Connect with us

Articles

പൊടിപൊടിക്കുന്ന ലഹരി വ്യാപാരം

Published

|

Last Updated

ലഹരി മരുന്നുകളുടെ ഉല്‍പാദനവും ഉപഭോഗവും ദേശീയ അന്തര്‍ ദേശീയ തലങ്ങളില്‍ അനുദിനം വര്‍ധിച്ചു വരികയാണ്. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം കുട്ടികളിലേക്കും കൗമാര പ്രായക്കാരിലേക്കും അതിവേഗം പടര്‍ന്നു പിടിക്കുന്നതിന്റെ ഞെട്ടിക്കുന്ന വാര്‍ത്തകളും ദിനംപ്രതി പുറത്തു വന്നു കൊണ്ടിരിക്കുന്നു. നഗരങ്ങളിലും നാട്ടിന്‍ പുറങ്ങളിലും സുലഭമായി ലഭിക്കുന്ന ലഹരി വസ്തുക്കള്‍ക്ക് പെണ്‍കുട്ടികള്‍ പോലും അടിപ്പെടുന്ന ഭീതിതമായ അവസ്ഥയാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രതിദിനം കണ്ടു വരുന്നത്. ഇന്റലിജന്‍സ് വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടു പ്രകാരം, അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മാത്രം പ്രതിമാസം ഒഴുകുന്നത് അമ്പത് ടണ്‍ കഞ്ചാവാണ്. ഒഡീഷ, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കഞ്ചാവ് കേരളത്തിലേക്ക് ഒഴുകുന്നതെന്നും കൂടുതല്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്തേക്ക് എത്തുന്നതാണ് കഞ്ചാവ് മാഫിയയെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതെന്നും കഞ്ചാവ് കടത്തിന് മലയാളികളടങ്ങുന്ന സംഘമാണ് നേതൃത്വം നല്‍കുന്നതെന്നും എക്‌സൈസ് ഇന്റലിജന്‍സ് വകുപ്പ് പറയുന്നു.
കേരളത്തില്‍ മാത്രം ഒരു ദിവസം 10 കോടി രൂപയുടെ ലഹരി കച്ചവടമാണ് നടക്കുന്നത്. സോഷ്യല്‍ മീഡിയ സൈറ്റുകള്‍ വഴി ക്രെഡിറ്റ് കാര്‍ഡിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്നു പോലും കൊറിയര്‍ സര്‍വീസ് വഴി മയക്കു മരുന്നുകള്‍ സുരക്ഷിതമായി കേരളത്തിലെത്തുന്നുണ്ടെന്നാണ് അന്വേഷണ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
സാക്ഷര കേരളത്തിന്റെ കലാലയങ്ങളും ഇന്ന് ലഹരിയുടെ നീരാളിപ്പിടുത്തത്തിലാണ്. പന്ത്രണ്ട് മണിക്കൂര്‍ മുതല്‍ ഇരുപത് മണിക്കൂര്‍ വരെ തലച്ചോറിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളേയും മരവിപ്പിച്ച് ഉന്മാദം നില നിര്‍ത്തുന്ന ലഹരിയായ “പാര്‍ട്ടി ഡ്രഗ്” എന്നറിയപ്പെടുന്ന എല്‍ എസ് ഡി യാണ് പല വിദ്യാര്‍ത്ഥികളുടെയും ഇഷ്ട വിഭവം. ഒരു മൈക്രോ സിം കാര്‍ഡിന്റെ നാലിലൊന്ന് വലിപ്പം മാത്രമുള്ള സ്റ്റാമ്പുകളാക്കി രണ്ടായിരം രൂപക്ക് ലഭിക്കുന്ന എല്‍ എസ് ഡി കേരളത്തിലെ കലാലയങ്ങളിലും ഐ ടി സ്ഥാപനങ്ങളിലും സുലഭമായി ലഭിക്കുന്നുണ്ട്. നാവിന്‍ തുമ്പിലൊട്ടിച്ചാല്‍ ഒരു ദിവസം മുഴുവന്‍ ഉന്മാദം ലഭിക്കുന്ന ഈ സ്റ്റാമ്പ് ആയിരം രൂപ വില വരുന്ന പത്ത് ഗ്രാം കഞ്ചാവിന്റെ നാലിരട്ടി ലഹരിയാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പത്ത് വസ്തുക്കളുടെ പട്ടികയില്‍ കുങ്കുമപ്പൂവിനും പ്ലാറ്റിനത്തിനും സ്വര്‍ണ്ണത്തിനും അമൂല്യ രത്‌നങ്ങള്‍ക്കും മുകളിലാണ് മാരകമായ ലഹരി പദാര്‍ത്ഥങ്ങളായ ഹെറോയിന്‍, കൊക്കെയിന്‍, എല്‍ എസ് ഡി എന്നിവ സ്ഥാനം പിടിച്ചിരിക്കുന്നത്.
