Connect with us

Kerala

വനം കയ്യേറ്റങ്ങള്‍ ഉടന്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: 1977 ജനുവരി ഒന്നിന് ശേഷം കൈയേറിയ വനഭൂമി തിരിച്ചുപിടിച്ച് കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്. അതിനുള്ള നടപടി ആറ് മാസത്തിനകം ആരംഭിച്ച് ഒരു വര്‍ഷത്തിനകം ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ എം ഷഫീഖുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.
കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതു സംബന്ധിച്ച് ഒട്ടേറെ ഹരജികളില്‍ പല ഘട്ടങ്ങളിലായി സര്‍ക്കാര്‍ നിരവധി സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, ഭൂ സംരക്ഷണ നിയമപ്രകാരം ഭൂമി തിരിച്ചുപിടിക്കാനുള്ള ഒരു നടപടിയും എടുത്തിട്ടുള്ളതായി കാണുന്നില്ല. ഈ സാഹചര്യത്തില്‍ നിയമപ്രകാരമുള്ള കര്‍ശന നടപടികള്‍ എടുക്കണം. ഭൂസംരക്ഷണ നിയമം, 1961ലെ കേരള വന നിയമം എന്നിവയനുസരിച്ച് കൈയേറ്റക്കാര്‍ക്ക് നിയമാനുസൃതം നോട്ടീസ് നല്‍കണം. ഇവരുടെ വാദം കേട്ട് ഉചിതമായ ഉത്തരവിറക്കണം. നടപടി ക്രമങ്ങള്‍ പാലിച്ച് ആറ് മാസത്തിനുള്ളില്‍ നടപടി ആരംഭിക്കണം. തുടര്‍ന്നുള്ള ആറ് മാസത്തിനുള്ളില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
1977 ജനുവരി ഒന്നിന് ശേഷം വനഭൂമി കൈയേറ്റം അനുവദിക്കരുതെന്നാവശ്യപ്പെട്ട് തൃശൂര്‍ ആസ്ഥാനമായ വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടനയും വനം കൈയേറ്റം സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവാങ്കുളത്തെ നേച്ചര്‍ ലൈഫ് മൂവ്‌മെന്റും നല്‍കിയ പൊതുതാത്പര്യഹരജികളിലാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.
സംസ്ഥാനത്ത് നാല് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വനഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് 2011 സെപ്തംബര്‍ 23ലെ ഇടക്കാല ഉത്തരവ് പ്രകാരം അതതു ജില്ലാ കലക്ടര്‍മാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
1977 ജനുവരി ഒന്നിനു മുമ്പുള്ളതും ശേഷമുള്ളതുമായ കൈയേറ്റ ഭൂമികള്‍, കൈയേറ്റം നടത്തിയ വ്യക്തികള്‍, രാഷ്ട്രീയ സംഘടനകള്‍ എന്നിവരുടെ പട്ടികയും വിശദാംശങ്ങളുമായിരുന്നു പത്രികയിലുണ്ടായിരുന്നത്. ഈ റിപ്പോര്‍ട്ട് പ്രകാരം എന്തു നടപടിയെടുത്തുവെന്ന് 2012 മെയ് 25ന് കോടതി ആരാഞ്ഞിരുന്നു. അതിനു മറുപടിയായി 2012 ഒക്‌ടോബര്‍ 27ന് റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി കൊടുത്ത റിപ്പോര്‍ട്ടില്‍ കൈയേറ്റങ്ങള്‍ തിരിച്ചുപിടിക്കുന്നതിന് ഉദ്യോഗസ്ഥതല അവലോകന സമിതി ചേര്‍ന്നുവെന്നും വ്യക്തമാക്കിയിരുന്നു.
ഏഴായിരത്തില്‍പ്പരം ഹെക്ടര്‍ വനഭൂമി രാഷ്ട്രീയക്കാരും സ്വകാര്യ വ്യക്തികളുമടക്കമുള്ളവര്‍ കൈയേറി കൈവശം വെച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തന്നെ സമ്മതിച്ചിരുന്നു. എന്നിട്ടും തുടര്‍ നടപടികളെക്കുറിച്ച് സര്‍ക്കാര്‍ ഇതുവരെ ഒന്നും ചെയ്തില്ല. ഇതു സംബന്ധിച്ച് മൂന്ന് മാസം കൂടുമ്പോള്‍ പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദേശവും പാലിച്ചില്ല.
ഭൂമി കൈയേറ്റം എവിടെയായാലും ആരായാലും ഒഴിപ്പിക്കുകയെന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. ഒരു വര്‍ഷത്തിനുള്ളില്‍ നടക്കുന്ന ഒഴിപ്പിക്കല്‍ നടപടിക്കിടെ ഇത്തരം ഭൂമിയില്‍ അവകാശം സ്ഥാപിച്ചെടുക്കാനുള്ള അപേക്ഷകളില്‍ തീരുമാനം എടുക്കും മുമ്പ് കേന്ദ്ര സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കൈയേറിയ ഭൂമിയില്‍ അവകാശം സ്ഥാപിക്കാന്‍ വനഭൂമിയായതിനാല്‍ കേന്ദ്ര നിയമം പാലിച്ചേ മതിയാവുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു.