Connect with us

Gulf

ശബ്ദമില്ലാത്തവരുടെ നാവ്

Published

|

Last Updated

എട്ട് വര്‍ഷം നീണ്ട കേരളത്തിലെ മാധ്യമപ്രവര്‍ത്തനത്തിന് ശേഷമാണ്, മെച്ചപ്പെട്ട ഒരു ജീവിതം ആഗ്രഹിച്ച് ദുബൈയിലേക്ക് വിമാനം കയറിയത്. പോള്‍ എം ജോര്‍ജ് കൊലക്കേസുമായി ബന്ധപ്പെട്ട “എസ്”കത്തിയും, കിഴക്കമ്പലത്തെ ജീവന്‍കൊല്ലി പാറമടകളും, കുട്ടനാട്ടിലെ നെല്‍കൃഷിക്ക് വേണ്ടി ഉപയോഗിക്കുന്ന കീടനാശിനികള്‍ വഴി വ്യാപിക്കുന്ന അര്‍ബുദരോഗവും, അങ്ങനെ എക്കാലവും വലിയ വാര്‍ത്തകളുടെ നാടായിരുന്നു എനിക്ക് കേരളം.
ഗള്‍ഫിലെ പരിമിതികള്‍ അറിഞ്ഞുകൊണ്ട് തന്നെയാണ് ദുബൈയിലേക്കുള്ള വിസ സ്വീകരിച്ചത്. പച്ചപ്പ് മാത്രം കണ്ടുജീവിച്ച എനിക്ക് ആദ്യ കാല ഗള്‍ഫ് ജീവിതം ശരിക്കും ദുസ്സഹമായിരുന്നു. പിന്നീട് ഈ മരുഭൂമിയില്‍ വിയര്‍ത്തൊലിച്ചവരുടെയൊപ്പം ജീവിതം മുന്നോട്ട് പോയി. റേഡിയോ ജീവിതം എനിക്ക് പരിചിതമല്ലാത്ത മേഖലയായിരുന്നു, എങ്കിലും ടെലിവിഷന്‍ രംഗത്തെ പരിചയം മുതലാക്കി പണി തുടങ്ങി.
നമ്മളാരും കാണാത്തവരുടെ ശബ്ദത്തെ മാത്രം വിശ്വസിച്ച് ടോക്കിംഗ് പോയിന്റ് എന്ന പേരില്‍ ദിവസേന ചര്‍ച്ചാ പരിപാടികള്‍ നടത്തി. ജബല്‍ അലിയില്‍ നിന്നും ഷാര്‍ജയിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന ബസില്‍ മുടങ്ങാതെ എന്റെ ചര്‍ച്ചാപരിപാടി കേള്‍ക്കുമായിരുന്ന ഒരു കൂട്ടും മലയാളികളെ ഞാന്‍ പിന്നീട് പരിചയപ്പെട്ടു. അവര്‍ക്ക് പറയാനുള്ള അഭിപ്രായങ്ങള്‍ ആര്‍ജവത്തോടെ പറയുമായിരുന്നുവെന്ന് അവരെന്നോട് പറയുമ്പോഴാണ് എനിക്ക് തന്നെ അഭിമാനം തോന്നിയത്.
മാധ്യമപ്രവര്‍ത്തനം അങ്ങനെ തന്നെയാണ് ശബ്ദമില്ലാത്തവരുടെ നാവാകുക, ബലഹീനരുടെ ബലമാവുക, പ്രവേശനം നിഷേധിച്ചവരുടെ വാതിലാവുക.
മാതൃഭൂമി ചാനലിന്റെ ആദ്യ ഗള്‍ഫ് ലേഖകന്‍ എന്ന നിലയില്‍ ജോലിയില്‍ പ്രവേശിച്ച എന്നെ ഗള്‍ഫില്‍ ഏറെ ആകര്‍ഷിച്ചത് വികസനോന്‍മുഖ റിപ്പോര്‍ട്ടുകളായിരുന്നു. ലേബര്‍ ക്യാമ്പിലെ വേദനകളും, ചൂടിന്റെ കാഠിന്യവും ഒക്കെയുണ്ടെങ്കിലും എല്ലാം തികഞ്ഞ ഈ നാടിന്റെ വികസന കാഴ്ചപ്പാടുകളാണ് മാതൃഭൂമി ന്യൂസിലെ ചീഫ് റിപ്പോര്ട്ടറായ എനിക്ക് എന്റെ മാധ്യമത്തിലൂടെ പങ്കുവക്കാന്‍ കഴിഞ്ഞത്. മെട്രോയും, ട്രാമും, പാം ജുമൈറയും, ഇവിടുത്തെ അതിവേഗ പാതകളുമൊക്കെ വികസനവിരോധികളെന്ന മുദ്രകുത്തപ്പെട്ടവര്‍ക്കിടയിലേക്ക് വ്യാപിപ്പിക്കാന്‍ തന്നെയാണ് ഞാന്‍ പരിശ്രമിച്ചത്.
ഗള്‍ഫ് ജീവിതത്തിനിടയിലെ വാര്‍ത്തകളില്‍ എക്കാലവും ഞാന്‍ ഓര്‍ക്കുന്നതും എന്നെ ഓര്‍ക്കുന്നതും യമനിലെ യുദ്ധ റിപ്പോര്‍ട്ടുകള്‍ തന്നെയാവും. യെമനിലെ മലയാളികള്‍ അടക്കമുള്ള രക്ഷക്കെത്തിയ ഇന്ത്യന്‍ സംഘത്തോടൊപ്പമുള്ള യാത്ര അവിസ്മരണീയമായിരുന്നു. യമനിലേക്ക് ക്യാമറയും മൈക്കുമായി കടന്ന് ചെന്ന ഏക ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ എന്ന അഭിമാനവും എനിക്കുണ്ട്.
മാധ്യമപ്രവര്‍ത്തനം അതുല്യമായ ഒരു കടമയാണ്, പലര്‍ക്കും കഴിയാത്തതാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്നത്. സിറാജിന്റെ പ്രവര്‍ത്തകരും അക്കൂട്ടത്തിലുണ്ടെന്നത് സന്തോഷകരം.

Latest