Connect with us

Articles

ആ തിങ്കളാഴ്ചക്ക് എന്തായിരുന്നു കുഴപ്പം ?

Published

|

Last Updated

ഓഹരി വിപണിയിലെ സൂചകങ്ങള്‍ ഒന്നടങ്കം കൂപ്പു കുത്തിയ കഴിഞ്ഞ തിങ്കളാഴ്ചയെ ആഗോള മാധ്യമങ്ങള്‍ വിളിച്ചത് കറുത്ത തിങ്കളെന്നാണ്. ചോര ചിന്തിയ തിങ്കള്‍ എന്നും കണ്ണീര്‍ തിങ്കള്‍ എന്നുമെല്ലാം വിശേഷണങ്ങള്‍ വന്നു. ഓരോ ദിനവും തികച്ചും പുതിയതും അത്‌കൊണ്ട് തന്നെ തിളക്കമാര്‍ന്നതുമാണ്. എന്നാല്‍ അവ മനോഹരവും വര്‍ണശബളവും ആകുന്നത് ഓരോരുത്തരുടെയും മാനസികാവസ്ഥക്കനുസരിച്ചാണ്. കുഴപ്പം ദിവസങ്ങള്‍ക്കല്ല, അതിലൂടെ കടന്ന് പോകുന്നവര്‍ക്കാണെന്ന് ചുരുക്കം. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുഴപ്പമാണ് വിപണിയില്‍ കഴിഞ്ഞ വാരാദ്യത്തില്‍ സംഭവിച്ചത്. ഓഹരി വിപണിയും അതിനനുബന്ധമായ സംവിധാനങ്ങളും എത്രത്തോളം അതിവൈകാരികവും ദുര്‍ബലവും പരാശ്രിതവുമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായിരുന്നു ആ പതനം. ഈ കൊട്ടാരം ആര്‍ക്കു വേണമെങ്കിലും ഒരു വിരലനക്കം കൊണ്ട് തകര്‍ത്തെറിയാനാകും. കാരണം ഇത് പണിതുയര്‍ത്തിയിരിക്കുന്നത് അത്യന്തം ദുര്‍ബലമായ ആത്മവിശ്വാസത്തിന്റെ പുറത്താണ്. ഈ ചീട്ടു കൊട്ടാരത്തിന്റെ ഭിത്തികളിലും മച്ചിലും അരക്ക് നിറച്ചിരിക്കുന്നു. ഒരു ചെറു തീപ്പൊരി മതി എല്ലാം ചാമ്പലാകാന്‍. ഇത്തവണത്തെ തീപ്പൊരി വന്നത് ചൈനയില്‍ നിന്നാണ്. അത് വരുത്തിവെച്ച വിനാശം ആഗോളമാകയാല്‍ ആഗോളമാന്ദ്യത്തിന്റെ കാലൊച്ചയാണ് തിങ്കളാഴ്ച കേട്ടതെന്ന് വിലയിരുത്തുന്നു സാമ്പത്തിക വിദഗ്ധര്‍.
സംഭവിച്ചതിന്റെ സംഖ്യാ ചിത്രമിതാണ്. അമേരിക്കന്‍ ഡൗ ജോണ്‍സ് 1089 പോയിന്റ് ഇടിഞ്ഞു. 2008ലെ മാന്ദ്യകാലത്തെ ഡൗജോണ്‍സ് ഇടിവ് 777 പോയിന്റ് മാത്രമായിരുന്നുവെന്നോര്‍ക്കണം. ചൈനയിലെ സാമ്പത്തിക മുരടിപ്പും അവരുടെ നാണയമായ യുവാന്റെ തകര്‍ച്ചയുമാണ് പുതിയ പ്രതിസന്ധിയുടെ പ്രഭവ കേന്ദ്രമായി കണക്കാക്കപ്പെട്ടത്. ആഗോള വിപണിയിലെ തകര്‍ച്ച ഇന്ത്യന്‍ ഓഹരി സൂചികകളെയും തകര്‍ത്തു. 1,624.51 പോയിന്റ് താഴ്ന്ന് 25741.56ലാണ് ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 490.95 പോയന്റ് തകര്‍ന്ന് 7809ലും. ബി എസ് ഇയില്‍ 2477 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. ആറ് ശതമാനത്തിന്റെ ഇടിവാണ് സെന്‍സെക്‌സില്‍ രേഖപ്പെടുത്തിയത്. ഒരൊറ്റ ദിവസത്തില്‍ തന്നെ ഇത്രയും വലിയ തകര്‍ച്ച വിപണികള്‍ നേരിടുന്നത് ഏഴ് വര്‍ഷത്തിനിടെ ഇതാദ്യമായിരുന്നു. തകര്‍ച്ചയില്‍ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഏഴ് ലക്ഷം കോടി രൂപയുടെ ഇടിവാണുണ്ടായത്. രൂപയുടെ മൂല്യം 0.9 ശതമാനം ഇടിഞ്ഞു. യൂറോപ്യന്‍ സ്റ്റോക്കുകളില്‍ അഞ്ച് ശതമാനം ഇടിവാണുണ്ടായത്. വാള്‍സ്ട്രീറ്റിലും സമാനമായ ഇടിവുണ്ടായി. ഏഷ്യന്‍ ഓഹരികള്‍ക്ക് മൂന്ന് വര്‍ഷത്തെ ഏറ്റവും വലിയ നഷ്ടമാണ് അനുഭവപ്പെട്ടത്. ക്രൂഡ് വില നാല് ശതമാനം കുറയുകയും ചെയ്തു.
