Connect with us

Kozhikode

കേരളീയരുടെ മനോഭാവം മാറാതെ പുതിയ വ്യവസായങ്ങള്‍ വരില്ല: ചെന്നിത്തല

Published

|

Last Updated

കോഴിക്കോട്: കേരളീയരുടെ മനോഭാവം മാറാതെ സംസ്ഥാനത്ത് പുതിയ വ്യവസായ സംരംഭങ്ങളോ യഥാര്‍ഥ വികസനമോ യാഥാര്‍ഥ്യമാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പുതിയ ആശയങ്ങള്‍ ഭരണാധികാരികള്‍ ഉള്‍ക്കൊള്ളണം. പുതുതലമുറക്ക് മുന്നില്‍ പഴകിത്തുരുമ്പിച്ച ആശയങ്ങളും ആര്‍ക്കും വേണ്ടാത്ത വാദങ്ങളും എത്ര മാത്രം ചെലവാകുമെന്ന് രാഷ്ട്രീയ കക്ഷികള്‍ ചിന്തിക്കണം. ജനങ്ങളുടെ മനസ്സില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് അനുഭാവമില്ലാതെ വരുമ്പോഴാണ് അരാഷ്ട്രീയവാദം ശക്തമാകുന്നതെന്നും ചെന്നിത്തല പറഞ്ഞു. ടാഗോര്‍ സെന്റിനറി ഹാളില്‍ പി വി സാമി അവാര്‍ഡ് സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
വിമാനത്താവളത്തിന്റെ റണ്‍വേ വികസനവും വാതകപൈപ്പ് ലൈന്‍ സ്ഥാപനവുമുള്‍പ്പെടെയുള്ള പദ്ധതികളെല്ലാം എതിര്‍പ്പുകള്‍ക്ക് വിധേയമായി എങ്ങുമെത്താതെ നില്‍ക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
എം പി വീരേന്ദ്രകുമാര്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ പി വി സാമിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പി വി സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് ഇറാം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദിന് രമേശ് ചെന്നിത്തല സമ്മാനിച്ചു. അവാര്‍ഡ്ദാന ചടങ്ങ് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. പി വി സാമി അനുസ്മരണ സമ്മേളനം മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മുന്‍ കേന്ദ്ര നിയമ മന്ത്രി ഡോ. എം വീരപ്പമൊയ്‌ലി മുഖ്യപ്രഭാഷണം നടത്തി. “മേയ്ക്ക് ഇന്‍ ഇന്ത്യ കേരളത്തിന്റെ പ്രത്യേക പ്രാധാന്യം” എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ എം എ ബേബി എം എല്‍ എ ഉദ്ഘാടനം ചെയ്തു.
പി വി സാമി മെമ്മോറിയല്‍ കമ്മിറ്റി ചെയര്‍മാന്‍ വയലാര്‍ രവി എം പി, സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ബി ജെ പി സംസ്ഥാന സെക്രട്ടറി ബി ഗോപാലകൃഷ്ണന്‍, ഫഌവേഴ്‌സ് ചാനല്‍ എം ഡി. ആര്‍ ശ്രീകണ്ഠന്‍ നായര്‍, കെ സി അബു, അഡ്വ. പി എം സുരേഷ്ബാബു ങ്കെടുത്തു.

---- facebook comment plugin here -----

Latest