സര്‍ക്കാറിന്റെ നയ നിലപാടുകളോടുള്ള നിഷേധാത്മക സമീപനം ഉപേക്ഷിക്കണമെന്നും ഗാഡ്കരി ആഗ്രഹിക്കുന്നുവെന്ന് ചുരുക്കം. “ഗരീബി ഹഠാഓ”യില്‍ തുടങ്ങിയ കോണ്‍ഗ്രസ് അഞ്ച് പതിറ്റാണ്ട് ഭരിച്ചിട്ടും സാധാരണക്കാരായ ജനങ്ങളുടെ പട്ടിണിയകറ്റുന്നതില്‍ പരാജയപ്പെട്ടു. പിന്നാലെ വന്ന എ ബി വാജ്‌പേയിയുടെ എന്‍ ഡി എ സര്‍ക്കാര്‍ “ഇന്ത്യ തിളങ്ങുന്നു”വെന്ന് കണ്ടപ്പോഴും മഹാഭൂരിപക്ഷവും കൂരാക്കൂരിരുട്ടിലായിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഹയാത്രികരും ” ഇന്ത്യക്ക് നല്ലകാലം വരുന്ന”ത് നോക്കികാണുന്നു. എന്നാല്‍ അതിനിടയില്‍, പുത്തരിയില്‍ തന്നെ കല്ലുകടിയെന്ന് പറഞ്ഞതുപോലെ പല മോദി ഭക്തന്മാര്‍ക്കും ഒന്നും കാണാന്‍ കഴിയുന്നില്ല. ഇനി എത്രകാലം അതിനായി കാത്തിരിക്കണമെന്ന് പ്രവചിക്കാനുമാകുന്നില്ല. അതിനിടയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും അവര്‍ “വിജയ മന്ത്രം” ഉപദേശിച്ചു. മോദി സര്‍ക്കാറിനോടുള്ള നിഷേധാത്മക നിലപാടുകള്‍ ഉപേക്ഷിക്കുക: അടുത്ത വിജയം നിങ്ങള്‍ക്ക് തന്നെ!

---- facebook comment plugin here -----

Latest