Connect with us

Ongoing News

ബീജാപൂര്‍ ഡക്കാന്റെ രത്‌നം

Published

|

Last Updated

കൊട്ടാരങ്ങള്‍, കമാനങ്ങള്‍, മഖ്ബറകള്‍, ജല സംഭരണികള്‍, ഗോപുര ദ്വാരങ്ങള്‍, മിനാരങ്ങള്‍… കൃഷ്ണ ശിലയില്‍ തീര്‍ത്ത് അരയാലിന്റെയും പള്ളികളുടെയും ഹാരങ്ങള്‍ കൊണ്ടലങ്കരിച്ച മനോഹര സൗധങ്ങള്‍. അവയോരോന്നും കലയുടെ അതിവൈശിഷ്ട്യം പ്രകടിപ്പിക്കുന്ന നിധി കുംഭങ്ങള്‍ തന്നെ… കര്‍ണാടകയില്‍ ബംഗളൂരുവില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെയുള്ള ബീജാപൂരിനെ കുറിച്ച്, 1866ല്‍ ഹൈദരാബാദിന്റെ ഭരണ ചുമതലയുണ്ടായിരുന്ന ഇംഗ്ലീഷുകാരന്‍ കേണല്‍ ഫിലിപ് മെഡോസ് ടെയ്‌ലര്‍ തയ്യാറാക്കിയ ഫോട്ടോ ആല്‍ബത്തിന്റെ ആമുഖത്തില്‍ എഴുതിയ മേല്‍ വാചകങ്ങള്‍ ഇന്നും പ്രസക്തം. പോയകാലത്തിന്റെ മഹത് പാരമ്പര്യത്തിന്റെ മഹിത കഥകളുമായി ഈ ചരിത്ര നഗരം അന്വേഷകരെയും സഞ്ചാരികളെയും ആകര്‍ഷിക്കുന്നു. നൂറു നൂറു കഥകള്‍ പറയാന്‍ വെമ്പല്‍ കൊള്ളുന്ന മിനാരങ്ങളും പള്ളികളും നിര്‍മിതികളും. പഴയ കാലത്തിന്റെ സുവര്‍ണ ഗാഥകള്‍ സമ്മാനിച്ച പതര്‍ച്ച മാറാതെയാവും അവരോരുത്തരും ഈ നഗരവാതില്‍ കടന്നു മടങ്ങിപ്പോവുക.
പതിനഞ്ചാം നൂറ്റാണ്ടില്‍ ഡക്കാന്‍ പീഠഭൂമിയില്‍ ഉദയം കൊണ്ട അഞ്ച് രാജവംശങ്ങളിലൊന്നാണ് ബീജാപൂരിന്റേത്. ആദില്‍ഷാ രാജവംശം. ഗുല്‍ബര്‍ഗയിലും ബിദാറിലും അധികാരത്തിലുണ്ടായിരുന്ന ബഹ്മാനി രാജ വംശത്തിന്റെ ശക്തിക്ഷയത്തോടെയാണ് ബീജാപൂരില്‍ ആദില്‍ഷാ രാജവംശം അധികാര വഴിയിലെത്തുന്നത്. മുഗള്‍ മഹിമയുടെ നിഴലില്‍ ബീജാപൂരിന് ഏറെ ശക്തി ലഭിക്കുകയുമുണ്ടായി. അക്ബര്‍ ചക്രവര്‍ത്തിയുടെയും ഔറംഗസീബിന്റെയും കുടുംബത്തില്‍ നിന്ന് ആദില്‍ഷാ വംശത്തിന് മംഗല്യ ബന്ധമുണ്ടായത് ബീജാപൂരിന്റെ വളര്‍ച്ചക്ക് പിന്‍ബലമായിത്തീര്‍ന്നു.
