Connect with us

Articles

ആര്‍ ശങ്കറിന് കഴിയാത്തത് വെള്ളാപ്പള്ളിക്ക് കഴിയുമോ?

Published

|

Last Updated

ചാനലുകള്‍ അഥവാ, ദൃശ്യമാധ്യമങ്ങള്‍ വ്യാവസായിക താത്പര്യങ്ങളോടെയും രാഷ്ട്രീയ താത്പര്യങ്ങളോടെയും മത്സരബുദ്ധിയോടെ പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം താരപരിവേഷം ലഭിച്ച ഒട്ടേറെ വ്യക്തികള്‍ നമ്മള്‍ക്കിടയിലുണ്ട്. ഷാജഹാന്‍, ടി പിയുടെ വിധവ രമ, സന്തോഷ് പണ്ഡിറ്റ്, ഭാര്‍ഗവഭാര്‍ഗവ രാമന്‍ജി, സരിത എസ് നായര്‍, കെ സി ഉമേഷ് ബാബു തുടങ്ങിയവരാണ് അത്തരക്കാരില്‍ പ്രധാനികള്‍. ഇക്കൂട്ടത്തില്‍ പെടുത്താവുന്ന ഒരാളാണ് തീര്‍ച്ചയായും വെള്ളാപ്പള്ളി നടേശന്‍. ഇദ്ദേഹം ഇപ്പോള്‍ എല്ലാവരെയും ശ്രീനാരായണ ഗുരുധര്‍മവും എസ് എന്‍ ഡി പിയുടെ ചരിത്രവുമൊക്കെ പഠിപ്പിക്കാന്‍ അധികാരപ്പെട്ട ആളായി ചാനലുകളിലൂടെ വായില്‍ വന്നതൊക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതൊക്കെ കണ്ടും കേട്ടും പലരും രാഷ്ട്രീയ മനപ്പായസം ഉണ്ടുതുടങ്ങിയിട്ടുണ്ട്. ഇടതുപക്ഷത്തുള്ള ചിലരെങ്കിലും വെള്ളാപ്പള്ളി വിചാരിച്ചാല്‍ കേരളത്തിലെ രാഷട്രീയ സ്വഭാവഘടന മാറിമറിയുമെന്ന മട്ടില്‍ അല്ലറ ചില്ലറ ആശങ്കകളും പങ്കുവെച്ച് കാണുന്നുണ്ട്. ഈ മനപ്പായസമുണ്ണലിലും ആശങ്കപ്പെടലുകളിലും പറയത്തക്ക എന്തെങ്കിലും യാഥാര്‍ഥ്യമുണ്ടോ? ഇക്കാര്യമാണ് ഇവിടെ ചുരുക്കത്തിലൊന്ന് പരിശോധിക്കുന്നത്.
എസ് എന്‍ ഡി പിയെ സംബന്ധിച്ച് ആര്‍ ശങ്കറിനും നായര്‍ സര്‍വീസ് സൊസൈറ്റിയെ സംബന്ധിച്ച് മന്നത്ത് പത്മനാഭനും ഉണ്ടായിരുന്നിടത്തോളം പ്രാമാണ്യവും സ്വാധീനവും രാഷ്ട്രീയ കൗശലവും ഒന്നും ഉള്ളയാളുകളല്ല വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായരും. അതിനാല്‍, ഹിന്ദുത്വ രാഷ്ട്രീയ താത്പര്യങ്ങളിലേക്ക് ഈഴവരെയും നായന്മാരെയും ഒന്നടങ്കം കൂട്ടുചേര്‍ക്കുക എന്ന ദൗത്യം ശങ്കറും മന്നവും വിചാരിച്ചിട്ടു പോലും നടക്കാത്ത കാര്യങ്ങളായിരുന്നു എന്ന ചരിത്ര വസ്തുത കൂടി കണക്കിലെടുത്തിട്ട് വേണം വെള്ളാപ്പള്ളിയുടെ പിത്തലാട്ടങ്ങള്‍ക്ക് അനാവശ്യമായ രാഷ്ട്രീയ പ്രാധാന്യം കല്‍പ്പിക്കാന്‍ എന്നു പറഞ്ഞേ പറ്റൂ. 