Connect with us

Editorial

കുതിച്ചുപായുന്ന വാഹനാപകട മരണ നിരക്ക്

Published

|

Last Updated

മഹാമാരികളേക്കാളും ഭയക്കേണ്ടത് വാഹനാപകടങ്ങളെയാണെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം നടത്തിയ പുതിയ പഠനം വ്യക്തമാക്കുന്നത്. വാഹനാപകടങ്ങള്‍ മൂലമുള്ള മരണനിരക്ക് വന്‍തോതില്‍ കൂടിവരികയാണ്. 2014ല്‍ 4.89 ലക്ഷം ജീവനുകളാണ് രാജ്യത്തെ നിരത്തുകളില്‍ പൊലിഞ്ഞുവീണത്. 2013ല്‍ ഇത് 4.86 ലക്ഷമായിരുന്നു. അപകടങ്ങളില്‍ പരുക്ക്പറ്റി അംഗഭംഗം സംഭവിച്ചവരുടെയും ജീവിതം വഴിമുട്ടിയവരുടെയും എണ്ണം ഇതിനേക്കാള്‍ കൂടുതല്‍ വരും. യുവാക്കളാണ് ഇവരില്‍ ബഹുഭൂരിഭാഗവുമെന്നതിനാല്‍ അവരുടെ കുടുംബങ്ങളും ഇതുമൂലം കൊടുംപട്ടിണിയിലേക്ക് എടുത്തെറിയപ്പെടുകയാണ്. ലോകാരോഗ്യ സംഘടനയുടെ പഠനറിപ്പോര്‍ട്ട് പ്രകാരം 15 വയസ്സിനും 29നും ഇടയിലുള്ള പ്രായക്കാരുടെ മരണത്തിന് പ്രധാന കാരണം വാഹനാപകടമാണ്. 3.4 ലക്ഷം യുവാക്കളാണ് വര്‍ഷം പ്രതി ലോകത്ത് വാഹനാപകടങ്ങളില്‍ മരിക്കുന്നത്.
ഡ്രൈവറുടെ അശ്രദ്ധ, ലഹരി ഉപയോഗം, റോഡുകളുടെ നിലവാരക്കുറവ്, വാഹനപ്പെരുപ്പം, അമിത വേഗം, വര്‍ധിതമായ നഗരവത്കരണം, മൊബൈല്‍ഫോണ്‍ ഉപയോഗം, അമിതലോഡ് തുടങ്ങി കാരണങ്ങള്‍ പലതാണ്. ലഹരി ഉപയോഗത്തിനാണ് ഒന്നാം സ്ഥാനം. 40 ശതമാനം അപകടങ്ങള്‍ക്കും കാരണമിതാണെന്ന് നാഷനല്‍ ക്രൈം ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്. ദേശീയ പാതകളില്‍ ഇത് 70 ശതമാനം വരെയാണ്. അപകങ്ങള്‍ കൂടുതലുണ്ടാകുന്നത് ആഴ്ചകളുടെ അവസാന ദിവസങ്ങളിലാണെന്നും മദ്യഷാപ്പുകള്‍ക്ക് അവധിയുള്ള ദിവസം അപകടങ്ങള്‍ താരതമ്യേന കുറവാണെന്നതും ഈ നിരീക്ഷണത്തിന് ബലമേകുന്നു. റോഡ് സുരക്ഷാ വാരാചരണ വേളകളിലും മറ്റും ഇതെക്കുറിച്ചു ബോധവത്കരണം നടത്താറുണ്ടെങ്കിലും ലഹരി ബാധിത വേളയില്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നില്ല.
വാഹനാപകടങ്ങള്‍ക്കിരയാകുന്നവരിലേറെയും ഇരു ചക്രവാഹന യാത്രികരാണ്. അപകടങ്ങള്‍ സൃഷ്ടിക്കുന്നത് കൂടുതലും ബസ്, ടിപ്പര്‍ലോറി തുടങ്ങിയ വലിയ വാഹനങ്ങളും. ബസുകളുടെ മത്സരയോട്ടവും ടിപ്പര്‍ലോറികളുടെ മരണപ്പാച്ചിലും ദിനംപ്രതി എത്രയെത്ര ജീവനുകളാണ് കവര്‍ന്നെടുക്കുന്നത്. വാര്‍ത്താ പ്രാധാന്യം നേടുന്ന അപകടങ്ങളുണ്ടാകുമ്പോള്‍ ഇതിനെതിരെ ചില നടപടികളുണ്ടാകുമെങ്കിലും നാളുകള്‍ക്കകം കാര്യങ്ങള്‍ പഴയ അവസ്ഥയിലേക്ക് മടങ്ങുന്നു. ബസുകളുടെ അമിത വേഗം അവസാനിപ്പിക്കാന്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയിരുന്നു. സ്വകാര്യ ബസ് ലോബി അത് അട്ടിമറിച്ചു. 