IBRAHIM ZHOAAA1490ല്‍ യൂസുഫ് ആദില്‍ ഷാ ആണ് ബീജാപൂര്‍ എന്ന സ്വതന്ത്ര നഗരം നിര്‍മിക്കുന്നത്. വരണ്ടുണങ്ങിയ ആ പ്രദേശത്തെ ശാസ്ത്രീയമായ ജലസേചന രീതികളിലൂടെ അദ്ദേഹം പുഷ്‌കലമാക്കി. പില്‍കാലത്ത് വന്ന ആദില്‍ഷാ രാജാക്കന്മാരും അതിനെ പുനരുജ്ജീവിച്ചു കൊണ്ടിരുന്നു. രണ്ടു ഡാമുകള്‍, പടവുകളുള്ള ഏഴുനൂറിലധികം കുളങ്ങള്‍, മുന്നൂറോളം ചെറു കുളങ്ങള്‍, കിണറുകള്‍ തുടങ്ങിയവ പണിതാണ് ഉണങ്ങി വരണ്ട ഡക്കാന്‍ പീഠഭൂമിയില്‍ ബീജാപൂര്‍ എന്ന രാജ്യത്തിന് ആദില്‍ ഷാമാര്‍ ബീജാപാവം നടത്തിയത്. പതിനാലാം നൂറ്റാണ്ടില്‍ ഡല്‍ഹിയില്‍ നിന്ന് ഡക്കാനിലെ ദൗലത്താബാദിലേക്ക് തലസ്ഥാനം മാറ്റിയ മുഹമ്മദ് ബിന്‍ തുഗ്ലക്, ജലക്ഷാമം കാരണം തിരിച്ചു ഡല്‍ഹിയിലേക്കു തന്നെ പോയ മണ്ണിലാണ് ആദില്‍ ഷാ രാജാക്കന്മാര്‍ ജല സമൃദ്ധിയുടെ കേളി കൊണ്ട് ക്ഷേമ രാഷ്ട്രം പടുത്തുയര്‍ത്തിയതെന്ന് ഓര്‍ക്കുക.
Gol_Gumbaz_-6,_Bijapur,_Karnataka1580 മുതല്‍ 1627ല്‍ മരണമടയുന്നതുവരെ ബീജാപൂരില്‍ അധികാരത്തിലിരുന്ന ഇബ്‌റാഹീം രണ്ടാമന്റെ കാലത്താണ് മുഗള്‍ വാസ്തു ശില്‍പ മാതൃകയുടെ പാതയില്‍ ബീജാപൂരില്‍ അനേകം നിര്‍മിതികള്‍ ഉയര്‍ന്നു വന്നത്. അക്ബര്‍ ചക്രവര്‍ത്തിയുടെ മകള്‍ ദാനിയേലിനെ വിവാഹം കഴിച്ചത് ഇബ്‌റാഹീം രണ്ടാമനാണ്. അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കാരനായെത്തിയ അലി തലിക്കോട്ട യുദ്ധത്തില്‍ വിജയനഗര്‍ ബീജാപൂരിന്റെ ഭാഗമാക്കി. അതോടെ വിജയ നഗരത്തിലെ പ്രമുഖരായ ഹിന്ദു ചിത്രകാരന്മാരുടെ സാന്നിധ്യം ബീജാപൂരിന് ലഭിച്ചു. അങ്ങിനെ നഗരത്തിന്റെ വിസ്മയക്കാഴ്ചകളില്‍ അവരുടെ കൂടി പങ്കാളിത്തമുണ്ടായി.
പ്രശസ്തമായ ഇബ്‌റാഹീം റൗള പള്ളിയും കല്ലറയും, വെള്ളട്ടാങ്കും സ്തൂപവും ഉള്‍ക്കൊള്ളുന്ന മനോഹര ദൃശ്യ ഭംഗി നല്‍കുന്ന നിര്‍മിതിയാണ്. “ഡക്കാന്‍ താജ്” എന്നറിയപ്പെടുന്ന ഇബ്‌റാഹീം റൗള താജ്മഹല്‍ നിര്‍മിക്കുന്നതിനു വര്‍ഷങ്ങള്‍ക്കു മുമ്പേ പണിപൂര്‍ത്തിയാക്കിയിരുന്നു. താജ്മഹലിന്റെ നിര്‍മാണത്തില്‍ ഒരു പക്ഷേ ഇബ്‌റാഹീം റൗളയുടെ മാതൃക വ്യക്തമാവുന്ന രീതിയിലുള്ള സാമ്യത ഇവ രണ്ടിനുമുണ്ട്. ഗോളാകൃതിയിലുള്ള താഴികക്കുടങ്ങള്‍, മനോഹരമായ മിനാരങ്ങള്‍, ചെറുമിനാരങ്ങള്‍ എല്ലാം കൊണ്ടും ഹൃദയഹാരിയായ ദര്‍ശന ഭംഗിയാണ് ഇബ്‌റാഹീം റൗള നല്‍കുന്നത്. താഴികക്കുടങ്ങളുടെ അകം ഖുര്‍ആനിക വാചകങ്ങളും പേര്‍ഷ്യന്‍ കവിതകളും മനോഹരമായി കൊത്തിവെച്ചിട്ടുണ്ട്. പത്ത് കിലോമീറ്റര്‍ അകലെ നിന്ന് തന്നെ ഇതിന്റെ താഴികക്കുടങ്ങള്‍ കാണാനാവും.
