Connect with us

Kerala

പാഠപുസ്തകം രണ്ടാംഘട്ട അച്ചടിയും വൈകുന്നു

Published

|

Last Updated

തിരുവനന്തപുരം :രണ്ടാംഘട്ട പാഠപുസ്തക അച്ചടിയും വൈകുന്നു. സെപ്തംബര്‍ മുപ്പതിനകം അച്ചടി പൂര്‍ത്തിയാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നതെങ്കിലും ഈ സമയപരിധിക്കുള്ളില്‍ അച്ചടിപൂര്‍ത്തിയാകില്ലെന്ന് കേരള ബുക്ക്‌സ് ആന്‍ഡ് പബ്ലിഷിംഗ് സൊസൈറ്റി (കെ ബി പി എസ്) സര്‍ക്കാറിനെ അറിയിച്ചു. സെപ്തംബര്‍ 30നകം അച്ചടിയും ഒക്ടോബര്‍ 15നകം വിതരണവും പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ്ബ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കെ ബി പി എസിനു ഒറ്റക്ക് അച്ചടി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആദ്യഘട്ടത്തിലേതു പോലെ സ്വകാര്യ ഏജന്‍സിയുടെ സഹായം തേടാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
നവംബര്‍ ഒന്നിനാണ് രണ്ടാംഘട്ട പുസ്തകങ്ങള്‍ ഉപയോഗിച്ച് അധ്യയനം ആരംഭിക്കേണ്ടത്. എന്നാല്‍ സര്‍ക്കാറിന്റെ ആവശ്യം പ്രായോഗികമല്ലെന്ന നിലപാടാണ് കെ ബി പി എസ് സ്വീകരിച്ചിരിക്കുന്നത്. ഒന്നേകാല്‍ കോടി പാഠപുസ്തകങ്ങളാണ് രണ്ടാംഘട്ടത്തില്‍ അച്ചടിക്കേണ്ടത്. നിലവില്‍ 35 ലക്ഷം പുസ്തകങ്ങള്‍ മാത്രമാണ് അച്ചടിയും ബൈന്‍ഡിംഗും കഴിഞ്ഞ് വിതരണത്തിന് സജ്ജമാക്കിയിട്ടുള്ളത്. ഒക്ടോബര്‍ ഇരുപതോടെ മാത്രമേ അച്ചടി പൂര്‍ത്തിയാക്കാന്‍ കഴിയൂവെന്നും കെ ബി പി എസ് സര്‍ക്കാറിന് നല്‍കിയ കത്തില്‍ അറിയിച്ചു. പിന്നീട് ഇവയുടെ വിതരണത്തിന് മൂന്നാഴ്ചയെങ്കിലും വേണ്ടിവരും. എന്നാല്‍ അച്ചടി സ്വകാര്യ പ്രസിനെ ഏല്‍പിക്കണമെന്ന സര്‍ക്കാറിന്റെ ആവശ്യത്തിലും കെ ബി പി എസ് തീരുമാനമെടുത്തിട്ടില്ല. എം ഡിയാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത്. സ്ഥാപനത്തിന് നിലവില്‍ എം ഡി ഇല്ലാത്തതും പ്രതിസന്ധിയാണ്. സര്‍ക്കാറിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കാട്ടി കെ ബി പി എസ് സര്‍ക്കാരിന് കത്തു നല്‍കിയിരിക്കുകയാണ്. സ്വകാര്യ പ്രസുകളെ അച്ചടി ഏല്‍പ്പിക്കുന്നതില്‍ പ്രായോഗികവും സുരക്ഷാപരവുമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് കെ ബി പി എസ് നിലപാട്.
ഓണപ്പരീക്ഷ ഓണത്തിനു മുമ്പ് നടത്താന്‍ കഴിയാത്തതില്‍ വന്‍ വിമര്‍ശം നേരിട്ട സര്‍ക്കാറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് കെ ബി പി എസിന്റെ നിലപാട്. ഈ മാസം അച്ചടി പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ ക്രിസ്തുമസ് പരീക്ഷയും വൈകുമെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഓണപ്പരീക്ഷക്ക് പിന്നാലെ ക്രിസ്തുമസ് പരീക്ഷയും വൈകുന്ന സാഹചര്യം ഒഴിവാക്കണമെന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പിന്.
അതേ സമയം കെ ബി പി എസ് എം ഡി നിയമനത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. നിലവിലെ എം ഡി. രാജമാണിക്യത്തിനു പകരം ഡോ. ആശാതോമസിനെ എം ഡിയാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരമായിരുന്നു ഇത്. എന്നാല്‍ മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച് ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖറിന്റെ മകനെ എം ഡിയാക്കാന്‍ വകുപ്പു മന്ത്രി കെ പി മോഹന്‍ ശ്രമം നടത്തി. ഇതിനെതിരെ കെ ബി പി എസിലെ തൊഴിലാളി യൂനിയനുകള്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കി. ഐ എ എസുകാരാണ് ഇത്രയും നാള്‍ കെ ബി പി എസ് എം ഡി സ്ഥാനം വഹിച്ചിരുന്നത്. യാതൊരു പ്രവര്‍ത്തനപരിചയവും ഇല്ലാത്തയാളെ കെ ബി പി എസിന്റെ തലപ്പത്തെത്തിക്കാനുള്ള നീക്കം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും. ഇതുസംബന്ധിച്ച ഫയല്‍ ഇപ്പോള്‍ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്. പ്രതിസന്ധി പരിഹരിക്കാന്‍ കെ ബി പി എസ് ചെയര്‍മാനായ രാജുനാരായണ സ്വാമിക്കു എം ഡിയുടെ ചുമതല നല്‍കണമെന്ന നിലപാടാണ് തൊഴിലാളി യൂനിയനുകള്‍ സ്വീകരിച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest