Connect with us

Gulf

റഹാല്‍ കാര്‍ഡ് അപേക്ഷാ കാലാവധി സെപ്തംബര്‍ എട്ട് വരെ

Published

|

Last Updated

അബുദാബി: പാചക വാതക സിലിണ്ടറുകള്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുന്നതിനുള്ള റഹാല്‍ കാര്‍ഡ് ലഭിക്കാനുള്ള അപേക്ഷ സ്വീകരിക്കുന്നതിന്റെ കാലാവധി സെപ്തംബര്‍ എട്ടിന് അവസാനിക്കും. ഒന്നാം ഘട്ടത്തില്‍ 40 അഡ്‌നോക്ക് സ്റ്റേഷനുകളിലാണ് റഹാല്‍ ഇലക്ട്രോണിക് കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുക.
പൗരന്മാരുടെ താമസ കാര്‍ഡുകള്‍, ജല വൈദ്യുതി കാര്‍ഡുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് സിലിണ്ടറുകളുടെ ക്വാട്ട അനുവദിക്കുക.
ഇലക്‌ട്രോണിക് ഗ്യാസ് കാര്‍ഡുകള്‍ മുഖേന പാചക വാതക സിലിണ്ടറുകളുടെ വില്‍പന നിയന്ത്രിക്കുന്നതിന് പുറമെ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതത്വത്തിനും എളുപ്പത്തിനും സൗകര്യത്തിനുമാണ് റഹാല്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അഡ്‌നോക് സി ഇ ഒ അബ്ദുല്ല സേലം അല്‍ ദാഹിരി പറഞ്ഞു.
അഡ്‌നോക്ക് ഡിസ്ട്രിബ്യൂഷന്‍ തങ്ങളുടെ സേവനങ്ങള്‍ ഉപഭോക്താക്കളുടെ സമീപത്തായി ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. മുന്‍ഗണനയുടെ ഭാഗമായി ഇലക്‌ട്രോണിക് കാര്‍ഡുകളുടെ സേവനം നഗര പരിധിയിലെ 40 സ്റ്റേഷനുകളില്‍ വിന്യസിച്ചതായും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ 139 സ്റ്റേഷനുകളിലാണ് തുടക്കത്തില്‍ റഹാല്‍ കാര്‍ഡുകള്‍ സ്വീകരിക്കുക.
സ്വദേശി കുടുംബങ്ങള്‍ക്ക് മാസത്തില്‍ 150 ദിര്‍ഹമിന്റെയും വിദേശി കുടുംബങ്ങള്‍ക്ക് 70 ദിര്‍ഹമിന്റെയും ബാച്ചിലര്‍മാര്‍ക്ക് 40 ദിര്‍ഹമിന്റെയും ഗ്യാസ് സിലിണ്ടറാണ് ലഭിക്കുക. സബ്‌സിഡി ഇനത്തില്‍ അനുവദിക്കപ്പെട്ട ഗ്യാസ് സിലിണ്ടറുകള്‍ വാങ്ങാത്ത ഉപഭോക്താക്കള്‍ക്ക് തൊട്ടടുത്ത മാസം മുന്‍പത്തെ മാസത്തിലെ സബ്‌സിഡി സിലിണ്ടര്‍ ലഭ്യമാവില്ല.

Latest