മാലിക്ഇമൈദാനിലെ പീരങ്കി സബാരികള്‍ക്ക് കൗതുകം പകരുന്നതോടൊപ്പം ആദില്‍ ഷാ സാമ്രാജ്യത്തിലെ രക്തരൂക്ഷിത കാലഘട്ടത്തെയും ഓര്‍മപ്പെടുത്തുന്നുണ്ട്. അമ്പത്തഞ്ച് ടണ്‍ ഭാരവും 4.3 മീറ്റര്‍ നീളവുമുള്ള പീരങ്കി നഗരത്തിനു പുറത്ത് അഹമ്മദ് നഗറില്‍ സൂക്ഷിച്ചു വച്ചിരിക്കുന്നത്. സിംഹത്തിന്റെയും ആനയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട് ഇതില്‍. അഹ്മദ് നഗറിലേക്ക് വരുന്ന 240 കിലോമീറ്റര്‍ ദൂരം 240 കാളകളും 10 ആനകളും ചേര്‍ന്നാണ് അന്ന് കടത്തിക്കൊണ്ടുപോയത്. പീരങ്കിക്ക് തിരികൊളുത്തുന്ന പടയാളികള്‍ തൊട്ടടുത്തെ കുളത്തില്‍ മുങ്ങിയാണ് കര്‍ണ പടം തകര്‍ക്കുന്ന അതി ഭീകരമായ അതിന്റെ ശബ്ദത്തില്‍ നിന്ന് രക്ഷ നേടിയിരുന്നതത്രെ.
ഗഗന്‍ മഹല്‍ ആണ് ബിജാപൂരിന്റെ പ്രൗഢി വിളിച്ചോതുന്ന മറ്റൊരു പൗരാണിക നിര്‍മിതി. കുളത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മിച്ച മഹല്‍ പതിനാറാം നൂറ്റാണ്ടിലെ സാങ്കേതിക വിദ്യയുടെ ഉപയോഗത്തെ കുറിച്ചുള്ള വ്യക്തമായ ചിത്രമാണ് നല്‍കുന്നത്. കാറ്റിന്റെ ദിശയറിഞ്ഞ നിര്‍മിതി കെട്ടിടത്തിനകത്ത് തണുത്ത അന്തരീക്ഷം എപ്പോഴും പ്രദാനം ചെയ്യുന്നു. 66 അടി നീളവും 56 അടി ഉയരത്തിലുമുള്ള ഗഗന്‍ മഹല്‍ നഗരത്തിലെ വലിയ നിര്‍മിതിയാണ്. വിശാലമായ നടുത്തളത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് ഒത്തുകൂടാനാവും. മുകള്‍ നിലയിലെ ദര്‍ബാര്‍ ഹാള്‍ ആധുനിക ഒപേര ഓഡിറ്റോറിയങ്ങളെ വെല്ലുന്ന രീതിയിലാണ്. ഹാളിന്റെ ഏത് കോണിലായാലും ദര്‍ബാറിലെ ഓരോ ചടങ്ങുകളും വീക്ഷിക്കാന്‍ സാധിക്കുമെന്നത് തന്നെ വാസ്തു ശാസ്ത്രത്തിലെ കൗതുകമായി ഇതിനെ നിലനിര്‍ത്തുന്നു. ആദില്‍ഷാ രാജാക്കന്മാരുടെ കുടുംബങ്ങള്‍ ഇവിടെയായിരുന്നു താമസിച്ചിരുന്നത്. ഗഗന്‍ മഹലിന്റെ ജാലകങ്ങളിലൂടെ നോക്കിയാല്‍ മൃഗങ്ങളുടെ മത്സരം നടന്നിരുന്ന വിശാലമായ മൈതാനം കാണാനാവും. ചിലപ്പോഴൊക്കെ ശിക്ഷയായി വന്യമൃഗങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടവര്‍ നടത്തുന്ന മരണ പോരാട്ടം രാജാക്കന്മാര്‍ ഈ ജാലകങ്ങളിലൂടെയായിരുന്നു ആസ്വദിച്ചിരുന്നത്.