ലഹരി ലോകത്ത് കൂടുതല്‍ അപകടകാരിയായ ആംപ്യൂളുകളുടെ ഉപയോഗത്തിലും വിതരണത്തിലും കുട്ടി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജീവിത ധൂര്‍ത്തിനുള്ള പണം കണ്ടെത്താനാണ് പലരും ഈ ബിസിനസ്സ് രംഗത്ത് നിലയുറപ്പിക്കുന്നത്. ചികിത്സക്ക് വേണ്ടി ഉപയോഗിക്കുന്നതും അളവില്‍ കൂടുതല്‍ സിരകളിലെത്തിയാല്‍ ലഹരി വരുന്നതുമായ മരുന്നുകളുടെ ആംപ്യൂളുകള്‍ ശേഖരിച്ചു വില്‍ക്കുന്നതാണ് ന്യൂജനറേഷന്‍ ലഹരി മാഫിയയുടെ പ്രധാന ജോലി. ശസ്ത്രക്രിയാ സമയത്ത് അനസ്‌തേഷ്യ നല്‍കാനും വേദനസംഹാരിയായി ഉപയോഗിക്കാനുമുള്ള ഈ ആംപ്യൂള്‍ കഴിച്ചാല്‍ എട്ട് മണിക്കൂര്‍ വരെ നീളുന്ന ലഹരി ലഭിക്കുമത്രെ. ആംപ്യൂളുകള്‍ കുത്തിവെക്കാന്‍ വേണ്ടി ക്ലിനിക്കില്‍ തന്നെ സൗകര്യങ്ങളേര്‍പ്പെടുത്തിയ ഒരു ഡോക്ടറും സംഘവും ഈയിടെ തെക്കന്‍ കേരളത്തില്‍ അറസ്റ്റിലായിരുന്നു.
ലഹരി മാഫിയയുടെ വിപണനത്തിനു വേണ്ടി വിദ്യാലയ പരിസരങ്ങളും കോളജ് ക്യാമ്പസുകളും കളിസ്ഥലങ്ങളുമാണ് പ്രധാനമായും തിരഞ്ഞെടുക്കുന്നത്. പുതിയ വഴികളിലൂടെയാണ് അവര്‍ പുതു തലമുറയെ ഇരകളാക്കുന്നത്. കുട്ടികളെ കെണിയിലാക്കാന്‍ വേണ്ടി മാഫിയ സംഘങ്ങള്‍ മയക്കുമരുന്നുകള്‍ ആദ്യം സൗജന്യമായി നല്‍കും. പിന്നീട് കുറഞ്ഞ വിലക്കും. ശേഷം വിതരണക്കാര്‍ കുറച്ചു നാള്‍ വിട്ടു നില്‍ക്കുകയാണ് പതിവ്. അപ്പോഴേക്കും വിദ്യാര്‍ഥികള്‍ ലഹരി ലഭിക്കാത്തതില്‍ അസ്വസ്ഥരായിട്ടുണ്ടാവും. ആനന്ദ ലബ്ധിക്കു വേണ്ടി അവര്‍ മറ്റു വിതരണക്കാരെ തേടിപ്പിടിക്കുകയും ചെയ്യും. പിന്നീട് അവര്‍ നാള്‍ക്കുനാള്‍ ലഹരിയുടെ ബലിഷ്ഠമായ പിടിയിലമരുകയും ചെയ്യും.
