Connect with us

Gulf

സൈനിക നടപടി മാത്രമല്ല; കോടിക്കണക്കിന് ദിര്‍ഹമിന്റെ ജീവകാരുണ്യ പദ്ധതിയും

Published

|

Last Updated

ദുബൈ: യമനില്‍ രണ്ട് തരത്തിലാണ് യു എ ഇയുടെ ഇടപെടല്‍. ഒന്ന് തീവ്രവാദികളായ ഹൂതികളെ സൈനിക ബലം കൊണ്ട് കീഴടക്കുക. രണ്ട് അവിടത്തെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കുക. ഇതിനിടയിലാണ് യു എ ഇയുടെ നിരവധി സൈനികര്‍ക്ക് ജീവ ത്യാഗം ചെയ്യേണ്ടി വരുന്നത്. കഴിഞ്ഞ ദിവസം മാരിബ് പ്രവിശ്യയിലെ ഒരു സ്‌ഫോടനത്തിലാണ് നിരവധി യു എ ഇ സൈനികര്‍ കൊല്ലപ്പെട്ടത്. തലസ്ഥാനമായ സന്‍ആയില്‍ നിന്ന് 250 കിലോമീറ്റര്‍ ദൂരെയുള്ള സൈനിക ആസ്ഥാനത്തായിരുന്നു സ്‌ഫോടനം. ഭൂതല മിസൈലാക്രമണമായിരുന്നു. ഇത് യു എ ഇക്ക് വലിയ നടുക്കമായി മാറി. കഴിഞ്ഞ മാസം യു എ ഇയുടെ ചില സൈനികര്‍ ജീവത്യാഗം ചെയ്തിരുന്നുവെങ്കിലും അവ ഒറ്റപ്പെട്ട സംഭവമായാണ് കണ്ടിരുന്നത്.
സൈനികരുടെ സംരക്ഷണത്തിന് വേണ്ടി വലിയ നീക്കങ്ങളാണ് യു എ ഇ നടത്തിക്കൊണ്ടിരിക്കുന്നത്. കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവര്‍ സന്ദര്‍ശനം നടത്തി ആശ്വസിപ്പിക്കാറുണ്ട്. രക്തസാക്ഷികളായ സൈനികരുടെ ഓര്‍മക്ക് നവംബര്‍ 30ന് പ്രത്യേക പരിപാടികള്‍ നടത്താന്‍ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിട്ടിരിക്കുയാണ്.
2015 ജൂണ്‍ 23നാണ് ആദ്യമായി യു എ ഇ സൈനികന്‍ യമനില്‍ കൊല്ലപ്പെടുന്നത്. ഹാസിം ഉബൈദ് അല്‍ അലി എന്ന 40കാരനായ ഉദ്യോഗസ്ഥന്‍ സാമ്പ്രദായിക സൈനിക നീക്കം നടത്തുമ്പോള്‍ കൊല്ലപ്പെടുകയായിരുന്നു. മൂന്നിനും 14നും ഇടയില്‍ പ്രായമുള്ള ഏഴ് കുട്ടികളാണ് അദ്ദേഹത്തിനുള്ളത്. ജൂലൈയില്‍ രണ്ട് പേരാണ് രക്തസാക്ഷികളായത്. ലഫ്. അബ്ദുല്‍ അസീസ് സര്‍ഹാന്‍ സാലിഹ് അല്‍ കഅ്ബിയും (24), നോണ്‍ കമ്മീഷണ്‍ഡ് ഓഫീസര്‍ സൈഫ് യൂസുഫ് അഹ്മദ് അല്‍ ഫലാസി (35) വെവ്വേറെ സംഭവങ്ങളിലായി കൊല്ലപ്പെട്ടു. ആഗസ്റ്റില്‍ നാല് മരണം നടന്നിട്ടുണ്ട്. ജുമാ ജവഹര്‍ ജുമാ അല്‍ ഹമ്മാദി, ഖാലിദ് മുഹമ്മദ് അബ്ദുല്ല ശീഹി, ഫാഹിം സഈദ് അഹ്മദ് അല്‍ ഹഫ്‌സി, അബ്ദുര്‍റഹ്മാന്‍ ഇബ്‌റാഹീം ഈസ അല്‍ ബലൂശി എന്നിവരാണ് മരിച്ചത്.
യമന് വേണ്ടി “യമന്‍, ഞങ്ങള്‍ പരിചരിക്കുന്നു” എന്ന പേരില്‍ വന്‍ ജീവകാരുണ്യ പദ്ധതികളാണ് യു എ ഇ തയ്യാറാക്കിയിട്ടുള്ളത്. ഈയിടെ 14.11 കോടി ദിര്‍ഹം എമിറേറ്റ്‌സ് റെഡ്ക്രസന്റ് സൊസൈറ്റി സ്വരൂപിക്കുകയുണ്ടായി. യമനിലെ ഒരു കോടി ജനങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ വേണ്ടിയാണിത്. യു എ ഇ പ്രസിഡന്റിന്റെ ഉപദേശകന്‍ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖലീഫ അല്‍ നഹ്‌യാന്‍ ഫൗണ്ടേഷന്‍ അഞ്ച് ലക്ഷം ദിര്‍ഹമാണ് വേറെ തന്നെ ദാനം ചെയ്തത്. ഇതിനിടയിലാണ് നടുക്കുന്ന വാര്‍ത്ത ഇന്നലെ പുറത്ത് വന്നത്.