Connect with us

National

ദേശീയ പണിമുടക്ക് പൂര്‍ണം; വ്യാപാര മേഖലയില്‍ 25,000 കോടിയുടെ നഷ്ടം

Published

|

Last Updated

ഒഡീഷയിലെ ഭുവനേശ്വറില്‍ പണിമുടക്ക് അനുകൂലികള്‍ ഇരുചക്ര വാഹനങ്ങള്‍ തടയുന്നു

ന്യൂഡല്‍ഹി: വിവിധ ട്രേഡ് യൂനിയനുകള്‍ ആഹ്വാനം ചെയ്ത ദേശവ്യാപക പണിമുടക്ക് ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചു. വ്യവസായ സ്ഥാപനങ്ങളിലും മറ്റ് സര്‍ക്കാര്‍ മേഖലകളിലുമുള്ള ലക്ഷക്കണക്കിന് പേര്‍ പണിമുടക്കില്‍ പങ്കാളികളായി. നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ ദേശവ്യാപക പണിമുടക്കിനാണ് രാജ്യം ഇന്നലെ സാക്ഷ്യം വഹിച്ചത്. അതേസമയം പണമുടക്കിനെ തുടര്‍ന്ന് രാജ്യത്തെ വ്യാപാര മേഖലയില്‍ 25,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ( അസോചാം) വ്യക്തമാക്കി. പ്രത്യക്ഷമായും പരോക്ഷമായുമുള്ള നഷ്ടക്കണക്കാണിതെന്ന് ജനറല്‍ സെക്രട്ടറി ഡി എസ് റാവത്ത് പറഞ്ഞു.
പണിമുടക്ക് വിജയകരമായിരുന്നുവെന്ന് വിവിധ ട്രേഡ് യൂനിയന്‍ നേതാക്കള്‍ അവകാശപ്പെട്ടു. ബേങ്കുകളും ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങളും ഫാക്ടറികളും അടഞ്ഞുകിടന്നു. പണിമുടക്കില്‍ പങ്കാളികളായ ട്രാന്‍സ്‌പോര്‍ട്ട് യൂനിയനുകളും വ്യാപാരിപ്രതിനിധികളും വിവിധ സ്ഥലങ്ങളില്‍ പ്രകടനങ്ങള്‍ നടത്തി. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില നന്നേ കുറവായിരുന്നു. പണിമുടക്ക് അഭൂതപൂര്‍വമായ പ്രതികരണമുളവാക്കിയെന്ന് എ ഐ ടി യു സി അഖിലേന്ത്യാ പ്രസിഡന്റ് ഗുരുദാസ് ദാസ് ഗുപ്ത വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പണിമുടക്ക് ഡല്‍ഹിയിലും കാര്യമായ ചലനമുണ്ടാക്കിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇതാദ്യമായാണ് ഇത്തരമൊരു അനുഭവം. തങ്ങള്‍ ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ നിയമഭേദഗതി പിന്‍വലിക്കുക, മിനിമം വേതനം 15000 രൂപയാക്കുക, പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം ഉപേക്ഷിക്കുക തുടങ്ങി 12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്. രാജ്യത്തെ 30 കോടി ജനങ്ങളാണ് പണിമുടക്കില്‍ പങ്കെടുത്തത്. പശ്ചിമബംഗാളിലൊഴികെ പണിമുടക്ക് സമാധാനപരമായിരുന്നു. സംസ്ഥാനത്തെ മുര്‍ഷിദാബാദ്, ഹൗറ, നോര്‍ത്ത് 24 എന്നിവിടങ്ങളില്‍ ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരും ഇടത് അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. അതേസമയം പണമുടക്ക് പൂര്‍ണമായിരുന്നുവെന്ന് പശ്ചിമ ബംഗാളിലെ ഇടത് കക്ഷികളും ഭാഗികമായിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാബാനര്‍ജിയും പറഞ്ഞു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 974 പേരെ അറസ്റ്റ് ചെയ്തതായി മമതാ ബാനര്‍ജി അറിയിച്ചു. വിവിധ ജില്ലകളിലുണ്ടായ ഏറ്റുമുട്ടലില്‍ സി പി എം മുന്‍ പാര്‍ലമെന്റംഗത്തിനും രണ്ട് സംസ്ഥാന നിയമസഭാംഗങ്ങള്‍ക്കും പരുക്കേറ്റു.
