Connect with us

Thiruvananthapuram

തിരിച്ചയച്ച ഓര്‍ഡിനന്‍സ് വീണ്ടും ഗവര്‍ണര്‍ക്ക്‌

Published

|

Last Updated

തിരുവനന്തപുരം;സ്‌പോര്‍ട്‌സ് ആക്ടില്‍ ഭേദഗതി നിര്‍ദേശിക്കുന്ന ഓര്‍ഡിനന്‍സ് അംഗീകാരത്തിനായി വീണ്ടും ഗവര്‍ണര്‍ക്ക് അയക്കും. സംസ്ഥാന സര്‍ക്കാറിന്റെ കായിക നയത്തിനനുസൃതമായി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായാണു സര്‍ക്കാര്‍ ഭേദഗതി ആവശ്യപ്പെടുന്നത്. പുതിയ ഭേദഗതി പ്രകാരമുള്ള ഭരണസമിതികള്‍ സംസ്ഥാന-ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ അടിയന്തരമായി സ്ഥാനമേല്‍ക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ശിപാര്‍ശ. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ സംസ്ഥാന കായിക വികസനനിധി രൂപവത്കരിക്കുന്നതടക്കമുള്ള ഭേദഗതികളാണ് നിര്‍ദേശിക്കുന്നത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, അസോസിയേഷനുകള്‍, ട്രസ്റ്റുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള എല്ലാ ധനസഹായങ്ങളും വികസന നിധിയില്‍ വരവ് വെക്കണമെന്ന് ഭേദഗതിയില്‍ വ്യവസ്ഥ ചെയ്യുന്നത്. കായികതാരങ്ങള്‍, കായിക പരിശീലകര്‍, സ്ഥാപനങ്ങള്‍, പരുക്കു പറ്റുന്ന കായികതാരങ്ങള്‍ തുടങ്ങിയവര്‍ക്കു നിധിയില്‍ നിന്നും ധനസഹായം നല്‍കും. കായിക മന്ത്രി ചെയര്‍മാനായ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് രൂപവത്കരിക്കണമെന്നതാണു മറ്റൊരു വ്യവസ്ഥ. സംസ്ഥാനതലത്തില്‍ ഒരു കായിക ഇനത്തിന് ഒരു അംഗീകൃത സംഘടന മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. അംഗീകാരമുള്ള സംഘടനക്കു മാത്രമെ സാമ്പത്തിക സഹായം ലഭിക്കുകയുള്ളൂ. തുടങ്ങിയ വ്യവസ്ഥകളുമുണ്ട്. ഈ സംഘടനകളുടെ ഘടന സംഘടനയിലെ അംഗങ്ങള്‍ അവരുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം എന്നിവ സംബന്ധിച്ചും കൃത്യമായ മാനദണ്ഡങ്ങളും ഭേദഗതിയിലുണ്ട്. സ്‌പോര്‍ട്‌സിലോ ഗെയിംസിലോ താത്പര്യമുള്ളവരില്‍ നിന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന രീതിയാണ് ഭേദഗതിയിലുള്ളത്. നിലവില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗമായ പ്രമുഖ കായികതാരങ്ങളില്‍നിന്നാണു സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിനെ നിശ്ചയിക്കുന്നത്. സംസ്ഥാന സര്‍വ്വകലാശാലകളില്‍ നിന്നും നാല് ഫിസിക്കല്‍ എജുക്കേഷന്‍ ഡയരക്റ്റര്‍മാര്‍, അന്തര്‍ദേശീയ അംഗീകാരം ലഭിച്ച രണ്ടു പരിശീലകര്‍, അന്തര്‍ ദേശീയ ചാംപ്യന്‍ഷിപ്പുകളില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്ത രണ്ടു വനിതകളടക്കമുള്ള നാലു കായികതാരങ്ങള്‍ എന്നിവിഭാഗങ്ങളില്‍ നിന്നായി സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്നവരായിരിക്കും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങള്‍. കലക്ടര്‍ നിര്‍ദേശിക്കുന്ന മൂന്ന് പേരുടെ പാനലില്‍ നിന്നും ഒരാളെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. ജില്ലയിലെ എംഎല്‍എമാരില്‍ നിന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മൂന്ന് എംഎല്‍ എമാര്‍, മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍മാര്‍, മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍, ജില്ലാ- ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരില്‍ നിന്നും സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന ഓരോ അംഗങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍. സെക്രട്ടേറിയറ്റ് സര്‍വീസിലെ സെക്ഷന്‍ ഒഫീസര്‍, സര്‍ക്കാര്‍ സര്‍വീസിലെ വിവിധ വകുപ്പുകളില്‍ സമാനപദവി വഹിക്കുന്നവര്‍ എന്നിവരില്‍ നിന്നായിരിക്കും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയെ നിയമിക്കുക. സംസ്ഥാന – ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ തലപ്പത്തിരിക്കേണ്ടവരേയും അംഗങ്ങളേയും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്തിരുന്ന സമ്പ്രദായം തിരുത്തിയെഴുതുന്നതാണ് ഭേദഗതി. അംഗീകൃത കായിക സംഘടനകളില്‍നിന്ന് തെരഞ്ഞെടുപ്പിലൂടെ സംസ്ഥാന – ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന രീതിയും മാറും.

Latest