2007-08ലെ സാമ്പത്തിക മാന്ദ്യത്തിന്റെ പ്രഭവ കേന്ദ്രം അമേരിക്കയായിരുന്നു. വന്‍ തുക ഭവന വായ്പ നല്‍കി, തിരിച്ചു കിട്ടാനാകാതെ നട്ടം തിരിഞ്ഞ വന്‍കിട ബേങ്കുകളില്‍ നിന്നാണ് അത് തുടങ്ങിയത്. മിക്ക രാജ്യങ്ങളുടെയും നീക്കിയിരിപ്പ് തുക നിലകൊളളുന്ന ഡോളറിന് സംഭവിച്ച പതനം ആഗോള വ്യാപാര പ്രതീക്ഷകളെ അട്ടിമറിച്ചു. ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനാകാതെ വ്യവസായ സ്ഥാപനങ്ങള്‍ വലഞ്ഞു. പതിനായിരക്കണക്കായ മനുഷ്യര്‍ തൊഴില്‍രഹിതരായി. സര്‍ക്കാറുകള്‍ രക്ഷാ പാക്കേജുകള്‍ ഇടിച്ചു തള്ളിയിട്ടും വിപണിയില്‍ ആത്മവിശ്വാസം തിരിച്ചു പിടിക്കാനായില്ല. അമേരിക്കയുടെ അതിരുകള്‍ ആഗോളമാകുന്നതാണ് കണ്ടത്. അന്ന് പിടിച്ചു നിന്ന രാജ്യമാണ് ചൈന. ശക്തമായ പൊതു മേഖലയുടെ സാന്നിധ്യമാണ് ഈ ഏഷ്യന്‍ സിംഹത്തെ അതിന് പ്രാപ്തമാക്കിയത്. നിയന്ത്രിത വിപണിയുടെ ഗുണമതാണ്. എന്നാല്‍ ഒന്നാം രാഷ്ട്രമാകാനുള്ള വെമ്പലില്‍ ചൈന ഗുരുതരമായ ചില ഗതിമാറ്റങ്ങള്‍ നടത്തി. അമേരിക്ക കുഴിച്ച കുഴിയില്‍ അത് വീണുവെന്ന് പറയുന്നതാകും ശരി.
കമ്യൂണിസ്റ്റ് സാമ്പത്തിക പതിവുകളില്‍ നിന്ന് പുതിയ വഴികളിലേക്ക് വെച്ചു പിടിച്ച ചൈന വിപണിയെ കൂടുതല്‍ വിശ്വസിച്ചു. ഓഹരി വിപണിയില്‍ കൂടുതല്‍ പണമിറക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. സര്‍ക്കാറും അതിന്റെ എല്ലാ തരം നീക്കിയിരിപ്പും വിപണിയിലിറക്കി. കയറ്റുമതിയിലായിരുന്നു ശ്രദ്ധ മുഴുവന്‍. ലോക ഉത്പാദനത്തിന്റെ 15 ശതമാനവും വരുന്ന ചൈനക്ക് ആത്മവിശ്വാസം മാത്രമാണ് ഉണ്ടായിരുന്നത്. ഒരു ആശങ്കയും ഉണ്ടായിരുന്നില്ല. 1990കളിലെ നാണയ പ്രതിസന്ധിയെയും 2008ലെ മാന്ദ്യ കാലത്തെയും അത് അതിജീവിച്ചു. 2008ന്റെ ആഘാതമെന്ന നിലയില്‍ ഉത്പാദന വളര്‍ച്ചയില്‍ ചെറിയൊരു മന്ദഗതി മാത്രമാണ് ചൈനക്ക് നേരിടേണ്ടി വന്നത്. പക്ഷേ 2015ല്‍ എത്തുമ്പോള്‍ സ്ഥിതിഗതികള്‍ അത്ര ശോഭനമല്ല. ഉത്പാദന മേഖലയില്‍ മാന്ദ്യം വ്യക്തമാണ്. വളര്‍ച്ചാ നിരക്ക് രണ്ടക്കത്തില്‍ നിന്ന് താഴേക്ക് പോയി. കഴിഞ്ഞ ജൂണിലേതിനെ അപേക്ഷിച്ച് 30 ശതമാനമാണ് ഷാംഗ്ഹായി ഓഹരി സൂചിക ഇടിഞ്ഞത്. മുരടിപ്പിലേക്ക് നീങ്ങുകയാണ് ചൈനയെന്ന് ആശങ്കപ്പെടാവുന്ന തരത്തിലാണ് കാര്യങ്ങള്‍.
