Connect with us

Eranakulam

പ്രതിയായ വൈദികന്‍ ഒളിവില്‍ പോയിട്ട് ആറ് മാസം; തുമ്പും വാലുമില്ലാതെ അന്വേഷണം

Published

|

Last Updated

കൊച്ചി: 14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ഫാ. എഡ്വിന്‍ ഫിഗരസ് ഒളിവില്‍ പോയിട്ട് ആറുമാസം പിന്നിട്ടു. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി അടുത്തിടെ ഫയലില്‍ സ്വീകരിക്കാതെ തള്ളിയിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശേഷവും വിദേശ സന്ദര്‍ശനം നടത്തിയ ഫാ. ഫിഗരസ് വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നിരിക്കെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ജില്ലാ പോലീസ് തയ്യാറാകാത്തത് ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദത്തിന്റെ ഫലമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
ദൈനംദിന ക്രമസമാധാന പാലനത്തിന്റെ തിരക്കുകളുള്ള വടക്കേക്കര സി ഐയുടെ നേതൃത്വത്തിലാണ് ഫാ. ഫിഗരസിന് വേണ്ടി അന്വേഷണം നടക്കുന്നത്. ഫാ. ഫിഗരസിനെക്കുറിച്ച് ലഭിക്കുന്ന രഹസ്യവിവരങ്ങള്‍ പിന്തുടര്‍ന്ന് ഡല്‍ഹിയില്‍ ഇയാള്‍ താമസിച്ചിരുന്ന ഹോട്ടലിലും സുപ്രീം കോടതിയില്‍ ഇയാള്‍ക്ക് വേണ്ടി ഹാജരായ ബംഗളൂരുവിലെ മലയാളിയായ അഭിഭാഷകന്റെ വസതിയിലും ഓഫീസിലും ഫാ. ഫിഗരസിന്റെ ബന്ധുവിന്റെ ബാംഗളൂരുവിലെ വസതിയിലും പോലീസ് കഴിഞ്ഞ മാസം പരിശോധന നടത്തിയിരുന്നു. പക്ഷേ, വെറും കൈയോടെ മടങ്ങേണ്ടിവന്നു. മാസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ ഒരു ബന്ധുവിനെ വിളിച്ച ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ എറണാകുളം എം ജി റോഡില്‍ വെച്ച് ഒരു വഴിയാത്രക്കാരനോട് ഫോണ്‍ വാങ്ങി വിളിക്കുകയായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.
പുത്തന്‍വേലിക്കര പറങ്കിനാട്ടിയ കുരിശിങ്കല്‍ പള്ളിയില്‍ വികാരിയായിരുന്ന ഫാ. എഡ്വിന്‍ ഫിഗരസ് ഇടവക കുടുംബാംഗമായ ഒന്‍പതാം ക്ലാസുകാരിയെ കഴിഞ്ഞ ജനുവരി മുതല്‍ പലതവണ പീഡിപ്പിച്ചതായാണ് കേസ്. ബലാത്സംഗക്കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. മാര്‍ച്ച് മാസത്തില്‍ കുട്ടിയുടെ മാതാവ് പുത്തന്‍വേലിക്കര പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം ബംഗളൂരു വഴി ദുബൈയിലേക്ക് കടന്നു. ഷാര്‍ജയില്‍ മുന്‍നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിനായിരുന്നു യാത്ര. ഇതിനിടെ തങ്ങളെ പീഡിപ്പിക്കുന്നതായി കാട്ടി എഡ്വിന്‍ ഫിഗരസിന്റെ മാതാപിതാക്കള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. മെയ് അഞ്ച് വരെ എഡ്വിന്‍ ഫിഗരസിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു. ഈ ഉത്തരവ് വന്നതിന് പിന്നാലെ ഇയാള്‍ ഷാര്‍ജയില്‍ നിന്ന് തിരിച്ചെത്തുകയും വടക്കേക്കര സി ഐ മുമ്പാകെ ഹാജരാകുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചാണ് പോലീസ് ഇയാളെ വിട്ടയച്ചത്. ഒരാഴ്ചക്കുള്ളില്‍ ഹൈക്കോടതി ഇയാളുടെ മാതാപിതാക്കളുടെ ഹര്‍ജി തള്ളിയെങ്കിലും പോലീസിന് പിന്നീട് ഫാ. ഫിഗരസിനെ കണ്ടെത്താനായില്ല. ചോദ്യം ചെയ്യലിന് ഹാജരായി തിരിച്ചുപോയ ഇയാളെ പിന്തുടരുന്നതില്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍. പിന്നീട് പോലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഫാ. ഫിഗരസ് കേരളത്തില്‍ തന്നെയുണ്ടെന്നും ആരുടെയൊക്കെയോ സഹായം ഇയാള്‍ക്ക് കിട്ടുന്നുണ്ടെന്നുമാണ് പോലീസ് നിഗമനം.
ഫാ. ഫിഗരസിനെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണവും ഉയരുന്നുണ്ട്. കോട്ടപ്പുറം രൂപതക്ക് കീഴിലുള്ള കിഡ്‌സ് എന്ന സേവന സംഘടനയുടെ ചുമതലക്കാരിലൊരാളായ ഫിഗരസ് വിദേശത്ത് നിന്ന് കോടിക്കണക്കിന് രൂപയുടെ ഫണ്ട് വെട്ടിച്ചുവെന്നാണ് ആരോപണം. എന്നാല്‍ ആരോപണം സംബന്ധിച്ച് രൂപതാ നേതൃത്വം പ്രതികരിച്ചിട്ടില്ല.

Latest