gaganmahal_bijapurഅതിമനോഹരമായ വെണ്ണക്കല്‍ കൊത്തുപണികള്‍ കൊണ്ട് സമ്പന്നമായ താഴികക്കുടങ്ങളുള്ള നിര്‍മിതിയാണ് മിഅ്താറെ മഹല്‍. 1620ല്‍ ഒരു തൂപ്പുകാരന്‍ നിര്‍മിച്ചതിനാലാണിത് “തൂപ്പുകാരന്റെ കൊട്ടാരം” എന്നര്‍ഥം വരുന്ന മിഅ്താറെ മഹല്‍ എന്ന പേരുവന്നതെന്നാണ് ഒരു ചരിത്ര കഥയിലുള്ളത്. ഒരു ഫക്കീര്‍ (ആത്മജ്ഞാനി) രാജാവില്‍ നിന്ന് ലഭിച്ച സമ്മാനം കൊണ്ട് നിര്‍മിച്ചതാണെന്നും അഭിപ്രായമുണ്ട്.
പാറക്കല്ലുകളെ കളിമണ്ണുപോലെ കൈകാര്യം ചെയ്ത, അതുല്യമായ കൊത്തുപണികളാണ് മിഅ്താറെ മഹലിലെ കൗതുകം ജനിപ്പിക്കുന്ന കാഴ്ച. ശില്‍പകലയില്‍ അതിവിശിഷ്ടമായ ജ്ഞാനമുള്ളവരുടെ മേല്‍നോട്ടത്തില്‍ നടന്ന ജാല വിദ്യകളാണിതെന്ന് പറയാതിരിക്കാന്‍ഒരു സന്ദര്‍ശകനുമാവില്ല. വെറും കൊത്തുപണിക്കാര്‍ക്ക് നെയ്‌തെടുക്കാനാവുന്നതുമല്ല ഈ സൗന്ദര്യം. ആനയുടെയും സിംഹത്തിന്റെയും ചിത്രങ്ങളടങ്ങിയവയാണ് പലതും.
നവ്‌റാസ് പൂരിലെ സംഗീത് മഹല്‍ ആദില്‍ ഷാ രാജാക്കന്‍മാരുടെ സംഗീത പ്രേമത്തിന്റെ മികച്ച ഉദാഹരണമായി നിലകൊള്ളുന്നു. രണ്ടു നിലകളിലുള്ള നിര്‍മിതിയില്‍ ദര്‍ബാറും മറ്റൊരു ഹാളുമുണ്ട്. പുരാതന റോമന്‍ തിയേറ്ററുള്ള നാണിപ്പിക്കുന്ന കെട്ടിടം!.
കാലിഗ്രാഫിയുടെ അതിവൈശിഷ്ട്യം ബീജാപൂരിലെ എല്ലാ നിര്‍മിതികളിലും കാണാം. തേക്കിലും കല്ലിലും കുമ്മായത്തിലും കൊത്തിവെച്ച പദ്യശകലങ്ങളും ഖുര്‍ആനിക സൂക്തങ്ങളും ആദിഷാ രാജാക്കന്മാരുടെ പ്രണയത്തെയും ദൈവിക പ്രതിപത്തിയെയും നന്നായി പ്രതിഫലിക്കുന്നുണ്ട്. അവയില്‍ ചിലത് ഇങ്ങിനെ വായിക്കാം. “താജ് സുല്‍ത്താന സമര്‍പ്പിച്ച ഈ താഴികക്കുടം, സ്വര്‍ഗം നാണിക്കുമിതിന്‍ സൗന്ദര്യത്താല്‍.” “അന്തസുറ്റ സുബൈദയെപ്പോലെ (ഹാറൂണ്‍ അല്‍ റശീദിന്റെ പ്രിയതമ), മഹത്വവത്കരിക്കപ്പെട്ട ബില്‍കീസിനെപ്പോലെ (ശേബയിലെ രാജ്ഞി), അവള്‍ (താജ് സുല്‍ത്താന) പാതിവ്രതം കൊണ്ട് സിംഹാസനത്തെയും കിരീടത്തെയും അലങ്കരിക്കുന്നു” സൂറ ആലു ഇംറാനില്‍ ഇബ്‌റാഹീം നബി (അ)യെ പരാമര്‍ശിക്കുന്ന 67ാം സൂക്തം മുതലുള്ള ചില ആയതുകളും ഇതില്‍ കാണാം.
