Connect with us

International

അമേരിക്കന്‍ നഗരങ്ങളില്‍ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതായി പഠനം

Published

|

Last Updated

ന്യൂയോര്‍ക്ക്: അമേരിക്കന്‍ നഗരങ്ങളിലെ കൊലപാതക നിരക്ക് വര്‍ധിക്കുന്നതായി പഠനം. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇതിന്റെ എണ്ണം താഴോട്ടായിരുന്നുവെങ്കിലും തൊട്ട് മുമ്പുള്ള വര്‍ഷങ്ങളില്‍ ഇതിന്റെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഈ വര്‍ഷം ഇതുവരെ അമേരിക്കയിലെ മില്‍വോക്കി നഗരത്തില്‍ 104 പേര്‍ കൊലപാതകത്തിനിരയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത്തരം കേസുകളുടെ ആകെ എണ്ണം 86 ആയിരുന്നു. ഇതുപോലെ അമേരിക്കയിലെ മുപ്പതിലിധികം നഗരങ്ങളില്‍ കൊലപാതകങ്ങളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ന്യൂ ഓര്‍ലന്‍ഡ് നഗരത്തില്‍ ആഗസ്റ്റ് ആവസാനം വരെ കൊല്ലപ്പെട്ടവരുടെ എണ്ണം 120 ആയി. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊലപാതകങ്ങളുടെ എണ്ണം ന്യൂഓര്‍ലന്‍ഡില്‍ വര്‍ധിച്ചിട്ടുണ്ട്. 2014ല്‍ ബാള്‍ട്ടിമോര്‍ നഗരത്തില്‍ നടന്ന കൊലപാതകങ്ങള്‍ 138 ആയിരുന്നുവെങ്കില്‍ ഈ വര്‍ഷം ഇതുവരെ ആകുമ്പോഴേക്കും ഇതിന്റെ എണ്ണം 215ലെത്തി. വാഷിംഗ്ടണില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ കൊലപാതകങ്ങള്‍ 37 ആയിരുന്നു. ഈ വര്‍ഷം അത് 105 ലെത്തിയിരിക്കുകയാണ്. ഇതുപോലെ നിരവധി നഗരങ്ങളില്‍ കൊലപാതക കേസുകളുടെ എണ്ണം വന്‍ തോതില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
വ്യത്യസ്ത നഗരങ്ങളിലെ കൊലപാതക നിരക്കില്‍ ഉണ്ടായ വര്‍ധനക്ക് വ്യത്യസ്ത കാരണങ്ങളാണെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇതിനൊന്നും കൃത്യമായ കാരണം ഉദ്യോഗസ്ഥര്‍ക്ക് വിശദീകരിക്കാനാകുന്നുമില്ല.
തെരുവു ഗുണ്ടകളുടെ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പല കൊലപാതകങ്ങള്‍ക്കും കാരണമാകുന്നുണ്ട്. അതുപോലെ മയക്കുമരുന്ന് ഇടപാടുകള്‍, തോക്കുകള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന നിയമം തുടങ്ങിയവയെല്ലാം ചിക്കാഗോ പോലുള്ള നഗരങ്ങളില്‍ കൊലപാതകം വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. സാധാരണ തര്‍ക്കങ്ങള്‍ക്ക് പോലും അക്രമണത്തിന്റെയും കൊലപാതകത്തിന്റെയും രീതിയാണ് അക്രമി സംഘങ്ങള്‍ സ്വീകരിക്കുന്നതെന്ന് ഉന്നത അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. 35 നഗരങ്ങളിലെങ്കിലും കൊലപാതക കേസുകള്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. അടുത്തിടെ ഇതുസംബന്ധിച്ച സര്‍വേ അധികൃതര്‍ നടത്തിയിരുന്നു.