Connect with us

National

ഹിന്ദു കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ ഓര്‍ഡിനന്‍സ് വരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലും അസാമിലും അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അയല്‍ രാജ്യങ്ങളില്‍ നിന്നും കുടിയേറിയെത്തിയ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നു. ഇതിനായി പൗരത്വ നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനാണ് സര്‍ക്കാറിന്റെ നീക്കം. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റ പ്രവാഹത്തെക്കുറിച്ചാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു വിഭാഗത്തിലുള്ള കുടിയേറ്റമാണ് സര്‍ക്കാര്‍ ഊന്നുന്നത്. ബംഗ്ലാദേശില്‍ നിന്ന് പശ്ചിമ ബംഗാളിലേക്കും ആസാമിലേക്കും വന്‍തോതില്‍ കുടിയേറിയ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്നതാണ് ഓര്‍ഡിനന്‍സ് ലക്ഷ്യമിടുന്നത്. ഇരു സംസ്ഥാനങ്ങളിലും അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയം നേട്ടം ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് വ്യക്തം. കുടിയേറ്റക്കാര്‍ക്ക് സ്വാഭാവിക പൗരത്വം നല്‍കുന്നതിനുള്ള സാധ്യതയാണ് സര്‍ക്കാര്‍ ആരായുന്നത്. പൗരത്വ നിയമ ഭേദഗതി ബില്‍ പാസ്സാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. ആര്‍ക്ക്, എന്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കണമെന്ന് വ്യക്തമാക്കേണ്ടതിനാല്‍ സങ്കീര്‍ണമായ വിഷയമാണിത്. അഭയാര്‍ഥികളായ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധിസ്റ്റ്, ചക്മ വിഭാഗത്തില് പെട്ടവര്‍ക്ക് പൗരത്വം നല്‍കുന്നത് പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രാലയം പ്രത്യേക വിഭാഗത്തെ നിയമിച്ചിട്ടുണ്ട്. ഹിന്ദു കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള നിയമ ഭേദഗതി പാര്‍ലിമെന്റില്‍ പ്രതിഷേധത്തിനിടയാക്കുമെന്ന് ഉറപ്പാണെങ്കിലും അടുത്ത ശൈത്യകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ച് അസാം, ബംഗാള്‍ എന്നിവിടങ്ങളിലെ ഹിന്ദു കുടിയേറ്റക്കാരെ പ്രീതിപ്പെടുത്താനും അതുവഴി അവരെ ബി ജെ പിയോട് ചേര്‍ത്തു നിര്‍ത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാറിന് ഹിന്ദു കുടിയേറ്റക്കാരുടെ കാര്യത്തില്‍ ശ്രദ്ധയുണ്ടെന്ന സന്ദേശം നല്‍കുകയാണ് ലക്ഷ്യം. അടുത്ത വര്‍ഷം ഏപ്രിലിലാണ് ഇരുസംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിന് മുമ്പ് ബില്ല് സഭയില്‍ വെക്കാനാണ് സര്‍ക്കാറിന്റെ പദ്ധതി. ശൈത്യകാല സമ്മേളനം മാത്രമാണ് ഇക്കാര്യത്തില്‍ സര്‍ക്കാറിന് മുന്നിലുള്ളത്. പൗരത്വം നല്‍കുന്ന കാര്യത്തിലുള്ള പരിശോധനക്ക് ഏറെ സമയമെടുക്കും. വലിയ നിയമ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ ഏറെ സങ്കീര്‍ണവുമായിരിക്കും. എന്നാല്‍ നടപ്പാക്കുകയല്ല, നടപ്പാക്കുന്നുവെന്ന് തോന്നിപ്പിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. 1985ല്‍ രാജീവ് ഗാന്ധിയും ആള്‍ അസാം സ്റ്റുഡന്റ്‌സ് യൂനിയനും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം 1971 മാര്‍ച്ചിന് മുമ്പ് കുടിയേറിയവരാണെന്ന് തെളിയിക്കുന്നവര്‍ക്ക് മാത്രമേ പൗരത്വം നല്‍കാന്‍ പാടുള്ളൂവെന്നാണ് വ്യവസ്ഥ. എന്നാല്‍ പുതിയ ഓര്‍ഡിനന്‍സില്‍ 2004 വരെ കുടിയേറിയവരെ ഉള്‍പ്പെടുത്താനാണ് കേന്ദ്രം ആലോചിക്കുന്നത്.

---- facebook comment plugin here -----

Latest