1964ല്‍ ആര്‍ ശങ്കറും മന്നത്ത് പന്മനാഭനും ഒക്കെ ചേര്‍ന്ന് ഹിന്ദു മഹാമണ്ഡലം രൂപവത്കരിച്ച് കേരളത്തിന്റെ രാഷ്ട്രീയ ഘടന ഹൈന്ദവനും ഹൈന്ദവേതരനും എന്ന് വേര്‍തിരിക്കാന്‍ കിണഞ്ഞു ശ്രമിച്ചിരുന്നു. ആ ശ്രമം ദയനീയമായ രാഷ്ട്രീയ പരാജയമാക്കിത്തീര്‍ത്ത പാരമ്പര്യമാണ് കേരളത്തിലെ ഈഴവര്‍ക്കും നായന്മാര്‍ക്കും ഉള്ളത്. സാമുദായിക സംഘടനകളും രാഷ്ട്രീയവും വേറെവേറെയാണെന്ന തിരിച്ചറിവ് എക്കാലത്തും കേരളത്തിലെ ഹൈന്ദവ ജനത കാത്തുസൂക്ഷിച്ചിരുന്നു എന്നര്‍ഥം. ജനതയുടെ ഈ വിവേകത്തെ ഒരിക്കലും ജാതി നേതൃത്വങ്ങള്‍ക്ക് അട്ടിമറിക്കാനായിട്ടില്ല. അങ്ങനെ സാധിച്ചിരുന്നു വെങ്കില്‍, കോണ്‍ഗ്രസുകാരായ ശങ്കറും രാഹുലനും ഒക്കെ എസ് എന്‍ ഡി പി നേതൃത്വത്തില്‍ ഉണ്ടായിരുന്നു എന്ന ഒറ്റക്കാരണത്താല്‍ തന്നെ കേരളത്തിലെ മുഴുവന്‍ ഈഴവരും കോണ്‍ഗ്രസുകാരാകുകയും അതുവഴി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഒരൊറ്റ ഈഴവന്‍ പോലും ഇല്ലാതാകുകയും ചെയ്‌തേനേ. മന്നത്ത് പത്മനാഭനും കോണ്‍ഗ്രസുകാരനായിരുന്നു. അതുകൊണ്ട് നായന്മാര്‍ എല്ലാവരും കോണ്‍ഗ്രസുകാര്‍ മാത്രമായിരുന്നിട്ടില്ലെന്നും ഓര്‍മിക്കണം. ജനങ്ങളുടെ ഈ രാഷ്ട്രീയ വിവേകത്തിന്റെയും വികാരത്തിന്റെയും ചരിത്രം വായിച്ചറിയാതെ വെള്ളാപ്പള്ളി എന്ന എസ് എന്‍ ഡി പി നേതാവ് അമിത് ഷാ എന്ന ബി ജെ പി പ്രസിഡന്റുമായി ധാരണയിലെത്തിയാല്‍, കേരളത്തിലെ ഈഴവരെല്ലാം ബി ജെ പിക്ക് വോട്ട് ചെയ്യും എന്ന് കരുതുന്നത് മണ്ടത്തരത്തിന്റെ പരമകാഷ്ഠയാണ്. മാത്രമല്ല, വെള്ളാപ്പള്ളി നടേശന്‍ തോല്‍പ്പിക്കും എന്ന് പറഞ്ഞവരൊക്കെ തിരഞ്ഞെടുപ്പില്‍ ജയിക്കുകയും ജയിപ്പിക്കും എന്ന് പറഞ്ഞവരൊക്കെ തോല്‍ക്കുകയും ചെയ്ത ചരിത്രം കൂടി വായിക്കുമ്പോള്‍, രാഷ്ട്രീയ തീരുമാനമെടുക്കുന്നതില്‍ കേരളത്തിലെ ഈഴവര്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ക്ക് കല്‍പ്പിച്ചുവരുന്ന വല എന്തെന്നും ആര്‍ക്കും ബോധ്യമാകും. അതിനാല്‍, വെള്ളാപ്പള്ളിയുടെ വാക്കുകളെയും നടപടികളെയും കണക്കിലെടുത്ത് രാഷ്ട്രീയ മനപ്പായസമുണ്ണാനും ആശങ്കപ്പെടാനും അമിതാവേശം കാണിക്കുന്നതില്‍ നിന്ന് ശരിയായ രാഷ്ട്രീയ വിവേകമുള്ള രാഷ്ട്രീയ നേതൃത്വങ്ങള്‍ പിന്മാറാന്‍ ചങ്കൂറ്റം കാണിക്കണം. കേരളത്തിലെ ഈഴവരും പൊതുവേ ഹൈന്ദവ സമൂഹവും വെള്ളാപ്പള്ളിമാര്‍ അവരുടെ നിക്ഷിപ്ത താത്പര്യങ്ങളാല്‍ കാലാകാലങ്ങളില്‍ പുലമ്പുന്ന കാര്യങ്ങള്‍ അനുസരിക്കാനല്ല, ശ്രീനാരായണ ഗുരു പറഞ്ഞ കാര്യങ്ങള്‍ അനുവര്‍ത്തിക്കാനാണ് താത്പര്യം എടുത്തിട്ടുള്ളത്. അതിനാല്‍, മതേതര രാഷ്ട്രീയത്തിനല്ലാതെ മതവാദ രാഷ്ട്രീയത്തിന് ഒരിക്കലും കേരളത്തില്‍ അക്കൗണ്ട് തുറക്കാനാവില്ല. എസ് ഡി പി ഐക്കോ ബി ജെ പിക്കോ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ നാരായണ ഗുരു ജനിച്ചുജീവിച്ച കേരള മണ്ണിലും മലയാളി മനസ്സിലും ഇടം ലഭിക്കില്ലെന്ന് ചുരുക്കം.

Latest