Connect with us

Kerala

ഹജ്ജ് വളണ്ടിയര്‍ തട്ടിപ്പ്: പ്രതി ജാബിറിനെതിരെ നേരത്തെയും പരാതി

Published

|

Last Updated

മുക്കം: ഹജ്ജ് വളണ്ടിയര്‍ ആക്കാമെന്ന് പറഞ്ഞ് ആയിരത്തോളം പേരില്‍ നിന്ന് പാസ്‌പോര്‍ട്ടും പണവും വാങ്ങി മുങ്ങിയ മുക്കം കല്ലുരുട്ടി സ്വദേശി ജാബിറിനെതിരെ നേരെത്തയും നിരവധി പരാതികള്‍ ഉണ്ടായിരുന്നു. സ്വന്തമായി ഭുമിയില്ലാത്തവര്‍ക്കായി സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭുമി ഇയാള്‍ ഉന്നത സ്വാധീനമുപയോഗിച്ച് കൈക്കലാക്കിയിരുന്നു. ഇതിനോട് ചേര്‍ന്ന് തന്നെ തന്റെ ബന്ധുവിനും ഇയാള്‍ ഭുമി സ്വന്തമാക്കി. അങ്ങനെ ലഭിച്ച ആറ് സെന്റ് ഭുമിയിലാണ് ഇയാള്‍ വീടു വെച്ചത്.
ഏറെ പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കുന്ന ഭുമി സ്വന്തമാക്കി അവിടെ മണിമാളിക പണിതതിനെതിരെ മുക്കം പഞ്ചായത്തില്‍ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇതിനു പുറമെ കല്ലുരുട്ടി എന്‍ ഐ ടി റോഡിന്റെ വികസനത്തിന് തടസ്സമാവും വിധം റോഡില്‍ നിന്ന് മൂന്ന് മീറ്റര്‍ വിടാതെ റോഡിനോട് ചേര്‍ന്ന് വീട് നിര്‍മിച്ചതിനെതിരെയും പരാതിയുണ്ട്. എന്നാല്‍ ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തി ഇയാള്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. ഭരണകക്ഷിയില്‍പ്പെട്ട പ്രമുഖ പാര്‍ട്ടിയാണ് ഇയാള്‍ക്ക് എല്ലാ സഹായവും നല്‍കിയത്. അതേ സമയം ഇയാള്‍ക്ക് ലഭിച്ച ഭുമിയുടെ തൊട്ടടുത്ത് തന്നെ മുന്‍ കലാ തിലകത്തിന് സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ റോഡില്‍ നിന്ന് നിര്‍ദിഷട അകലം പാലിച്ചില്ലെന്ന് പറഞ്ഞ് പഞ്ചായത്ത് അധികൃതര്‍ വീട് നിര്‍മാണം തടഞ്ഞിരിക്കുകയാണ്.
മൂന്ന് സെന്റിന് പകരം ആറ് സെന്റില്‍ ജാബിര്‍ വീട് പണിതപ്പോള്‍ സ്വന്തമായി താമസിക്കാന്‍ ഒരു വീടു പോലുമില്ലാതെ മുന്‍ കലാ തിലകം വാടക വീട്ടില്‍ കഴിയുകയാണ്. കഴിഞ്ഞ ആറ് മാസമായി മുത്തേരിയില്‍ താമസമാക്കിയ ജാബിറിനെതിരെ വേറെയും പരാതികളുണ്ട്. ഇയാള്‍ താമസമാക്കിയതിന് ശേഷം രാത്രി സമയങ്ങളില്‍ ഇവിടെ പുറത്ത് നിന്നുള്ള ആളുകളെത്തി എന്നും ബഹളമാണന്നും ഇത് നാട്ടുകാരുടെ സമധാന ജീവിതത്തിന് ഭീഷണിയാണന്നും നുറോളം പേര്‍ ഒപ്പിട്ട് മുക്കം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് ദിവസമായി “ഒളിവില്‍” കഴിയുന്നു എന്ന് പോലീസ് പറയുന്ന ജാബിര്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോഴും സജീവമാണ്. ഇടക്കിടക്ക് ബന്ധുക്കളെയും കൂട്ടുകാരെയും ഇയാള്‍ ബന്ധപ്പെടുന്നുണ്ടന്നും നാട്ടുകാര്‍ പാറയുന്നു. പക്ഷേ പോലീസിന് മാത്രം ഇയാളെ ഇനിയും കണ്ടെത്താനായില്ല. ജാബിറിന് രക്ഷപ്പെടാന്‍ സഹായമൊരുക്കിയ മുക്കം പോലീസിന്റെ നടപടിയില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.

---- facebook comment plugin here -----

Latest