Connect with us

Kozhikode

14 കുട്ടികള്‍ക്കും അധ്യാപകനും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

Published

|

Last Updated

കോഴിക്കോട്: പറമ്പില്‍ ബസാര്‍ ഗവ. എച്ച് എസ് എസിലെ വിദ്യാര്‍ഥികളില്‍ മഞ്ഞപ്പിത്ത ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന നടപടി. പറമ്പില്‍ ബസാര്‍ അങ്ങാടിയിലെയും സ്‌കൂളിന് സമീപത്തെയും കടകളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി.
വൃത്തിഹീനമായും ലൈസന്‍സില്ലാതെയും പ്രവര്‍ത്തിച്ച രണ്ട് കടകള്‍ അടപ്പിച്ചു. സ്‌കൂള്‍ റോഡിലുള്ള കടയില്‍ നടത്തിയ പരിശോധനയില്‍ പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. നിയമങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച രണ്ട് കടകള്‍ക്ക് നോട്ടീസ് നല്‍കി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രാദേശികമായി തയ്യാറാക്കുന്ന അച്ചാറുകള്‍ മിക്കസ്ഥാപനങ്ങളിലും വില്‍പനക്ക് വെച്ചിരുന്നു. ഇവ പിടിച്ചെടുത്തു.
മാലിന്യസംസ്‌കരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്ത കടയുടമകളെ താക്കീത് ചെയ്തു. സിപ്പപ്പ് പോലുള്ള ഭക്ഷ്യവസ്തുക്കളുടെ വില്‍പന നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിനോടാവശ്യപ്പെട്ടതായും ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം പാലിക്കുമെന്നും വിദ്യാര്‍ഥികള്‍ക്ക് അടുത്തദിവസം ബോധവത്കരണ ക്ലാസ് നല്‍കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് മഞ്ജുള പറഞ്ഞു.
ഓണം അവധിക്ക് സ്‌കുള്‍ തുറന്നതോടെയാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ 14 ആണ്‍കുട്ടികള്‍ക്കും ഒരു അധ്യാപകനും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് രോഗബാധ എന്നതിനാല്‍ പുറമേ നിന്നുള്ള ഭക്ഷണമോ വെള്ളമോ രോഗം പടരാന്‍ വഴിയൊരുക്കിയെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ ഇതുറപ്പിക്കാനാകൂവെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ മറ്റു ചിലര്‍ക്കും രോഗബാധയുള്ളതായി റിപ്പോര്‍ട്ടുണ്ട്. സ്‌കൂളിലെ കിണര്‍ ക്ലോറിനേറ്റു ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ നേരത്തെ ചെയ്തിരുന്നു.
ഇന്നലെ നടന്ന പരിശോധനയില്‍ കുരുവട്ടൂര്‍ പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉണ്ണിക്കൃഷ്ണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വസന്ത, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഗണേശന്‍, ഷൈജു, ഷീജ നതൃത്വം നില്‍കി. പഞ്ചായത്തംഗം കെ കെ കൃഷ്ണദാസ്, ക്ലാര്‍ക്ക് പ്രസാദ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

Latest