ചൈനീസ് സമ്പദ്‌വ്യവസ്ഥ ആഭ്യന്തരമായ വിറ്റുവരവിന്റെ അടിത്തറയിലല്ല നിലനില്‍ക്കുന്നത്. കറ്റുമതിയിലാണ് അത് പടുത്തുയര്‍ത്തിയത്. പുറത്ത് നിന്ന് നിര്‍ണയിക്കപ്പെടുന്ന സമ്പദ്‌വ്യവസ്ഥയാണ് ചൈനയെന്ന് ചുരുക്കം. പുറത്ത് സംഭവിക്കുന്ന ഏത് അനക്കവും ചൈനയില്‍ പ്രതിഫലിക്കുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. അത്‌കൊണ്ടാണ് യൂറോപ്യന്‍ യൂനിയനിലെ ഗ്രീസ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, അയര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഉണ്ടായ പ്രതിസന്ധി അപ്പടി വന്‍ മതിലും കടന്നെത്തിയത്. ചൈനയില്‍ ഉത്പാദിപ്പിക്കുന്നത് വാങ്ങാനുള്ള ഉപഭോഗ ത്വര അവിടുത്തെ ജനങ്ങള്‍ക്കില്ല. അവിടെ സമ്പാദ്യ പ്രവണതയും നിക്ഷേപ പ്രവണതയുമാണ് മുന്നിട്ട് നില്‍ക്കുന്നത്. 1930കളില്‍ ഗ്രേറ്റ് ഡിപ്രഷനെ വിശകലനം ചെയ്ത് ജെ എം കെയ്ന്‍സ് മുന്നോട്ട് വെച്ച സിദ്ധാന്തം ഇന്ന് ചൈനക്ക് കൂടി ചേരുന്ന നിലയില്‍ എത്തിയത് തന്നെ ആ രാജ്യത്തിന് വന്ന രൂപമാറ്റത്തിന് തെളിവാണ്. വാങ്ങല്‍ പ്രവണതയില്ലാത്ത ഒരു രാജ്യത്തെ ഉത്പാദനം വര്‍ധിക്കുന്നത് കെട്ടിക്കിടപ്പിന് (ഗ്ലട്ട്) കാരണമാകുമെന്നാണ് കെയ്ന്‍സ് പറഞ്ഞത്. മുതലാളിത്തത്തെ വിമര്‍ശിക്കുന്നു എന്ന തരത്തില്‍ ആ സാമ്പത്തിക ക്രമത്തെ താങ്ങി നിര്‍ത്താനുള്ള ഉപായങ്ങള്‍ നിര്‍ദേശിക്കുകയാണല്ലോ കെയ്ന്‍സ് ചെയ്തതത്. അദ്ദേഹം പറഞ്ഞു: സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണ്. വലിയ ഒരു മൈതാനത്തേക്ക് ജനങ്ങളെ വിളിച്ചു കൂട്ടണം. വലിയ കുഴിയെടുപ്പിക്കണം. കൂലി കൊടുക്കണം. എന്നിട്ട് മറ്റൊരു സംഘത്തെ കൊണ്ട് കൂഴി മൂടിക്കണം. അവര്‍ക്കും കൊടുക്കണം കൂലി. ഇങ്ങനെ പണം പമ്പ് ചെയ്ത് കൊടുക്കണം. ജനങ്ങളില്‍ ഉപഭോഗ പ്രവണത വര്‍ധിപ്പിക്കുക മാത്രമേ മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ പോംവഴിയുള്ളൂ.