ബീജാപൂരിലെ ഗസല്‍ സന്ധ്യകള്‍ പ്രസിദ്ധമാണ്. ഷഹര്‍ ഇബീജാപൂരിലെ മുശായിറയില്‍ പുതുതലമുറയിലെ ഇഖ്ബാല്‍ ആസിഫ് പാടുകയാണ്, പെയ്‌തൊഴിഞ്ഞ ബീജാപൂരിന്റെ സൗന്ദര്യം ആവോളം ആവാഹിച്ചുകൊണ്ട്…
ലോകത്തൊരുപാട് നല്ല നഗരങ്ങള്‍ കാണാം. പക്ഷേ,
ആകാശത്തോട് സംസാരിക്കുന്ന, ബീജാപൂരിലെ
താഴികക്കുടങ്ങളെ കാണാനാകില്ല.
കോട്ടയുടെ ചുമരുകള്‍, ഒന്നിനു പിന്നാലെ ഒന്നായി
മൂന്നുവട്ടം മരുപ്രഭയുടെ നഗരമിത്. അതെ, ബീജാപൂരിന് കാലത്തിന്റെ കൈകളാല്‍ ക്ഷതമേറ്റിട്ടുണ്ട്. പക്ഷേ,
ഈ നഗരം എല്ലാത്തിലും അതി ശക്തമാണ്.
ആസിഫിന് തിരുശേഷിപ്പുകളോടുള്ള പ്രിയംപോലെ
ഈ നഗരം പൂര്‍വ പിതാക്കളുടെ മോഹമത്രെ!.
അതെ, ബീജാപൂര്‍, സുല്‍ത്താന്‍മാരുടെ മദ്ഹ് പാടിയ ഈ നഗരം കാലം വരുത്തിയ മാറ്റങ്ങളില്‍ നശിച്ചു പോവുകയാണ്. ശരിയായ പരിപാലനമോ ശ്രദ്ധയോ ഇല്ലാതെ കെട്ടിടങ്ങള്‍ നാശോന്മുഖമാവുന്നു. ജല സമൃദ്ധിയുടെ കേളിയുയര്‍ന്ന മണ്ണ് ഇന്ന് വെള്ളത്തിന്നായി ദാഹിക്കുകയാണ്. കുളങ്ങളില്‍ വൃത്തി ഹീനതയുടെ ഓളങ്ങള്‍. പാന്‍ ചവപ്പുതുപ്പിയ ചുമരുകള്‍, നാല്‍കാലികള്‍ യഥേഷ്ടം മേയുന്ന പൂന്തോട്ടങ്ങളും പച്ചപ്പുല്‍തകിടിയും. മനുഷ്യരുടെ എച്ചില്‍ പുറങ്ങളായി തീര്‍ന്നിരിക്കുന്നു, ഈ ചരിത്ര ഭൂമി. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ സംരക്ഷണ ബോര്‍ഡുകള്‍ അവയോട് തന്നെ പല്ലിളിക്കുന്നപോലെ.
മനോഹരമായ ഈ നഗരം, ആദില്‍ ഷാ രാജാക്കന്മാരുടെ വൈശിഷ്ട്യത്തിന്റെയും ഭരണ നിപുണതയുടെയും കേളികൊട്ടുയര്‍ന്ന മണ്ണ് സഞ്ചാരികളെ മാടിവിളിക്കുമ്പോള്‍, വേണ്ടെന്ന് പറയുന്ന തരത്തിലേക്ക് മാറുകയാണോ. ഭരണകൂടങ്ങള്‍ താല്‍പര്യം കാണിക്കേണ്ടത് ചരിത്രത്തോട് ചെയ്യേണ്ട ധാര്‍മിക ഉത്തരവാദിത്വത്തിലാണ്!.

Latest