Connect with us

Malappuram

ചേളാരി ചന്ത പുതിയസ്ഥലത്തേക്ക് മാറ്റി

Published

|

Last Updated

തിരൂരങ്ങാടി: ആശങ്ക ബാക്കിനില്‍ക്കെ ചേളാരി ചന്ത പുതിയ സ്ഥലത്തേക്ക് മാറ്റി. ദേശീയപാതയില്‍ നിന്ന് മുക്കാല്‍ കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗത്ത് ഐ ഒ സിക്ക് പിന്‍വശത്തെ വിശാലമായ സ്ഥലത്തേക്കാണ് ചന്തമാറ്റിയിട്ടുള്ളത്. ചൊവ്വാഴ്ചകളില്‍ നടക്കുന്ന ആഴ്ച ചന്ത കഴിഞ്ഞ ചൊവവ്വാഴ്ച ഈ സ്ഥലത്താണ് നടന്നത്.
മുന്‍കൂട്ടി അറിയിപ്പും മറ്റും ഉണ്ടായിരുന്നതിനാല്‍ സ്ഥിരം വരാറുള്ളവര്‍ പതിവുപോലെ എത്തിയിരുന്നുവെങ്കിലും ഇടവിട്ട് വരാറുള്ളവര്‍ മാറ്റിയത് അറിയാതെ പകച്ചുനിന്നു. കന്നുകാലി വില്‍പനക്ക് കേളികേട്ട ഈചന്തക്ക് പുതിയ സ്ഥലത്ത് വിശാലമായ സ്ഥലവും വലിയലോറികള്‍ അടക്കം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിത്യോപയോഗ വസ്തുക്കളുടെ വില്‍പനക്കായി ഷെഡുകളും കൗണ്ടറുകളും നിര്‍മിച്ചിട്ടുണ്ട്. ചന്ത ഇങ്ങോട്ട് മാറ്റിയത് ദേശീയപാതയില്‍ ചേളാരിയിലെ ഗതാഗതക്കുരുക്കിന് ഏറെ പരിഹാരമായിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. കന്നു കാലിചന്ത ദേശീയപാതയോരത്തെ പറമ്പിലും മറ്റു കച്ചവടങ്ങളുമെല്ലാം റോഡരുകിലുമാണ് നടക്കാറുള്ളത്.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കാലികളുമായി എത്തുന്ന വാഹനങ്ങളുടേയും തെരുവ് കച്ചവടക്കാരുടേയും തിരക്ക് കാരണം ചന്തദിവസങ്ങളില്‍ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇന്നലെ ചേളാരി ടൗണ്‍വളരെ ശാന്തമായിരുന്നു. അതേസമയം ചന്തയുടെ സ്ഥലംമാറ്റിയത് ചെറുകിട കച്ചവടക്കാര്‍ക്കും സാധനങ്ങള്‍ വാങ്ങാനെത്തുന്ന സാധാരണക്കാര്‍ക്കും ഏറെ പ്രയാസമാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും അഭിപ്രായമുണ്ട്. സ്ത്രീകളും വൃദ്ധരുമടക്കം ചേളാരിയില്‍ ബസിറങ്ങി നടന്ന് വേണം ചന്തയിലെത്താന്‍. അല്ലെങ്കില്‍ ഓട്ടോ വിളിക്കണം. നിത്യോപയോഗ വസ്തുക്കള്‍ക്കായി ഇത്രയും പ്രയാസപ്പെട്ട് ആളുകള്‍ എത്തുന്നത് കുറയുമെന്ന് കച്ചവടക്കാര്‍ പറയുന്നു. ഇന്നലെ തന്നെ ചന്തയില്‍ ഇത് പ്രകടമായിരുന്നു. മാംസം, മത്സ്യം, പച്ചക്കറി വില്‍പനയില്‍ ഇത് ഏറെകാണപ്പെട്ടു. അടുത്ത ആഴ്ച മുതല്‍ ചെറുകിട കച്ചവടക്കാരില്‍ പലരും ഇവിടെനിന്ന് കൂടൊഴിയുമെന്നാണ് ഇവരില്‍നിന്ന് അറിയാന്‍ കഴിഞ്ഞത്. മുന്നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ചന്ത മൂന്നിയൂര്‍ പഞ്ചായത്തില്‍ നിന്നും തേഞ്ഞിപ്പലം പഞ്ചായത്തിലേക്കാണ് ഇപ്പോള്‍ മാറിയിട്ടുള്ളത്.

Latest