Connect with us

Editorial

സ്വകാര്യ സര്‍വകലാശാലകള്‍

Published

|

Last Updated

സംസ്ഥാനത്ത് സ്വകാര്യസര്‍വകലാശാലക്ക് ശിപാര്‍ശ ചെയ്യുന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സമര്‍പ്പിച്ചെങ്കിലും ഇതുസംബന്ധിച്ചു സര്‍ക്കാറില്‍ ഉടലെടുത്ത ഭിന്നത തുടരുകയാണ്. വിദ്യാഭ്യാസമന്ത്രി അബ്ദുര്‍റബ്ബിന് ഈ നീക്കത്തോട് കടുത്ത വിയോജിപ്പാണ്. ഉന്നതവിദ്യാഭ്യാസത്തിന് യഥേഷ്ടം അവസരങ്ങള്‍ കേരളത്തിലുണ്ടെ ന്നിരിക്കെ സ്വകാര്യ സര്‍വകലാശാലകളുടെ ആവശ്യമില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സ്വകാര്യ പ്രൊഫഷനല്‍ കോളജുകള്‍ സൃഷ്ടിച്ചതിനേക്കാള്‍ ഗുരുതരമായിരിക്കും സ്വകാര്യ സര്‍വകലാശാലകള്‍ ഉളവാക്കുന്ന പ്രത്യാഘാതങ്ങളെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. എന്നാല്‍ സര്‍ക്കാറിന് മുതല്‍മുടക്കില്ലാതെ, ആധുനിക കോഴ്‌സുകള്‍ക്ക് അവസരമൊരുക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് ഗുണപ്രദമാകുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
തൃശൂര്‍ അതിരൂപതയും ഡല്‍ഹി ആസ്ഥാനമായ അമിറ്റി യൂനിവേഴ്‌സിറ്റി ഗ്രൂപ്പുമാണ് സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാല തുടങ്ങാന്‍ അനുമതി ആവശ്യപ്പെട്ട് രംഗത്തുള്ളത്. അനുമതി നേടിയെടുക്കുന്നതിന് മുഖ്യമന്ത്രിയെയാണ് ഈ ഏജന്‍സികള്‍ ആദ്യം സമീപിച്ചത്. ഇതടിസ്ഥാനത്തില്‍ സ്വകാര്യ സര്‍വകലാശാലയുടെ സാധ്യത പഠിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയും, ഡോ. സിറിയക് തോമസ് അധ്യക്ഷനായ വിദഗ്ധ സമിതിയെ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസന്‍ നിയോഗിക്കുകയും ചെയ്തു. മറ്റ് സംസ്ഥാനങ്ങളുടെ മാതൃകയില്‍ ട്രസ്റ്റുകള്‍ക്കും സൊസൈറ്റികള്‍ക്കും സര്‍വകലാശാലകള്‍ തുടങ്ങാന്‍ അനുതി നല്‍കാമെന്നാണ് സമിതി ശിപാര്‍ശ. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം വളരെ പിന്നിലാണെന്നും സ്വകാര്യ സര്‍വകലാശാലകള്‍ ഇതിന് പരിഹാരമാകുമെന്നും സമിതി വിലയിരുത്തുന്നു. ചില ഭേദഗതികളോടെയാണ് സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചത്. മാനേജ്‌മെന്റിന് ഏത് സമയത്തും വൈസ് ചാന്‍സലറെ പിരിച്ചുവിടാന്‍ സഹായകമാകുന്ന വിധത്തിലായിരുന്നു സമിതി റിപ്പോര്‍ട്ട്. ഇത് തിരുത്തി വി സിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ സ്വഭാവദൂഷ്യമോ സാമ്പത്തിക ക്രമക്കേടോ തെളിയണമെന്ന് വ്യവസ്ഥ വെച്ചിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വകലാശാലകളുടെയും കോളജുകളുടെയും മാതൃകയില്‍ സംവരണം ഏര്‍പ്പെടുത്തണമെന്നതാണ് മറ്റൊരു ഭേദഗതി.
