Connect with us

Wayanad

പൊന്നാനിയിലെ പുതിയ ബോട്ട് സര്‍വീസ്; ജാഗ്രത പാലിക്കണമെന്ന് ആവശ്യമുയരുന്നു

Published

|

Last Updated

പൊന്നാനി: യാത്രാ ബോട്ട് ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ പൊന്നാനി നഗരസഭ പുതിയ പാസഞ്ചര്‍ ബോട്ട് സര്‍വീസ് ആരംഭിക്കുമ്പോള്‍ മതിയായ ജാഗ്രത പാലിക്കണമെന്ന് ആവശ്യമുയരുന്നു. സുരക്ഷാ കാര്യങ്ങളില്‍ പൂര്‍ണത ഉറപ്പ് വരുത്തിയാകണം സര്‍വ്വീസിന് അനുമതി നല്‍കേണ്ടത്.
ശക്തമായ അടിയൊഴുക്ക് അനുഭവപ്പെടുന്ന അഴിമുഖം മേഖലയിലൂടെ നടത്തുന്ന സര്‍വ്വീസ് ആയതിനാല്‍ ഇത് അത്യന്താപേക്ഷിതമാണ്. പടിഞ്ഞാറേക്കര അഴിമുഖം മേഖലയില്‍ സര്‍വ്വീസ് നടത്തിയിരുന്ന ചങ്ങാടം കഴിഞ്ഞ വര്‍ഷം കടലിലേക്ക് ഒലിച്ചുപോയിരുന്നു. ഇരുപത്തി അഞ്ചോളം യാത്രക്കാര്‍ അപകടത്തില്‍ പെട്ട ചങ്ങാടത്തിലുണ്ടായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ദുരന്തമൊഴിഞ്ഞത്. സുരക്ഷാ സൗകര്യങ്ങളൊന്നുമില്ലാതിരുന്ന ചങ്ങാടം സര്‍വ്വീസ് നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണ് ഒരു വര്‍ഷത്തിനു ശേഷം പാസഞ്ചര്‍ ബോട്ട് സര്‍വ്വീസ് ആരംഭിക്കാനുള്ള തീരുമാനം പൊന്നാനി നഗരസഭ കൈക്കൊണ്ടിരിക്കുന്നത്. പഴഞ്ചന്‍ ബോട്ടുകള്‍ ലൈസന്‍സില്ലാതെയും സുരക്ഷാ സംവിധാനങ്ങളില്ലാതെയും സര്‍വ്വീസ് നടത്തുന്ന സ്ഥിതിയാണ് പൊതുവില്‍ നിലനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ നഗരസഭയുടെ നേരിട്ടുള്ള ഇടപെടലും നിരീക്ഷണവും ഉണ്ടായാലേ ഫിറ്റ്നസുള്ള ബോട്ടുകള്‍ കണ്ടെത്താനാകൂ. ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ പേരിനു മാത്രം കരുതുന്ന രീതിയാണ് തുടരുന്നത്.
ലൈഫ് ജാക്കറ്റ്, ഫയര്‍ എക്സ്റ്റീംഗ്വിഷര്‍, മെഡിക്കല്‍ കിറ്റ് എന്നിവ ബോട്ടിലുണ്ടായിരിക്കണമെന്നാണ് നിയമം. മൂന്നു തരം ലൈഫ് ജാക്കറ്റുകള്‍ കരുതണം. എന്നാല്‍ വായു നിറച്ച റബ്ബര്‍ ട്യൂബുകളില്‍ പെയിന്റടിച്ച് പ്രദര്‍ശിപ്പിക്കുന്ന രീതിയാണ് തുടരുന്നത്. സുരക്ഷാ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ പ്രത്യേകം പരിശീലനം നേടിയിട്ടുണ്ടെന്ന് ഉറപ്പു വരുത്താനാകണം. പ്രത്യേകമായി നിര്‍ദ്ദേശിച്ചിട്ടുള്ള രൂപകല്‍പ്പന പ്രകാരം തയ്യാറാക്കപ്പെട്ട ബോട്ടുകളായിരിക്കണം സര്‍വ്വീസിന് അനുമതി നല്‍കേണ്ടത്.