Connect with us

International

അധികൃതര്‍ തടഞ്ഞു; ബുഡാപെസ്റ്റില്‍ അഭയാര്‍ഥികളുടെ പ്രതിഷേധം

Published

|

Last Updated

ബുഡാപെസ്റ്റ്: അഭയാര്‍ഥികളായെത്തിയ ആയിരക്കണക്കിന് പേരെ ബുഡാപെസ്റ്റിലെ പ്രധാന അന്താരാഷ്ട്ര റെയില്‍വേ സ്റ്റേഷന് പുറത്ത് അധികൃതര്‍ തടഞ്ഞു വെച്ചു. മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കഴിയാതെ രണ്ട് ദിവസമായി തടഞ്ഞുവെക്കപ്പെട്ട അഭയാര്‍ഥികള്‍ ഇതോടെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. സ്വാതന്ത്ര്യം വേണമെന്ന് മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധം. നിയമമനുസരിച്ചുള്ള വിസ ഉള്ളവര്‍ക്ക് മാത്രമാണ് പ്രവേശം നല്‍കുകയുളളൂവെന്ന് ഹംഗറി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ട്രെയിനില്‍ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന് അഭയാര്‍ഥികള്‍ അധികൃതരോട് ആവശ്യപ്പെടുന്നുണ്ട്. നിലവില്‍ റെയില്‍വേ സ്റ്റേഷന് പുറത്തെ സാഹചര്യം വളരെ അപകടകരമാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. തങ്ങളനുഭവിക്കുന്ന പ്രയാസങ്ങള്‍ അധികൃതരെ ബോധ്യപ്പെടുത്താന്‍ വേണ്ടി ഒരു കുട്ടിയെ അഫ്ഗാനിസ്ഥാനില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള അഭയാര്‍ഥികള്‍ ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് അധികൃതര്‍ക്ക് മുമ്പില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ നിയമവിരുദ്ധമായി എത്തുന്ന കുടിയേറ്റക്കാര്‍ക്ക് വിസ ഉണ്ടെങ്കില്‍ മാത്രമേ ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നാണ് ഹംഗേറിയന്‍ സര്‍ക്കാറിന്റെ നിലപാട്. ഒരു ട്രെയിന്‍ ടിക്കറ്റ് കൊണ്ട് മാത്രം യൂറോപ്യന്‍ യൂനിയന്റെ നിയമങ്ങള്‍ മാറ്റാനാകില്ലെന്നും സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. ബുഡാപെസ്റ്റിലെ കെലേറ്റി റെയില്‍വേ സ്റ്റേഷന് പുറത്ത് മുവായിരത്തിലധികം അഭയാര്‍ഥികള്‍ ഉള്ളതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വളരെ കുറച്ച് പേര്‍ക്ക് മാത്രം അധികൃതര്‍ അത്യാവശ്യമായി ഭക്ഷണവും വസ്ത്രവും മെഡിക്കല്‍ സഹായവും നല്‍കുന്നുണ്ട്.
തങ്ങള്‍ക്ക് യൂറോപ്പിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ കുടിയേറാന്‍ ആഗ്രഹമില്ലെന്നും സിറിയയിലെ ഭയാനകമായ സ്ഥിതിവിശേഷങ്ങളെ തുടര്‍ന്നാണ് അവിടെ നിന്ന് ഓടിപ്പോന്നതെന്നും സിറിയയിലെ യുദ്ധം അവസാനിപ്പിച്ചാല്‍ തിരിച്ചുപോകുമെന്നും അഭയാര്‍ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു.