Connect with us

Palakkad

മുളയന്‍കാവ് തട്ടകത്തിന്റെ ദീപവാഹകന്‍ ഇനി ഓര്‍മ്മ

Published

|

Last Updated

മുളയന്‍കാവ് ക്ഷേത്രവാഹകന്‍ പാലക്കുറുശ്ശിനായര്‍ ഓര്‍മ്മയായി. മുളയന്‍കാവ് ഭഗവതിക്ഷേത്രത്തില്‍ അഞ്ച് പതിറ്റാണ്ടുകാലം ദീപം വഹിച്ചു പോന്നിരുന്ന പാലക്കുറുശ്ശിനായര്‍ എന്ന മുളയന്‍കാവ് പുലാവഴിവീട്ടില്‍ നാരായണന്‍നായരാണ് 93 വയസ്സ് വിടപറഞ്ഞത്.
മുളയന്‍കാവ് ഭഗവതിക്ഷേത്രത്തിലെ പ്രധാന ചടങ്ങുകള്‍ക്കും, ഉത്‌സവ എഴുന്നള്ളിപ്പുകള്‍ക്കും പാലക്കുറുശ്ശിനായര്‍ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹമാണ് കുത്തുവിളക്ക് വഹിച്ചു പോന്നിരുന്നത്.
പ്രത്യേക അവകാശങ്ങളുള്ള ക്ഷേത്ര അടിയന്തരക്കാരില്‍ പ്രധാനിയായിരുന്ന നാരായണന്‍നായര്‍ക്ക് മുളയങ്കാവിലെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും ഉത്‌സവാഘോഷങ്ങളുടെ ചിട്ടവട്ടങ്ങളെക്കുറിച്ചും കൃത്യമായ അറിവുണ്ടായിരുന്നു. ആചാരങ്ങളും അനുഷ്ഠാനങ്ങളും തെറ്റാതെ പരിപാലിച്ചുപോരുന്നതിലും ഇദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നു. മുളയങ്കാവിലെ ദേശവേലകള്‍, കാളവേല,പൂരം എന്നീ ആഘോഷങ്ങളുടേയെല്ലാം പ്രധാന നടത്തിപ്പുകാരനും പാലക്കുറുശ്ശിനായര്‍ സ്ഥാനക്കാരാണ്. ഗുരുതി, കളം,പാട്ട്, ഉദയാസ്തമനപൂജ, തോല്‍പ്പാവക്കൂത്ത്, ചുറ്റുവിളക്ക് തുടങ്ങിയ ക്ഷേത്രത്തിലെ പ്രാധാന്യമേറിയ വഴിപാടുകള്‍ക്ക് വെളിച്ചപ്പാടിനൊപ്പം കുത്തുവിളക്ക് വഹിച്ചുപോരുന്നതും നാരായണന്‍നായരുടെ താവഴികളാണ്.
ക്ഷേത്രത്തിലെ പ്രധാന ഉത്‌സവമായ പൂരത്തിനു മുന്നോടിയായി നടത്തുന്ന പൂരംകുറിക്കല്‍ ചടങ്ങിന് വെളിച്ചപ്പാടും, പാലക്കുറുശ്ശി നായരും ചേര്‍ന്നാണ് നേതൃത്വം നല്‍കുന്നത്.
നാരായണന്‍നായരുടെ വിയോഗമറിഞ്ഞ് തട്ടകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും നിരവധിപേര്‍ പരേതന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

 

Latest