Connect with us

Eranakulam

സ്വര്‍ണക്കടത്ത്: ബന്ധമില്ലെന്ന് അറസ്റ്റിലായ ഇസ്മാഈല്‍

Published

|

Last Updated

കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂവാറ്റുപുഴ പെരുമറ്റം മൈക്കനാട്ട് വീട്ടില്‍ എം പി ഇസ്മാഈല്‍ ഒളിവില്‍ കഴിഞ്ഞത് പെരുമറ്റം സലഫി ജുമാമസ്ജിദിലെന്ന് മൊഴി. ഇതേ തുടര്‍ന്ന് മസ്ജിദ് ഭാരവാഹികളെ കസ്റ്റംസ് ഇന്റലിജന്‍സ് മൊഴിയെടുക്കുന്നതിനായി വിളിപ്പിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ സമന്‍സ് ലഭിച്ചതിനെ തുടര്‍ന്ന് പെരുമറ്റത്തെ ഭാര്യാ സഹോദരിയുടെ വീട്ടിലും പെരുമറ്റം പള്ളിയിലുമാണ് താമസിച്ചതെന്നാണ് ഇസ്മാഈല്‍ നല്‍കിയ മൊഴി. നോമ്പ് മാസത്തിലാണ് പള്ളിയില്‍ കഴിഞ്ഞത്. എന്നാല്‍ ഇത് അന്വേഷണം വഴിതെറ്റിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്ന് കസ്റ്റംസ് സംശയിക്കുന്നു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി പി എ നൗശാദിന്റെ വിശ്വസ്തരില്‍ ഒരാളായ ഇസ്മാഈല്‍ സ്വര്‍ണം ജ്വല്ലറികളില്‍ എത്തിച്ചുകൊടുത്തിരുന്ന ആളാണെന്ന് അവര്‍ പറയുന്നു. കോടിക്കണക്കിന് രൂപയുടെ സ്വര്‍ണക്കടത്തിന്റെ പ്രധാന ഗുണഭോക്താക്കളായ സ്വര്‍ണക്കടകളിലേക്ക് അന്വേഷണം എത്താതിരിക്കാന്‍ ഇയാളെ വ്യാജ മൊഴി നല്‍കാന്‍ നിയമവിദഗ്ധരുടെ സഹായത്തോടെ പറഞ്ഞു പഠിപ്പിച്ചാണ് ഹാജരാക്കിയിരിക്കുന്നതെന്ന് കസ്റ്റംസ് കരുതുന്നു. പള്ളിയില്‍ ഒളിച്ചു താമസിച്ചുവെന്ന മൊഴി ഇതിന്റെ ഭാഗമായിരിക്കും. കസ്റ്റംസ് ആവര്‍ത്തിച്ചു ചോദ്യം ചെയ്തിട്ടും സ്വര്‍ണക്കടത്തുമായി ഒരു ബന്ധവുമില്ലെന്ന നിലപാടില്‍ ഇസ്മാഈല്‍ ഉറച്ചു നില്‍ക്കുകയാണ് ചെയ്തത്. വണ്ടിക്കച്ചവടമാണ് വരുമാനമാര്‍ഗമെന്നും പി എ നൗശാദുമായി അടുപ്പമുണ്ടെങ്കിലും ഇയാള്‍ക്ക് സ്വര്‍ണക്കടത്തുണ്ടെന്ന് അറിയില്ലായിരുന്നുവെന്നും മറ്റ് പ്രതികളുമായി ബന്ധമില്ലെന്നും ഇസ്മായില്‍ പറയുന്നു.
സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നതിന് 15 ഓളം തവണ ദുബായിലേക്ക് യാത്ര നടത്തിയിട്ടുണ്ടെന്നും പി എ നൗശാദാണ് ടിക്കറ്റ് എടുത്തു നല്‍കിയതെന്നും കസ്റ്റംസിന് തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ബിസിനസ് ആവശ്യത്തിനുള്ള യാത്രയായിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ ഇസ്മാഈല്‍ പറഞ്ഞത്. എന്നാല്‍ എന്ത് ബിസിനസാണെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ല. അതേസമയം സ്വര്‍ണക്കടത്തിനായി ഇസ്മാഈല്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് റിക്രൂട്ട് ചെയ്ത വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റ്‌ലിംഗ്് സ്റ്റാഫില്‍ പെട്ട ചില പ്രതികള്‍ ഇന്നലെ കസ്റ്റംസ് ഓഫീസില്‍ എത്തി ഇസ്മാഈലിനെ തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 14 വരെ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ച ഇസ്മാഈലിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാന്‍ കഴിയുമെങ്കിലും ഇയാള്‍ വ്യാജമൊഴിയില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ തല്‍ക്കാലം കസ്റ്റഡിയില്‍ വാങ്ങേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. പാസ്‌പോര്‍ട്ട് ഒളിപ്പിക്കുകയും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും സിംകാര്‍ഡും നശിപ്പിക്കുകയും ചെയ്ത ശേഷമാണ് കസ്റ്റംസ് മുമ്പാകെ ഹാജരായത്. 2012ല്‍ ഉപയോഗിച്ചിരുന്ന ഒരു പഴയ മൊബൈല്‍ ഫോണാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്.
സ്വര്‍ണക്കടത്ത് പിടക്കപ്പെടുന്നത് വരെ ഇയാള്‍ ഉപയോഗിച്ചിരുന്ന നമ്പര്‍ പിന്തുടരാന്‍ കസ്റ്റംസ് ശ്രമിച്ചിരുന്നുവെങ്കിലും ഫോണ്‍ സ്വിച്ചോഫ് ആയിരുന്നു. കേസില്‍ ഒളിവില്‍ കഴിയുന്ന മറ്റ് പ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ചോഫ് ആണ്. ഇസ്മാഈല്‍ കീഴടങ്ങിയതു പോലെ ഇവരും അടുത്ത ദിവസങ്ങളില്‍ ഹാജരാകുമെന്നാണ് കസ്റ്റംസ് പ്രതീക്ഷിക്കുന്നത്.