Connect with us

Kerala

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: കൂടുതല്‍ വിശദാംശങ്ങള്‍ കൈമാറും

Published

|

Last Updated

തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്രം കൂടുതല്‍ വിശദാംശം തേടി. കേന്ദ്രത്തിന്റെ ആവശ്യ പ്രകാരം കേരളം കൂടുതല്‍ വിശദാംശങ്ങള്‍ കൈമാറും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുകയും പ്രൊഫ. ഉമ്മന്‍ വി ഉമ്മനെ മന്ത്രിസഭാ യോഗത്തിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. നേരത്തേ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേരളം കേന്ദ്രസര്‍ക്കാരിന് വിവരങ്ങള്‍ കൈമാറിയിരുന്നു. ഗോവയും കേരളവും ഒഴികെ മറ്റ് സംസ്ഥാനങ്ങളൊന്നും തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേരളത്തോട് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടത്.
പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതിലോല മേഖലാ വിഭജനം നടത്തി സംസ്ഥാനസര്‍ക്കാര്‍ ഏറ്റവുമൊടുവില്‍ സമര്‍പ്പിച്ച വില്ലേജ്തല റിപ്പോര്‍ട്ടിലാണ് കേന്ദ്രം ആശങ്ക അറിയിച്ചത്. ഒരു വില്ലേജില്‍ തന്നെ പരിസ്ഥിതിലോല മേഖലയും (ഇഎസ്എ) ജനവാസകേന്ദ്രവും വെവ്വേറെ വിഭജിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരിസ്ഥിതിസംരക്ഷണം ഉറപ്പാക്കുന്നതില്‍ അവ്യക്തതയുണ്ടെന്ന് കാട്ടി കേന്ദ്രം വിശദീകരണം തേടിയത്. ജനസാന്ദ്രതയേറിയ കേരളം പോലൊരു സംസ്ഥാനത്ത് ഇത് മാത്രമാണ് പ്രായോഗികം എന്ന നിലപാടില്‍ ഉറച്ചുനിന്ന് വിശദീകരണം നല്‍കാനാണ് മന്ത്രിസഭായോഗ തീരുമാനം. ഇക്കാര്യം വിശദീകരിച്ച് നാളെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രിക്ക് നേരിട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഡല്‍ഹിക്ക് പോകും.
പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അതിര്‍ത്തി നിര്‍ണയം നടത്തി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് നേരത്തേ 123 വില്ലേജുകളെ പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കി സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍്കിയിരുന്നു. പിന്നീട് വനം വകുപ്പിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച് കോട്ടയം ജില്ലയിലെ നാല് വില്ലേജുകളെ ഒഴിവാക്കി. അതിനുശേഷമാണ് ഓരോ വില്ലേജിലെയും പരിസ്ഥിതിലോല മേഖലയെയും ജനവാസമേഖലയെയും വേര്‍തിരിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേന്ദ്ര വനംമന്ത്രാലയത്തിന്റെ പക്കലുള്ള വന വിസ്തൃതിയുമായി ഭൂപടങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനം നല്‍കിയ കണക്ക് പൊരുത്തപ്പെടുന്നില്ലെന്നാണു കേന്ദ്രം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേരളം സമര്‍പ്പിച്ച ഇഎസ ്എ ഭൂപടം മൊത്തം ഭൂപടത്തില്‍ പ്രത്യേകമായി ഉള്‍ച്ചേര്‍ത്തു നല്‍കാനും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുറമേ പരിസ്ഥിതിലോല മേഖലകളെയും ജനവാസകേന്ദ്രങ്ങളെയും ഒറ്റനോട്ടത്തില്‍ തിരിച്ചറിയാവുന്ന വിധത്തില്‍ രേഖപ്പെടുത്തി സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. രണ്ട് കാര്യങ്ങളും നാളെ സമര്‍പ്പിക്കാനാണു തീരുമാനം. ഡോ. ഉമ്മന്‍ വി ഉമ്മനും ഡല്‍ഹിയില്‍ പോകുന്നുണ്ട്.