പ്രാദേശിക ബേങ്കുകളിലെയും ദേശീയ ബേങ്കുകളിലെയും ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുത്തതോടെ ധനകാര്യ മേഖല സമ്പൂര്‍ണമായും സ്തംഭിച്ചുവെന്ന് ആള്‍ ഇന്ത്യാ ബേങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കിടാചലം ചെന്നൈയില്‍ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉള്‍പ്പെടെയുള്ള സ്ഥാലങ്ങളില്‍ പണിമുടക്ക് വന്‍വിജയമായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലും ബേങ്കുകള്‍ അടഞ്ഞു കിടന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബേങ്ക് എന്നിവിടങ്ങളിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുത്തിരുന്നില്ല. ഇതൊഴിച്ചു നിര്‍ത്തിയാല്‍ ബേങ്കിംഗ് മേഖലയില്‍ സമരം ഏറക്കുറെ പൂര്‍ണമായിരുന്നുവെന്ന് ബേങ്ക് തൊഴിലാളി യൂനിയന്‍ നേതാവ് വി ഉതാഗി പറഞ്ഞു. മുംബൈ തുറമുഖത്തിന്റെ പ്രവര്‍ത്തനം സന്പൂര്‍ണമായും നിലച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. മുംബൈയില്‍ സര്‍ക്കാര്‍ ബസുകളിലെയും സബര്‍ബന്‍ ട്രെയിനുകളിലെയും തൊഴിലാളികള്‍ പണിമുടക്കിന് ധാര്‍മിക പിന്തുണ നല്‍കിയിരുന്നു. വലിയൊരു വിഭാഗം ടാക്‌സിതൊഴിലാളികളും ഓട്ടോറിക്ഷ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുത്തത് വന്‍ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങളും ബേങ്കുകളും വ്യവസായ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഓട്ടോറിക്ഷകളും ടാക്‌സികളും നിരത്തിലിറങ്ങിയില്ല. എന്നാല്‍ ഡല്‍ഹി മെട്രോ റെയില്‍ സര്‍വീസിനെ പണമുടക്ക് ബാധിച്ചില്ല. കേരളത്തിലും പണിമുടക്ക് പൂര്‍ണമായിരുന്നു. അതേസമയം കര്‍ണാടകയില്‍ പണിമുടക്കിന് സമ്മിശ്ര പ്രതികരണമാണുണ്ടായത്. ബസ്, ടാക്‌സി സര്‍വീസുകള്‍ സര്‍വീസ് നടത്തിയില്ല. ഫാക്ടറികളും ബേങ്കുകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.
ആയിരക്കണക്കിന് യാത്രക്കാര്‍ വാഹനങ്ങള്‍ ലഭിക്കാതെ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങി. തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും സര്‍ക്കാര്‍, സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. വിവിധ സ്ഥലങ്ങളില്‍ ട്രക്ക് തൊഴിലാളികളും ഉടമകളും പണിമുടക്കില്‍ പങ്കെടുത്തു. ചില സ്ഥലങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ അടഞ്ഞുകിടന്നു. മധ്യപ്രദേശിലും പണമുടക്ക് പൂര്‍ണമായിരുന്നു. ഭോപ്പാലില്‍ സര്‍ക്കാര്‍ ബസുകള്‍ സര്‍വീസുകള്‍ നടത്തിയില്ല. ബേങ്കുകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഇന്‍ഡോര്‍, ജബല്‍പൂര്‍, ഉജ്ജയിന്‍ എന്നീ പ്രധാന നഗരങ്ങളില്‍ പണിമുടക്ക് കാര്യമായ പ്രതിഫലനമുണ്ടാക്കി. സര്‍ക്കാര്‍ ജീവനക്കാരും തൊഴിലാളികളും പണമുടക്കില്‍ പങ്കെടുത്തതോടെ ബീഹാറില്‍ സാധാരണ ജീവിതം താറുമാറായി. പണിമുടക്കനുകൂലികള്‍ വിവിധ സ്ഥലങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞു. റോഡുകളില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചു. ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന ത്രിപുരയില്‍ പണിമുടക്ക് സമ്പൂര്‍ണമായിരുന്നു. എല്ലാ വ്യാപാര, വിദ്യാഭ്യാസ സ്ഥാപനങ്ങളും ബേങ്കുകളും അടഞ്ഞുകിടന്നു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല.

---- facebook comment plugin here -----

Latest