Connect with us

Kozhikode

ഓപറേഷന്‍ സവാരി ഗിരിഗിരി

Published

|

Last Updated

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അന്തസ്സായ യാത്ര ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷന്‍ സവാരിഗിരിഗിരി പദ്ധതി ഉടന്‍ നടപ്പിലാക്കാന്‍ തീരുമാനം. പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിനായി ജില്ലയിലെ ബസ് ഉടമകളുടെ ഉള്‍പ്പെടുത്തി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ഥികള്‍ക്കെന്ന പോലെ ബസ് ഉടമകള്‍ക്കും പ്രയോജനകരമായ പദ്ധതിയാണിതെന്ന് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് വിശദീകരിച്ചു. വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മിലും, ബസ് ജീവനക്കാര്‍ പരസ്പരവുമുള്ള ശത്രുതാ മനോഭാവം പദ്ധതി നടപ്പാവുന്നതോടെ ഇല്ലാതാവും. ബസുകള്‍ കുട്ടികളെ വീതംവയ്ക്കുന്ന നിലവിലെ അവസ്ഥ മാറി കണ്‍സഷന്‍ നല്‍കുന്നത് മൂലമുണ്ടാവുന്ന വരുമാനത്തിലെ കുറവ് ബസുകള്‍ക്കിടയില്‍ വീതംവയ്ക്കുന്ന രീതിയാണിത്. കുട്ടികളുടെ യാത്രാപ്രശ്‌നത്തിന്റെ കാര്യത്തില്‍ നിയമം കര്‍ശനമായി നടപ്പാക്കുന്നതിനു പകരം കൂട്ടായ്മയിലൂടെ ഇതിന് പരിഹാരം കണ്ടെത്താനുള്ള സുവര്‍ണാവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ മൂന്ന് ബസ് അസോസിയേഷനുകള്‍ വഴിയാണ് പദ്ധതി നടപ്പാക്കുക. ഏതെങ്കിലും അസോസിയേഷനില്‍ അംഗമല്ലാത്ത ബസ്സുടമകള്‍ അതിന്റെ ഭാഗമാവുകയും പദ്ധതിയുമായി സഹകരിക്കുകയും ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. കോഴിക്കാട് ഐ ഐ എമ്മിലെ പ്രഫ സജി ഗോപിനാഥ് ഓപ്പറേഷന്‍ സവാരിഗിരിഗിരിയെക്കുറിച്ച് ബസ്സുടമകള്‍ക്ക് വിശദീകരിച്ചുകൊടുത്തു. ഓരോ വിദ്യാര്‍ഥിക്കും കണ്‍സഷന്‍ നല്‍കുന്നതു മൂലം മിനിമം ചാര്‍ജിലുണ്ടാവുന്ന ആറു രൂപ നഷ്ടം (ഉയര്‍ന്ന നിരക്കിലുണ്ടാവുന്ന അധികനഷ്ടമുള്‍പ്പെടെ) റൂട്ടിലെ ബസുകള്‍ക്കിടയില്‍ തുല്യമായി വീതം വെക്കപ്പെടുന്നതിനാല്‍ കൂടുതല്‍ കുട്ടികളെ കയറ്റിയവര്‍ക്ക് കൂടുതല്‍ നഷ്ടമുണ്ടാവുന്ന അവസ്ഥക്ക് പരിഹാരമാവുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുമൂലം കുട്ടികള്‍ ബസില്‍ കയറുന്നതിലുള്ള ജീവനക്കാരുടെ അതൃപ്തി ഇല്ലാതാവും. ബസില്‍ കയറാന്‍ അനുവദിക്കാതിരിക്കുക, മോശമായും വിവേചനപരവുമായ പെരുമാറ്റങ്ങള്‍ സഹിക്കേണ്ടിവരിക തുടങ്ങിയ പ്രയാസങ്ങളേതുമില്ലാതെ സന്തോഷത്തോടെയും അന്തസ്സോടെയും വിദ്യാര്‍ഥികള്‍ക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് ഇതോടെ കൈവരികയെന്നും അദ്ദേഹം പറഞ്ഞു.
പ്രീപെയ്ഡ് സ്മാര്‍ട്ട് കാര്‍ഡ് വഴിയാണ് വിദ്യാര്‍ഥികളില്‍ നിന്ന് കണ്‍സഷന്‍ തുക ഈടാക്കുക. ഇതുമായി ബന്ധപ്പെട്ട് ബേങ്ക് അധികൃതരുമായി ധാരണയിലെത്തിയതായി ഇതേക്കുറിച്ച് വിശദീകരിച്ച ടെക്‌നോവിയ ഇന്‍ഫോ സൊല്യൂഷന്‍സ് സി ഇ ഒ നിഷാന്ത് രവീന്ദ്രന്‍ പറഞ്ഞു. ഭാവിയില്‍ സ്മാര്‍ട്ട് കാര്‍ഡ് സമ്പ്രദായം മറ്റു യാത്രക്കാരിലേക്ക് വ്യാപിപ്പിക്കാനാണു പദ്ധതി. ഇത് പൂര്‍ണാര്‍ഥത്തില്‍ നടപ്പാവുകയാണെങ്കില്‍ ഇന്ത്യയിലെ ഒന്നാമത്തെ സ്മാര്‍ട് കാര്‍ഡ് ജില്ലയെന്ന ഖ്യാതി കോഴിക്കോടിന് സ്വന്തമാവും.
യോഗത്തില്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റി മാനേജ്‌മെന്റ് പഠനവിഭാഗം തലവന്‍ ഡോ ഫൈസല്‍, കോഴിക്കോട്, വടകര മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ ടി ഷംജിത്ത്, ബി എസ് ദിനേശ് കീര്‍ത്തി പ്രസംഗിച്ചു.

 

Latest