ലഹരിയുടെ വിപണന ശൃംഖല വളരെ വേഗം വിസ്തൃതമാക്കുന്നതിനുള്ള തന്ത്രമായാണ് ലഹരി മാഫിയകള്‍ വിദ്യാര്‍ഥികളെ വല വീശുന്നത്. പിതാക്കന്മാര്‍ വിദേശത്തുള്ള കുട്ടികളെ വിശേഷിച്ചും. കുട്ടികളെ പിടികൂടാന്‍ വേണ്ടി വാട്‌സ് ആപ്, ഫേസ് ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളും മാഫിയാ സംഘങ്ങള്‍ ഉപയോഗിച്ച് വരുന്നു. ലഹരി വിപണനം ലളിതവും സുതാര്യവുമാക്കാന്‍ വേണ്ടി പ്രത്യേക കോഡു ഭാഷയാണ് ഉപയോഗിക്കുന്നത്. “5 ആളുണ്ട് പണിയുണ്ടാകുമോ?” എന്ന ചോദ്യത്തിനര്‍ത്ഥം 5 കിലോ കഞ്ചാവുണ്ട് വില്‍ക്കാന്‍ പറ്റുമോ (കഞ്ചാവു ഡിക്ഷ്‌നറി പ്രകാരം!) എന്നാണത്രെ. “പോത്തിനെ അറുക്കാന്‍ പറ്റുമോ”? “പാന്റ് നീലയാണോ”? തുടങ്ങിയവയാണ് ചോദ്യമെങ്കില്‍ “കഞ്ചാവുണ്ടോ” എന്നുമാണ് അര്‍ത്ഥം. ലഹരിയുടെ ലോകത്തേക്ക് ആദ്യമായി എത്തുന്ന കുട്ടികള്‍ക്ക് വേണ്ടി സിഗരറ്റ് പേനയും കറക്ടിംഗ് പേപ്പറുമെല്ലാം വിപണിയില്‍ തയ്യാറാണ്.
മൃഗങ്ങളെ മയക്കാന്‍ വേണ്ടി സാധാരണ ഉപയോഗിക്കാറുള്ള കെറ്റമിനും ലഹരിക്കു വേണ്ടി ഉപയോഗിക്കപ്പെടുന്നു. വൈറ്റ്‌നറിന്റെ ഗന്ധം ശ്വസിച്ച് ലഹരി കണ്ടെത്തുന്ന വിദ്യാര്‍ഥികളും സൈക്കിളിന്റെ ട്യൂബില്‍ പഞ്ചര്‍ ഒട്ടിക്കുന്ന പശ തുണിയിലൊഴിച്ച് മണപ്പിച്ച് ലഹരി തേടുന്ന വിദ്യാര്‍ഥികളും സാക്ഷര കേരളത്തിലുണ്ട്. നിരോധമുളളവയാണെങ്കിലും പുകയില ഉത്പന്നങ്ങള്‍ ചുണ്ടുകള്‍ക്കിടയില്‍ തിരുകി ക്ലാസിലിരുന്ന് മയങ്ങുന്ന വിദ്യാര്‍ഥികളും കുറവല്ല. മീഥൈല്‍ ഫെനിഡേറ്റ്,ആംഫിറ്റാമിന്‍ തുടങ്ങിയ ഉത്തേജക ഔഷധങ്ങളും ലഹരിക്ക് വേണ്ടി വിദ്യാര്‍ത്ഥികള്‍ ദുരുപയോഗം ചെയ്യുന്നുണ്ട.് നാഡീവ്യവസ്ഥയെ ബാധിച്ച് വേദനാ സംവേദനങ്ങള്‍ തലച്ചോറിലെത്തുന്നത് തടയുന്ന ഓപിയോയിഡ്‌സ് വിഭാഗത്തില്‍ പെട്ട വേദനാസംഹാരികളും വിദ്യാര്‍ഥികള്‍ക്ക് ലഹരി പകരുന്നവയാണ്. ആപ്പിളില്‍ ദ്വാരമുണ്ടാക്കുകയും കഞ്ചാവ് തിരുകിവെച്ച് അതിനു തീ കൊളുത്തി ദ്വാരത്തിന്റെ എതിര്‍ വശത്തിലൂടെ ചെറിയ പൈപ്പ് ഉപയോഗിച്ച് പുക വലിച്ചെടുക്കുകയും ചെയ്യുന്ന “ആപ്പിള്‍ ചിലമ്പും” ന്യൂ ജനറേഷന്‍ ലഹരിക്കു വേണ്ടി സാധാരണ പയറ്റുന്നതാണ്. കൗമാരക്കാര്‍ ലഹരിക്കുപയോഗിക്കുന്ന വസ്തുക്കള്‍ ഇവ മാത്രമല്ലെന്നതാണു വിചിത്രം. മണ്ണെണ്ണ, പെട്രോള്‍, ഡീസല്‍, വാര്‍ണിഷ്, നെയില്‍ പോളിഷ്, ഫെവികോള്‍, ഷൂ പോളിഷ് തുടങ്ങി വേദനാസംഹാരികളായ ഗുളികകളും ബാമുകളും വരെ അവര്‍ ലഹരി നുകരാനുപയോഗിക്കുന്നു. പ്രധാന നഗരങ്ങളിലെ ഡാന്‍സ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് പാമ്പിന്‍ വിഷത്തിലൂടെ ലഹരി നല്‍കുന്ന രഹസ്യ കേന്ദ്രങ്ങളും നമ്മുടെ സംസ്ഥാനത്തുണ്ട്. ഒരു മില്ലി ലിറ്റര്‍ വിഷം അറുപത് മില്ലി ലിറ്റര്‍ വെള്ളം ചേര്‍ത്ത് വീര്യം കുറച്ചാണ് ഇഞ്ചക്ഷന്‍ ചെയ്യുന്നത്. ഇങ്ങനെയുള്ള ഒരു ഇഞ്ചക്ഷന് 500 രൂപയാണത്രെ കോഴിക്കോട്, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള ഇത്തരം കേന്ദ്രങ്ങള്‍ ഈടാക്കുന്നത്.
വിദ്യാര്‍ഥികളുടെ അഭിരുചിക്കും കഴിവിനുമനുസരിച്ച് അവരെ പഠിപ്പിക്കുന്നതിനു പകരം മാതാപിതാക്കളുടെ ഇംഗിതത്തിനനുസരിച്ച് പഠിപ്പിക്കുന്നതും കുട്ടികളെ ലഹരിയുടെ മയക്കത്തില്‍ പെടുത്തുന്നതിന് കാരണമാകുന്നുണ്ടെന്ന് കൗണ്‍സലിംഗ് വിദഗ്ധര്‍ ചൂണ്ടി കാട്ടുന്നു. വിദ്യാര്‍ഥികളില്‍ പലരും ലഹരിക്ക് വിധേയരായിത്തുടങ്ങുന്നത് പരീക്ഷാകാലത്തും റിസല്‍ട്ട് പ്രതീക്ഷിച്ചിരിക്കുന്ന സമയത്തുമാണെന്നും അവര്‍ പറയുന്നു. താത്പര്യമില്ലാത്ത വിഷയങ്ങള്‍ പഠിക്കാനുളള മാനസിക തയ്യാറെടുപ്പില്ലാത്തതു കൊണ്ട് പഠന നിലവാരം കുറയുകയും പിന്നീട് കോളജ് അധ്യാപകരുടെയും മാതാപിതാക്കളുടെയും സമ്മര്‍ദം സഹിക്കവയ്യാതെ ആനന്ദത്തിന് വേണ്ടി ലഹരിയിലേക്ക് തിരിയുകയുമാണ് അത്തരം വിദ്യാര്‍ഥികള്‍ ചെയ്യുന്നത്. കോളേജുകളിലെ അരാഷ്ട്രീയവല്‍ക്കരണവും അണു കുടുംബങ്ങളിലെ ജീവിത സാഹചര്യങ്ങളും കുട്ടികളെ ലഹരിക്കടിമകളാക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. ദാരിദ്ര്യം, ആര്‍ഭാട ജീവിതം, ദുഷിച്ച സൗഹൃദങ്ങള്‍, മോശം കുടുംബ സാഹചര്യങ്ങള്‍, അമിത നിയന്ത്രണം, ലഹരിയുടെ ദോഷ ഫലങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ, പുതുമകള്‍ പരീക്ഷിക്കാനുള്ള വെമ്പല്‍, പ്രശ്‌നങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടം, ആത്മ വിശ്വാസക്കുറവ് തുടങ്ങിയവയാണ് മിക്ക വിദ്യാര്‍ഥികളേയും ലഹരിക്കടിമപ്പെടുത്തിയത്.
