Connect with us

National

മണിപ്പൂര്‍ അക്രമം; നാലു പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ഇംഫാല്‍: സംസ്ഥാനത്തേക്ക് പുറത്തുനിന്നുള്ളവരുടെ വരവ് നിയന്ത്രിക്കുന്നതിനും ഭൂപരിഷ്‌കരണവും ലക്ഷ്യമിട്ട് മണിപ്പൂര്‍ നിയമസഭ പാസ്സാക്കിയ മൂന്ന് സുപ്രധാന ബില്ലുകള്‍ക്കെതിരെ തുടങ്ങിയ പ്രതിഷേധത്തിനിടെ വ്യാപക അക്രമം. മണിപ്പൂരിലെ ചുരാഛന്ദ്പൂര്‍ ജില്ലയിലുണ്ടായ അക്രമ സംഭവങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെടുകയും പതിമൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ചുരാഛന്ദ്പൂര്‍ ടൗണില്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ മന്ത്രിമാരുടെയും എം പിമാരുടെയും എം എല്‍ എമാരുടെയും വീടുകള്‍ ആക്രമിക്കപ്പെട്ടു. എം എല്‍ എ മാന്‍ഗവയ്‌പേയിയുടെ വസതിക്ക് സമീപം അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തിയത്.
വിവിധ സ്ഥലങ്ങളിലുണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് ഇരുപത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. മണിപ്പൂര്‍ കുടുംബക്ഷേമ മന്ത്രി ഫുംഗ്‌സഫാംഗ് ടോണ്‍സിംഗ്, ലോക്‌സഭാംഗമായ തംഗ്‌സോ ബെയ്റ്റ്, ഹെംഗ്‌ലീപ് എം എല്‍ എ മാന്‍ഗവയ്‌പേയി ഉള്‍പ്പെടെ അഞ്ച് എം എല്‍ എമാര്‍ എന്നിവരുടെ വസതികള്‍ക്ക് നേരെയാണ് തിങ്കളാഴ്ച വൈകീട്ട് തീവെപ്പും ആക്രമണവുമുണ്ടായതെന്ന് പോലീസ് അറിയിച്ചു.
പ്രൊട്ടക്ഷന്‍ ഓഫ് മണിപ്പൂര്‍ പീപ്പിള്‍സ് ബില്‍- 2015, മണിപ്പൂര്‍ ലാന്‍ഡ് റവന്യൂ ആന്‍ഡ് ലാന്‍ഡ് റിഫോംസ് (ഭേദഗതി) ബില്‍, മണിപ്പൂര്‍ ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ഭേദഗതി ബില്‍ എന്നിവയാണ് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്ത് പാസ്സാക്കിയത്. ബില്ലുകള്‍ സഭ പാസ്സാക്കിയതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെയാണ് ഗോത്ര വിദ്യാര്‍ഥി സംഘടനകളായ കുകി സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍, ആള്‍ നാഗാ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (മണിപ്പൂര്‍), ആള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ മണിപ്പൂര്‍ എന്നീ സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തത്.
ഗോത്രവര്‍ഗക്കാരുടെ താത്പര്യങ്ങള്‍ ഹനിക്കുന്ന ബില്‍ പാസ്സാക്കിയതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ ഇന്നലെ ബന്ദ് നടത്തി.
ഗോത്ര വര്‍ഗക്കാരുടെ ഭൂമിക്കും സ്വത്തിനും സുരക്ഷ ഉറപ്പ് നല്‍കുന്ന ഭരണഘടനയിലെ 371 സി വകുപ്പിന്റെയും 1947ലെ നിയമത്തിന്റെയും ലംഘനമാണ് സര്‍ക്കാര്‍ നടപടിയെന്ന് ഗോത്ര സംഘടനകള്‍ ആരോപിച്ചു. തദ്ദേശീയരെ നിശ്ചയിക്കാന്‍ 1951 അടിസ്ഥാന വര്‍ഷമാക്കിയതാണ് നിയമത്തിലെ വിവാദ വ്യവസ്ഥ. മണിപ്പൂരുകാരല്ലാത്തവര്‍ക്ക് ഭൂമി വില്‍ക്കണമെങ്കില്‍ ഡെപ്യൂട്ടി കമ്മീഷണറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം.
അന്യനാട്ടുകാരുടെ പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള പെര്‍മിറ്റ് സംവിധാനത്തിന്റെ പേരില്‍ മൂന്ന് വര്‍ഷമായി മണിപ്പൂരില്‍ പ്രക്ഷോഭം നടന്നുവരികയാണ്.

Latest