Connect with us

Editorial

പച്ചക്കറി വിപ്ലവത്തിലെ മുന്നേറ്റം ആശാവഹം

Published

|

Last Updated

മാരകമായ വിഷങ്ങളടങ്ങിയ ഇറക്കുമതി പച്ചക്കറികള്‍ വെടിഞ്ഞു സ്വയം ഉത്പാദിത ജൈവ പച്ചക്കറി അവലംബിക്കേണ്ടതിന്റെ അനിവാര്യത മലയാളി മനസ്സിലാക്കി തുടങ്ങിയെന്നാണ് സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തില്‍ രേഖപ്പെടുത്തിയ വന്‍വര്‍ധനവ് ചൂണ്ടിക്കാട്ടുന്നത്. ഈ വര്‍ഷം സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം 19 ലക്ഷം ടണ്‍ കവിയുമെന്നാണ് കൃഷിവകുപ്പിന്റെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാല് ലക്ഷം ടണ്‍ കൂടുതല്‍ വരുമിത്. 15 ലക്ഷം ടണ്ണായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഉത്പാദനം. കര്‍ഷകര്‍ പൂര്‍വോപരി പച്ചക്കറി കൃഷിയില്‍ താത്പര്യം കാണിച്ചു വരുന്നതായും സൗജന്യ വിത്തുകള്‍ ശേഖരിക്കാനും കൃഷി സംബന്ധിച്ച സംശയങ്ങള്‍ തീര്‍ക്കാനും ദിനംപ്രതി ധാരാളം പേര്‍ കൃഷി ഭവനുകളെ ആശ്രയിച്ചു വരുന്നുവെന്നും കൃഷി വകുപ്പ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
അരിക്കും പലവ്യജ്ഞനങ്ങള്‍ക്കുമെന്ന പോലെ പച്ചക്കറിക്കും അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് കേരളീയര്‍. പ്രതിവര്‍ഷം 20 ലക്ഷം ടണ്‍ പച്ചക്കറി വേണം മലയാളിക്ക്. ഇതില്‍ 17 ലക്ഷം ടണ്ണാണ് ആഭ്യന്തര ഉത്പാദനം. മുന്ന് ലക്ഷം ടണ്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഉത്സവ സീസണുകളില്‍ ഇറക്കുമതി തോത് വര്‍ധിക്കും. തമിഴ്‌നാട്ടിലെ കമ്പം, തേനി, മേട്ടുപ്പാളയം, പൊള്ളാച്ചി, ഊട്ടി തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്നാണ് ഇറക്കുമതി കൂടുതലും. തമിഴ്‌നാട്ടില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ഏറെയും മാരകമായ വിഷങ്ങളടങ്ങിയതാണെന്ന് പരിശോധനകളില്‍ നിന്ന് തെളിഞ്ഞിട്ടുണ്ട്. കീടബാധ തടയാനും പുഴുക്കേല്‍ക്കാതിരിക്കാനും ഉത്പാദനം വര്‍ധിപ്പിക്കാനുമായി കാര്‍ഷിക വൃത്തിയുടെ വിവിധ ഘട്ടങ്ങളിലായി മാരകമായ വിഷമാണ് അവിടെ കര്‍ഷകര്‍ പ്രയോഗിക്കുന്നത്. ഇതിന്റെ ഉപയോഗം ക്യാന്‍സര്‍ പോലെയുള്ള ഗുരുതരമായ രോഗങ്ങള്‍ക്കിടയാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചതാണ്. ഇതേ തുടര്‍ന്നാണ് കേരളീയര്‍ക്ക് ആവശ്യമായ പച്ചക്കറി വിഷമുക്തമായ രീതിയില്‍ സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കുന്നതിനെ കുറിച്ച് സംസ്ഥാന കൃഷിവകുപ്പ് ചിന്തിച്ചതും ഇക്കാര്യത്തില്‍ ശക്തമായ ബോധവത്കരണം നടത്തി വരുന്നതും. തദ്ഫലമായി വീട്ടുവളപ്പുകളിലും ടെറസുകളിലും മൂന്നാം വിളയായും ഇടവിളയായും പച്ചക്കറി കൃഷിയില്‍ ജനങ്ങള്‍ വ്യാപകമായി താത്പര്യം കാണിക്കുന്നുണ്ട്. അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് കാര്‍ഷിക