ഈ ഉപായങ്ങളെല്ലാം ഇന്ന് “കമ്യൂണിസ്റ്റ് ചൈന”ക്കും അനിവാര്യമായിരിക്കുന്നു. ഉത്പാദന വര്‍ധനവിലൂടെ കരഗതമാകുന്ന പണം ഉത്പന്ന വിപണിയില്‍ തിരിച്ചെത്തുന്നില്ല. പകരം അത് സമ്പാദ്യമായി കുന്നു കൂടുന്നു. നിക്ഷേപമായി മാറുന്നു. ഈ സാഹചര്യത്തിന് പരിഹാരമായാണ് ചൈനീസ് സര്‍ക്കാര്‍ ഓഹരി വിപണിയില്‍ പണമെറിയുന്നതിനെ പ്രോത്സാഹിപ്പിച്ചത്. ഷാംഗ്ഹായി പോലുള്ള സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ക്ക് ഇത്ര പ്രാധാന്യം കൈവന്നത് അങ്ങനെയാണ്. പക്ഷേ സംഭവിച്ചതെന്താണ്? ഓഹരി പിപണിയുടെ സഹജഭാവം തന്നെ പ്രശ്‌നമായി. എവിടെയോ വീശുന്ന കാറ്റില്‍ ചൈന ആടിയുലയുന്ന സ്ഥിതി വന്നു. കൂപ്പു കുത്തുന്ന സൂചികകളെ പിടിച്ചു നിര്‍ത്താന്‍ പെന്‍ഷന്‍ ഫണ്ട് ഇറക്കി നോക്കി സര്‍ക്കാര്‍. ചെറിയൊരു ഉണര്‍വ് മാത്രമേ അത് സാധ്യമാക്കിയുള്ളൂ.
മുരടിപ്പ് മറികടക്കാന്‍ ചൈന പുറത്തെടുത്ത മറ്റൊരു ഉപായം യുവാനിലെ കളികളാണ്. കറന്‍സി മൂല്യം കുറച്ച് നിര്‍ത്തിയാല്‍ കയറ്റുമതി കൂടുമെന്നായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍ ഈ നടപടി ഒരു നാണയ യുദ്ധത്തിന് വഴിവെച്ചതല്ലാതെ കയറ്റുമതിയില്‍ വലിയ കുതിപ്പുണ്ടായില്ല. മാത്രമല്ല ഡോളറിനെ ഈ നടപടി ശക്തിപ്പെടുത്തുകയും ചെയ്തു. അനിശ്ചിതമായ കറന്‍സിയാണ് യുവാനെന്ന അപഖ്യാതി മാത്രമായിരുന്നു ഇതിന്റെ ആത്യന്തിക ഫലം. പ്രതിസന്ധി ആഴത്തിലാണെന്ന പ്രതീതിയാണ് ഇതുണ്ടാക്കിയത്. ഓഹരി വിപണിയില്‍ വലിയ വലിയ ഭൂകമ്പങ്ങള്‍ക്ക് അതി വഴി വെച്ചു.
മറ്റൊരു പ്രധാന സംഗതി കൂടി കാണേണ്ടതുണ്ട്. സാംസംഗ്, ആപ്പിള്‍ പോലുള്ള നിരവധി കമ്പനികളുടെ ഉത്പാദന കേന്ദ്രങ്ങള്‍ ചൈനയിലുണ്ട്. തുച്ഛമായ വിലക്ക് ലഭിക്കുന്ന തൊഴില്‍ ശേഷി തന്നെയാണ് ഇവയെ ചൈനയിലേക്ക് ആകര്‍ഷിക്കുന്നത്. ഈ കമ്പനികളുടെ കൂടി എല്ലുറപ്പിലാണ് ചൈന രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായി നിലകൊള്ളുന്നത്. ഇത്തരം കമ്പനികളെ ആകര്‍ഷിക്കാനായി അടിസ്ഥാന സൗകര്യ മേഖലയില്‍ ചൈന ഭീമന്‍ മുതല്‍ മുടക്ക് നടത്തി വരികയായിരുന്നു. ഇന്നത്തേക്കല്ല, പത്തും മുപ്പതും വര്‍ഷങ്ങളള്‍ മുന്നിലേക്ക് കണ്ടാണ് ഈ മുതല്‍ മുടക്ക്. വമ്പന്‍ നിര്‍മിതികള്‍, റോഡുകള്‍, പാലങ്ങള്‍, തുറമുഖങ്ങള്‍. ജനവാസം കുറഞ്ഞ മേഖലകളിലെല്ലാം കൂറ്റന്‍ കെട്ടിടങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഈ വികസന കുതിപ്പ് കമ്പോളത്തിലേക്ക് തള്ളിയ പണം സമ്പദ്‌വ്യവസ്ഥക്ക് ചടുലമായ മുഖം സമ്മാനിച്ചിരുന്നു. ഇപ്പോള്‍ വികസനം അതിന്റെ പാരമ്യത്തില്‍ എത്തി നില്‍ക്കുകയാണ്. ഈ വഴിയടഞ്ഞ് നില്‍പ്പ് വളര്‍ച്ചാ മുരടിപ്പിന്റെ ചിത്രമാണ് സൃഷ്ടിക്കുന്നത്. ഈ ചിത്രമാണ് വിപണിയെ ഹതാശമാക്കിയത്. ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലും അതിന്റെ പ്രതിഫലനങ്ങളുണ്ടായതോടെ തകര്‍ച്ചയുടെ തിങ്കളാഴ്ച പിറക്കുകയായിരുന്നു.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest