Connect with us

Gulf

കൊല്ലപ്പെട്ട യു എ ഇ സൈനികരുടെ എണ്ണം 45 ആയി

Published

|

Last Updated

റിയാദ്: ഹൂത്തി വിമതരെ അടിച്ചമര്‍ത്താനുള്ള നീക്കത്തിനിടെ കൊല്ലപ്പെട്ട യു എ ഇ സൈനികരുടെ എണ്ണം 45 ആയി. അഞ്ച് ബഹ്‌റൈന്‍ സൈനികരും സംഭവത്തില്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെ യമനിലെ മാരിബ് ഗവര്‍ണറേറ്റിലായിരുന്നു സംഭവം. സൈനികരുടെ ആയുധ കേന്ദ്രത്തിന് സമീപം ഹൂത്തികളുടെ മിസൈല്‍ പതിച്ചാണ് സൈനികര്‍ കൊല്ലപ്പെട്ടത്. നേരത്തെ 22 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നതെങ്കിലും പിന്നീട് മരണ സംഖ്യ 45 ആയതായി സ്ഥിരീകരിക്കുകയായിരുന്നു. സൈനികരുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതിന് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സൈനികരുടെ മരണത്തില്‍ യു എ ഇ പ്രസിഡന്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തി.
സോവിയറ്റ് കാലഘട്ടത്തിലെ ടോക്ക മിസൈലുകളാണ് ഹൂത്തികള്‍ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഹൂത്തികള്‍ക്കെതിരെ സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷിയില്‍ യു എ ഇയും അംഗമാണ്. യമനില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സഊദി അറേബ്യയും യു എ ഇയുമാണ് കൂടുതലായി സൈനികരെ നിയോഗിച്ചിട്ടുള്ളത്.
ആക്രമണത്തില്‍ യമന്‍ സൈനികരും കൊല്ലപ്പെട്ടതായി പുറത്താക്കപ്പെട്ട യമന്‍ പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദി പറഞ്ഞു. എന്നാല്‍ എത്ര പേരാണ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
യമനില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന ഹൂത്തി വിമതര്‍ക്കെതിരെ കഴിഞ്ഞ മാര്‍ച്ച് മുതല്‍ സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസൈന്യം പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. പുറത്താക്കപ്പെട്ട യമന്‍ പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയെ തിരികെ അധികാരത്തിലെത്തിക്കുക, പിടിച്ചെടുത്ത പ്രദേശങ്ങള്‍ നിരുപാധികം വിട്ടുനല്‍കുക എന്നീ ആവശ്യങ്ങള്‍ ഹൂത്തികള്‍ അംഗീകരിക്കണമെന്നാണ് സഊദി മുന്നോട്ടു വെക്കുന്ന ആവശ്യങ്ങള്‍. രാജ്യ തലസ്ഥാനമായ സന്‍ആയുടെ നിയന്ത്രണം ഇപ്പോഴും ഹൂത്തികളുടെ കൈവശമാണ്. പോരാട്ടം തുടങ്ങിയതിന് ശേഷം യു എ ഇക്ക് സംഭവിക്കുന്ന ഏറ്റവും വലിയ ആഘാതമാണ് 45 സൈനികരുടെ മരണം. 1971 യു എ ഇ ഫെഡറേഷന്‍ സ്ഥാപിക്കപ്പെട്ടതിന് ശേഷം യു എ ഇ സൈന്യത്തിന് സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ് കഴിഞ്ഞ ദിവസത്തേത്.

---- facebook comment plugin here -----

Latest