സംസ്‌കാരം പുനരുജ്ജീവിപ്പിക്കാനും ജനകീയ തോട്ടങ്ങളൊരുക്കാനും എസ് വൈ എസ് നടത്തിയ ക്യാമ്പയിനും ജൈവ കൃഷിബോധവത്കരണ യജ്ഞവും സംസ്ഥാനത്തെ പച്ചക്കറി വിപ്ലവത്തിന് കരുത്തേകിയിട്ടുണ്ട്. സന്നദ്ധ സാംസ്‌കാരിക സംഘടനകള്‍ക്കിതൊരു മാതൃകയാണ്. സി പി എമ്മിന്റെ ജൈവജീവിതം പദ്ധതിയും ഈ ഗണത്തില്‍ ശ്ലാഘനീയമായ സംരഭമാണ്.
2008 ല്‍ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം ഏഴ്‌ലക്ഷം ടണ്ണായിരുന്നു. ഏഴ് വര്‍ഷത്തിനകം അത് ഇരട്ടിയിലേറെ വര്‍ധിപ്പിക്കാന്‍ സാധിച്ചെങ്കില്‍ ഈ രംഗത്ത് കൂടുതല്‍ ഉണര്‍വോടെ പ്രവര്‍ത്തിച്ചാല്‍ രണ്ട് വര്‍ഷത്തിനകം പച്ചക്കറിയില്‍ കേരളത്തിന് സ്വയംപര്യാപ്തത നേടാനും ഗണ്യമായ തോതില്‍ കയറ്റി അയക്കാനും സാധിക്കുമെന്നതില്‍ സന്ദേഹമില്ല. ഈ ലക്ഷ്യത്തില്‍ 50 ലക്ഷം വീടുകളിലേക്ക് പച്ചക്കറി വിത്തുകള്‍ എത്തിക്കുന്നതിനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട് കൃഷിവകുപ്പ്. ഏത് തരം പച്ചക്കറി കൃഷിക്കും അനുയോജ്യമാണ് കേരളത്തിന്റെ മണ്ണ്. അതിന്റെ ഗണ്യമായൊരു ഭാഗവും ഇപ്പോഴും പ്രയോജനപ്പെടുത്താതെ തരിശായി ഇട്ടിരിക്കുകയാണ്. ഇവ ഫലപ്രദമായി വിനിയോഗിക്കുന്നതിന് കര്‍ഷകരെ സന്നദ്ധമാക്കാന്‍ പദ്ധതികളാവിഷ്‌കരിച്ചു നടപ്പാക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സന്നദ്ധ സംഘടനകളുടെ സഹകരണവും തേടാവുന്നതാണ്. വിദ്യാര്‍ഥികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ആരംഭിച്ച പദ്ധതിയും കാര്യക്ഷമമാക്കേണ്ടതുണ്ട്. വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്ന പച്ചക്കറി വിത്ത് പലവീട്ടുകാരും ഉപയോഗപ്പെടുത്താറില്ല. ഉത്പാദിപ്പിക്കപ്പെടുന്ന പച്ചക്കറി ഉപഭോക്താവിലെത്തിക്കുന്നതിനുള്ള സംവിധാനങ്ങളും വിപുലവും കാര്യക്ഷമവുമാക്കണം. ഇത്തരം സംവിധാനങ്ങളുടെ അപര്യാപ്തത പലപ്പോഴും ഇടനിലക്കാരുടെ ചൂഷണത്തിന് അവസരം ഒരുക്കുകയും കര്‍ഷകര്‍ക്ക് ന്യായ വില ലഭ്യമാകാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. വിപണി സൗകര്യത്തിന്റെ അഭാവത്തില്‍ കച്ചവടക്കാരുടെയും ഇടനിലക്കാരുടെയും നിര്‍ബന്ധത്തിന് വഴങ്ങി കൃഷിക്കാര്‍ കുറഞ്ഞ വിലക്ക് ഉത്പന്നങ്ങള്‍ വില്‍ക്കേണ്ടി വരുന്നത് പതിവാണ്. ചില്ലറ വില്‍പ്പന മേഖലയില്‍ കുത്തകകള്‍ പിടിമുറുക്കിയതോടെ ഈ പ്രവണത വര്‍ധിച്ചിട്ടുണ്ട്. ഇത് കര്‍ഷകര്‍ക്ക് ഉത്പാദനത്തില്‍ താത്പര്യം കുറയാന്‍ ഇടയാക്കും. പ്രാദേശിക സഹകരണ സംഘങ്ങള്‍ വഴി വിപണനത്തിനാവശ്യമായ സംവിധാനം സജ്ജീകരിക്കുകയാണ് ഫലപ്രദമായ മാര്‍ഗം. കൃഷിവകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സഹകരണ വകുപ്പിന്റെയും യോജിച്ച പ്രവര്‍ത്തനം ഇക്കാര്യത്തില്‍ കൂടുതല്‍ ഫലമുളവാക്കും.

Latest