95 ശതമനം ബസുകളും ഇന്നത് പാലിക്കുന്നില്ല. അധികൃതര്‍ ഇത് കാണാത്ത ഭാവം നടിക്കുന്നു. ഏതെങ്കിലുമൊരു ഉദ്യോഗസ്ഥന്‍ നിയമം കര്‍ശനമായി നടപ്പാക്കാനുള്ള ഉത്തരവാദബോധം പ്രകടിപ്പിച്ചാല്‍ അദ്ദേഹത്തെ ഉടനടി സ്ഥലംമാറ്റുകയും ചെയ്യും. അപകടം വരുത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുകയും അവരില്‍ നിന്ന് കനത്ത പിഴ ഈടാക്കുകയും ചെയ്യുന്നതിനൊപ്പം അപകടകാരണമായ ബസിന്റെ ലൈസന്‍സ് റദ്ദാക്കുക കൂടി ചെയ്താല്‍ മത്സരയോട്ടത്തിന് ഏറെക്കുറെ പരിഹാരമാകും. തകര്‍ന്ന റോഡുകള്‍ കാലതാമസമന്യേ നന്നാക്കുക, വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കല്‍ കാര്യക്ഷമമാക്കുക, എല്ലാറ്റിലുമുപരി ഗതാഗത വകുപ്പിനെ മുച്ചൂടും ബാധിച്ച അഴിമതി നിര്‍മാര്‍ജനം ചെയ്യുക തുടങ്ങിയ നടപടികളും അനിവാര്യമാണ്.
പെരുകുന്ന വാഹനങ്ങളും അതിനനുസൃതമായി റോഡുകള്‍ വികസിപ്പിക്കുന്നതിനുള്ള സ്ഥലപരിമിതിയും കേരളത്തെ പോലെ ജനസാന്ദ്രത വര്‍ധിച്ച നാടുകളെ അലട്ടിക്കൊണ്ടിരിക്കുകയാണ്. ജീവിതനിലവാരത്തിലുണ്ടായ വര്‍ധനക്ക് ആനുപാതികമായി വാഹനങ്ങളുടെ എണ്ണം സംസ്ഥാനത്ത് കൂടിയിട്ടുണ്ട്. വീട്ടിലെ ഓരോ അംഗത്തിനും ഇരുചക്രവാഹനമെങ്കിലുമെന്ന അവസ്ഥയിലേക്കെത്തിയിട്ടുണ്ട് മലയാളിയുടെ വാഹനപ്രിയം. അതേസമയം റോഡുകളുടെ വികസനം ഒച്ച് വേഗതയിലുമാണ്. പൊതു വാഹനങ്ങളെ ആശ്രയിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും സ്വകാര്യവാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുകയുമാണ് തിരക്ക് ഒഴിവാക്കാന്‍ പല വികസിത രാജ്യങ്ങളും സ്വീകരിച്ചു വരുന്ന മാര്‍ഗം. ഉയര്‍ന്ന വാഹനനികുതിയും പാര്‍ക്കിംഗ് ഫീസും ഏര്‍പ്പെടുത്തി സ്വകാര്യ വാഹനോപയോഗം കുറക്കാന്‍ പ്രേരിപ്പിക്കുന്നു. ഇതോടൊപ്പം പൊതുഗതാഗതത്തിന്റെ ലഭ്യത വര്‍ധിപ്പിക്കുകയും അതിന്റെ കാര്യക്ഷതയും സമയക്ലിപ്തതയും ഉറപ്പുവരുത്തുകയും ചെയ്യുന്നു. വാഹനക്വാട്ടാ സമ്പ്രദായത്തിലൂടെ ഓരോ വര്‍ഷവും പുതുതായി രജിസ്റ്റര്‍ ചെയ്യാവുന്ന വാഹനങ്ങളുടെ എണ്ണം കര്‍ശനമായി നിയന്ത്രിച്ചുവരുന്ന രാജ്യങ്ങളുമുണ്ട്. ഈ മാര്‍ഗങ്ങള്‍ ഇവിടെയും പരീക്ഷിക്കാകുന്നതാണ്.
ഡ്രൈവര്‍മാരുടെ അശ്രദ്ധ പോലെ തന്നെ കാല്‍നടത്തക്കാര്‍ക്കും വഴിയോരക്കച്ചവടം പോലെയുള്ള ആവശ്യങ്ങള്‍ക്ക് റോഡ് ഉപയോഗിക്കുന്നവര്‍ക്കും അപകടങ്ങളില്‍ ചെറുതല്ലാത്ത പങ്കുണ്ട്. വാഹനാപകടങ്ങളില്‍ നല്ലൊരും പങ്ക് അശ്രദ്ധമായി റോഡ് മുറിച്ചു കടക്കുന്നവരെയും വഴിയാത്രക്കാരെയും രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് സംഭവിക്കുന്നത്. സുരക്ഷിതമായ ഡ്രൈവിംഗിനെക്കുറിച്ചു വാഹനമോടിക്കുന്നവര്‍ക്കെന്ന പോലെ തന്നെ റോഡ് ഉപയോഗിക്കുന്ന വാഹനേതര യാത്രക്കാരിലും അവബോധം സൃഷ്ടിക്കേണ്ടതുണ്ട്.

Latest