സ്വകാര്യ സര്‍വകലാശാലയുമായി ബന്ധപ്പെട്ട ആലോചനകളും തീരുമാനങ്ങളുമെല്ലാം വിദ്യാഭ്യാസ മന്ത്രി അറിയാതെയാണെന്നാണ് പറയുന്നത്. വിദഗ്ധ സമിതിയെ നിയോഗിക്കുന്ന വിവരം മന്ത്രിയെ അറിയിച്ചില്ല. മുഖ്യമന്ത്രി ഇക്കാര്യം നേരിട്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനെ ഏല്‍പ്പിക്കുകയായിരുന്നു. പഠന റിപ്പോര്‍ട്ട് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ വിദ്യാഭ്യാസമന്ത്രിക്ക് സമര്‍പ്പിക്കുന്നതിന് പകരം മുഖ്യമന്ത്രിക്കാണ് കൈമാറിയത്. പതിവിന് വിപരീതമായ ഈ നടപടികളാണ് അബ്ദുര്‍റബ്ബിനെ ചൊടിപ്പിച്ചതും സ്വകാര്യ സര്‍വകലാശാലക്ക് അനുമതി നല്‍കുന്നതിനോട് അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിക്കാനിടയാക്കിയതും. മാത്രമല്ല. സ്വകാര്യ സര്‍വകലാശാല അനുവദിക്കുന്നതിന് ഇത്ര തിടുക്കവും താത്പര്യവും കാണിക്കുന്ന സര്‍ക്കാര്‍, അറബിക് സര്‍വകലാശാലയുടെ കാര്യത്തില്‍ അനാവശ്യ താമസം വരുത്തുകയാണെന്നും മന്ത്രിക്കും ലീഗിനും പരാതിയുണ്ട്.
ഇവരുടെ എതിര്‍പ്പ് രാഷ്ട്രീയ കാരണത്താലെങ്കില്‍ പ്രത്യയശാസ്ത്രപരമായ വിയോജിപ്പ് മൂലം ഇടത് പ്രസ്ഥാനങ്ങളും സ്വകാര്യ സര്‍വകലാശാലക്കെതിരാണ്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിന് ഇത് സഹായകമാകില്ലെന്നും ഇടനിലക്കാരും ഒറ്റുകാരുമൊക്കെ ഇടപഴകുന്ന വിദ്യാഭ്യാസരംഗത്തെ ഏറ്റവും അഴുകിയ ഇടങ്ങളാണ് ഇത്തരം സ്ഥാപനങ്ങളെന്നുമാണ് അവരുടെ ആക്ഷേപം. ഗുണനിലവാരത്തകര്‍ച്ച, അഴിമതി തുടങ്ങിയ കാരണങ്ങളാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി സ്വകാര്യ സര്‍വകലാശാലകള്‍ അടച്ചുപൂട്ടിയ കാര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് യുക്തിസഹമല്ലാത്ത എതിര്‍പ്പാണ്. എല്ലാ രംഗത്തുമുണ്ട് നല്ലതും തിയ്യതും. മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്നതും വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചക്ക് സഹായകവുമായി നിരവധി സ്വകാര്യ സ്ഥാപനങ്ങളും രാജ്യത്തുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം സേവന മേഖലകളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിക്കൊണ്ടിരിക്കെ സ്വകാര്യ മേഖലയയെ കണ്ണടച്ച് എതിര്‍ക്കുന്നത് ചിന്താശൂന്യമാണ്. എന്നാല്‍ ഫീസ് നിശ്ചയിക്കാനുള്ള അവകാശം പൂര്‍ണമായും അതാത് മാനേജ്‌മെന്റിന് നല്‍കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളില്‍ പുനരാലോചന ആവശ്യമാണ്. സര്‍ക്കാര്‍ ഇടപെടലുകള്‍ തീര്‍ത്തും ഇല്ലായ്മ ചെയ്യുന്ന തരത്തിലാണ് ഇതിന്റെ ഘടനക്ക് രൂപം നല്‍കിയതെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. അതും പരിശോധിക്കപ്പെടേണ്ടതുണ്ട്. സമഗ്രമായ ചര്‍ച്ചക്കും കൂടിലായാലോചനകള്‍ക്കും ശേഷമായിരിക്കണം അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്. യു ഡി എഫ് യോഗത്തിലും മന്ത്രിസഭയിലും ചര്‍ച്ച ചെയ്തു സമവായത്തിലെത്തിയ ശേഷമേ അനുമതി നല്‍കുകയുള്ളൂ എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുമുണ്ട്.