Connect with us

Gulf

ആറാമത് വാര്‍ഷിക നിക്ഷേപ സംഗമം അടുത്ത വര്‍ഷം ഏപ്രിലില്‍

Published

|

Last Updated

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലുള്ള വാര്‍ഷിക നിക്ഷേപ സംഗമം (എയിം) അടുത്ത വര്‍ഷം ഏപ്രിലില്‍ നടക്കും. യു എ ഇ വാണിജ്യമന്ത്രാലയമാണ് സംഗമം നടത്തുന്നത്. നേരിട്ടുള്ള നിക്ഷേപത്തിന്റെ പുതിയ ലോകം ആശയങ്ങളും നടപ്പാക്കലും എന്ന പേരിലാണ് ഇത്തവണത്തെ സംഗമം.
ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ നീണ്ടുനില്‍ക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ഭരണാധികാരികള്‍ കഴിഞ്ഞ വര്‍ഷം എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അതിഥിയായിരുന്നു. ഇത്തവണയും വലിയ പങ്കാളിത്തമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു സ്വകാര്യ നിക്ഷേപങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകളും സാധ്യതകളുമാണ് സംഗമത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. നേരിട്ടുള്ള വിധേശ നിക്ഷേപം അനിവാര്യമാണെന്ന് യു എ ഇ വാണിജ്യമന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി പറഞ്ഞു. ലോകത്ത് ഏറ്റവും ശ്രദ്ധേയമായ നിക്ഷേപ സംഗമമാണ് ദുബൈയില്‍ നടക്കുന്നത്. ആറാമത്തെ വര്‍ഷമാണ് നടക്കുന്നത്. യു എ ഇ ആഭ്യന്തരോല്‍പാദനത്തില്‍ വന്‍ വര്‍ധനവുണ്ടാവുകയും എണ്ണയിതര മേഖലയില്‍ വന്‍ മുന്നേറ്റം സൃഷ്ടിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് സംഗമം. നിക്ഷേപത്തിന്റെ ഒഴുക്കിന് പുറമെ വൈദഗ്ധ്യത്തിന്റെയും സാങ്കേതികതയുടെയും കൈമാറ്റം സാധ്യമാകുന്ന തരത്തിലാണ് സമ്മേളനം നടക്കുന്ന്.
ലോകത്തെ 50,000ല്‍ അധികം ബഹുരഷ്ട്ര കമ്പനികളുടെ ആസ്ഥാനം ദുബൈയാണ്. ചൈന, സിംഗപ്പൂര്‍, അറബ് ലോകം എന്നിവിടങ്ങളിലേക്ക് ദുബൈ വഴി നിക്ഷേപം എത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 2015ല്‍ 8,000 ചതുരശ്ര മീറ്ററിലാണ് പ്രദര്‍ശനം ഉണ്ടായിരുന്നത്. 14,687 പേര്‍ പങ്കെടുത്തു.