മയക്കു മരുന്നു മാഫിയയെ നിയന്ത്രിക്കാന്‍ കര്‍കശമായ പല നിയമങ്ങളും നമ്മുടെ രാജ്യത്തു ണ്ടെന്നതു സത്യമാണ്. നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റ്ന്‍സസ് ആക്ട് (1985) പ്രകാരം കൈവശമുള്ള കഞ്ചാവിന്റെ അളവനുസരിച്ച് മൂന്നു വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുന്നത്. സെക്ഷന്‍ 20 (എ) പ്രകാരം ഒരു കിലോയില്‍ താഴെയെങ്കില്‍ ആറുമാസം വരെ തടവോ 10000 രൂപ വരെ പിഴയോ ഇവ രണ്ടും കൂടിയോ, സെക്ഷന്‍ 20(ബി)പ്രകാരം ഒരുകിലോ മുതല്‍ 20 കിലോ വരെയെങ്കില്‍ 10 വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ ഇവ രണ്ടും കൂടിയോ, സെക്ഷന്‍ 20 (സി)പ്രകാരം 20 കിലോയിലേറെയെങ്കില്‍ 10-20 വര്‍ഷം തടവും ഒന്നു മുതല്‍ രണ്ടര ലക്ഷം രൂപ വരെ പിഴയും ശിക്ഷയായി നല്‍കുന്നതാണ്. മയക്കു മരുന്നു കേസുകളില്‍ അറസ്റ്റിലാകുന്നവരുടെ സമ്പാദ്യം കണ്ടു കെട്ടാന്‍ പോലും നമ്മുടെ രാജ്യത്ത് നിയമമുണ്ട്. ഒരിക്കല്‍ ശിക്ഷിക്കപ്പെട്ടയാളെ വീണ്ടും മയക്കു മരുന്നു കേസില്‍ പിടി കൂടിയാല്‍ വകുപ്പ് 31 പ്രകാരം അയാളെ തൂക്കി കൊല്ലാനുള്ള അനുമതിയുണ്ട്. മയക്കു മരുന്നുണ്ടെന്ന് സംശയിക്കുന്ന വാഹനം അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ പോകുന്ന പക്ഷം വെടിവെച്ചിടാമെന്നും വകുപ്പ് 49 പറയുന്നുണ്ട്. എന്നാല്‍ നിയമത്തിന്റെ പഴുതുകള്‍ വളരെ കൃത്യമായി അറിയുന്ന ചില നിയമ വീരന്മാര്‍ ഒരു കിലോയില്‍ കുറവ് കഞ്ചാവാണ് പലപ്പോഴും കടത്താന്‍ ശ്രമിക്കുന്നത്. പിടിക്കപ്പെട്ടാല്‍ തന്നെ മിക്ക പ്രതികളും പിഴയടച്ച് പിറ്റേന്നു തന്നെ പുറത്തിറങ്ങാറാണ് പതിവ്. ഇതാവട്ടെ നിയമപാലകരെ നിസ്സഹായരാക്കുകയും ചെയ്യുന്നു.
കള്ളപ്പണവും കള്ളക്കടത്തും തടയാനുപയോഗിക്കുന്ന സേനാ വിഭാഗങ്ങളുടെ ബലവും സമയവും ലഹരി തടയാന്‍ വേണ്ടി നമ്മുടെ നാട്ടില്‍ വിനിയോഗിക്കുന്നില്ലെന്നതും ലഹരി വ്യാപാരികള്‍ക്ക് മുതല്‍ക്കൂട്ടാണ്. എക്‌സൈസ് വകുപ്പിന് സൈബര്‍ സെല്ലിന്റെ സഹായമില്ലാത്തതിനാല്‍ മൊബൈല്‍ കാള്‍ ലിസ്റ്റ് പരിശോധിക്കാന്‍ സാധിക്കാത്തതും ലഹരി മാഫിയകളുടെ വിളയാട്ടത്തിന് വളം വെക്കുന്നു. വാഹനങ്ങള്‍ റോഡില്‍ തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ കൊണ്ട് ഊതിപ്പിക്കുന്ന സംവിധാനവും ലഹരിയെ തുരത്താന്‍ സഹായിക്കില്ലെന്നതും ശ്രദ്ധേയമാണ്. ശരീരത്തില്‍ മയക്കു മരുന്നുണ്ടോ എന്നറിയാന്‍ രക്ത പരിശോധന തന്നെ വേണം.
ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ നിയമങ്ങളും നിയമ പാലകരും നോക്കുകുത്തികളാകുന്ന ഇക്കാലത്ത് ജനങ്ങളുടെ കൂട്ടായ്മയാണ് ഏറ്റവും ഗുണകരവും അനിവാര്യവും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാഗ്രതാ കമ്മറ്റികള്‍ രൂപീകരിക്കുക, വിദ്യാലയങ്ങളില്‍ അധ്യാപകരെയും വീടുകളില്‍ രക്ഷിതാക്കളെയും ഉപയോഗപ്പെടുത്തിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയവയെല്ലാം കൗമാര പ്രായക്കാരിലുള്ള ലഹരിയുടെ ഉപയോഗത്തെ ഉന്മൂലനം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളാണ്. ഓരോ വിദ്യാര്‍ഥിയെയും പ്രത്യേകം കണ്ടും സംസാരിച്ചും കുടുംബ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിച്ചും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സാധിക്കുന്ന കൗണ്‍സലിംഗ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ നല്‍കുന്നത് ലഹരി വിരുദ്ധ മനേഭാവം അവരില്‍ എക്കാലത്തും നിലനിര്‍ത്താന്‍ സഹായകമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.