Connect with us

Kozhikode

കോര്‍പറേഷന്റെ ചില്‍ഡ്രന്‍സ് പാര്‍ക്ക് നശിക്കുന്നു

Published

|

Last Updated

ഫറോക്ക്: പഴയ പാലത്തിനടുത്തുള്ള കോര്‍പറേഷന്റെ ചെറുവണ്ണൂര്‍-നല്ലളം ചില്‍ഡ്രന്‍സ് പാര്‍ക്ക് ശോചനീയാവസ്ഥയില്‍. പാര്‍ക്കില്‍ കുട്ടികളുടെ വിനോദ ഉപകരണങ്ങളുടെ മുകളില്‍ പന്തലിച്ച് നില്‍ക്കുന്ന പടുകൂറ്റന്‍ മരം ഏത് സമയത്തും പൊട്ടിവീഴാവുന്ന അവസ്ഥയിലാണ്. പാര്‍ക്കില്‍ വിനോദത്തിനായി എത്താറുള്ള വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് അപകടഭീഷണി ഉയര്‍ത്തുന്നു. മരത്തിന്റെ വലിയ ചില്ലകള്‍ ഉണങ്ങിവീണ് പാര്‍ക്കില്‍ കിടക്കുന്നുണ്ട്. പാര്‍ക്കിന്റെ പല ഭാഗങ്ങളിലും കാട് വളര്‍ന്നിട്ടുണ്ട്. പരിപാലനമില്ലാത്തതിനാലാണ് പാര്‍ക്ക് നശിച്ചുകൊണ്ടിരിക്കുന്നതെന്ന് പാര്‍ക്കിലെത്തിയ രക്ഷിതാക്കള്‍ പറഞ്ഞു.
പാര്‍ക്കിലെ ശൗചാലയത്തിന്റെ വാതില്‍ വേര്‍പ്പെട്ട് കിടക്കുകയാണ്. ശൗചാലയത്തില്‍ ജലസംഭരണിയും ടാപ്പുകളും ഉണ്ടെങ്കിലും കാലങ്ങളായി വെള്ളം ഇല്ലാത്തതിനാല്‍ ഉപയോഗശൂന്യമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെറുവണ്ണൂര്‍ നല്ലളം ഗ്രാമപഞ്ചായത്തായിരുന്നപ്പോഴാണ് പാര്‍ക്ക് നിലവില്‍ വന്നത്. അന്ന് പാര്‍ക്കിന്റെ സംരക്ഷണവും അറ്റകുറ്റപണികളും ഫറോക്ക് ലയണ്‍സ് ക്ലബ് ഏറ്റെടുത്തിരുന്നു. പഞ്ചായത്തില്‍ നിന്ന് കോര്‍പറേഷനിലേക്ക് മാറിയതോടെയാണ് പാര്‍ക്ക് അറ്റകുറ്റപ്പണി ചെയ്യാതെ നശിക്കുന്നത്.
രാത്രിയായാല്‍ വെളിച്ചം ഇല്ലാത്തതിനാല്‍ മദ്യപാന്‍മാരുടെയും മയക്കുമരുന്ന് സംഘത്തിന്റെയും താവളമായിട്ടുണ്ട് ഇവിടെ. ഇവിടേക്ക് പോലീസിന്റെ ശ്രദ്ധ എത്താത്തതുകൊണ്ട് സാമൂഹിക വിരുദ്ധരുടെ സ്ഥിരം കേന്ദ്രമായിട്ടുണ്ട്. ആദ്യകാലങ്ങളില്‍ സ്ഥിരമായി ക്ലബുകളുടെ മേല്‍നോട്ടവും മെയിന്റനന്‍സും ഉണ്ടായിരുന്നതിനാല്‍ എല്ലാ ഒഴിവുദിവസങ്ങളിലും ഒട്ടേറെ പേര്‍ കുട്ടികളുമായി പാര്‍ക്കില്‍ എത്താറുണ്ടായിരുന്നു. പാര്‍ക്ക് ഈ നിലയില്‍ മുന്നോട്ട് പോയാല്‍ ഇവിടെ ബാക്കിയുള്ള കുട്ടികളുടെ വിനോദ ഉപകരണങ്ങളും പൂര്‍ണമായും നശിക്കും.