Connect with us

Kerala

പ്രവാസികള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

Published

|

Last Updated

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ പ്രവാസി ഭാരതീയര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള മേല്‍വിലാസം ഉള്‍ക്കൊള്ളുന്ന ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉള്‍പ്പെടുന്ന നിയോജക മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരമൊരുക്കിയിട്ടുള്ളതായി പ്രവാസിക്ഷേമ മന്ത്രി കെ സി ജോസഫ് അറിയിച്ചു.
2015 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂര്‍ത്തിയാക്കിയ വിദേശ രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കാതെ വിദേശത്ത് താമസിക്കുന്നവരായിരിക്കണം അപേക്ഷകര്‍. പ്രവാസി ഭാരതീയര്‍ക്ക് അവരുടെ വിവരങ്ങള്‍ ഓണ്‍ലൈനായി www.lsgelection. kerala.gov.in വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഫാറം നാല് എയില്‍ ആവശ്യപ്പെടുന്ന മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്യുന്നതിനൊപ്പം പ്രിന്റ് എടുത്ത് ഫോട്ടോയും ഒപ്പും പതിച്ച് ഫോറത്തിലെ എ മുതല്‍ ഐ വരെയുള്ള വിവരങ്ങള്‍ക്ക് പാസ്‌പോര്‍ട്ടിലെ ആവശ്യമായ പേജുകളുടെ പകര്‍പ്പ്, വിസ എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി കേരളത്തിലെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള താമസസ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നേരിട്ടോ രജിസ്‌ട്രേഡ് തപാലിലോ അയക്കേണ്ടതാണ്. ഇത്തരത്തില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കപ്പെടുന്ന പ്രവാസി ഭാരതീയര്‍ക്ക് അസല്‍ പാസ്‌പോര്‍ട്ട് സഹിതം നേരിട്ട് ഹാജരായി വോട്ടവകാശം വിനിയോഗിക്കാവുന്നതാണ്.
ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ എക്കാലത്തെയും ആവശ്യമാണ് അവര്‍ക്ക് വോട്ടവകാശം നല്‍കണമെന്നത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പ്രവാസി മലയാളികള്‍ക്ക് വോട്ടവകാശം നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പഞ്ചായത്ത്- മുനിസിപ്പാലിറ്റി ആക്ടുകളില്‍ മാറ്റം വരുത്തിയിരുന്നതാണെന്നും മന്ത്രി അറിയിച്ചു. എല്ലാ പ്രവാസി ഭാരതീയരും വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

Latest