Connect with us

Malappuram

വൃക്ക രോഗികള്‍ക്ക് കൈത്താങ്ങായി എളമ്പുലാശ്ശേരി സ്‌കൂളില്‍ പെട്ടിവരവ്

Published

|

Last Updated

തിരൂരങ്ങാടി: എളമ്പുലാശ്ശേരി എ എല്‍ പിസ്‌കൂളിന്റെ കൈതാങ്ങ് പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ വൃക്കരോഗികളെ സഹായിക്കാന്‍ പെട്ടിവരവ് സംഘടിപ്പിച്ചു.
ജില്ലാപഞ്ചായത്തിന്റെ കിഡ്‌നി പേഷ്യന്‍സ് വെല്‍ഫെയര്‍ സെസൈറ്റിക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിനായി കഴിഞ്ഞ അധ്യായന വര്‍ഷത്തില്‍ പണംനിക്ഷേപിക്കുന്ന സാന്ത്വനപ്പെട്ടി (കുഞ്ചി) നല്‍കിയിരുന്നു. ഒരു വീട്ടിലേക്ക് ഒരു സാന്ത്വനപെട്ടി എന്ന രൂപത്തില്‍ 70 പെട്ടികളാണ് നല്‍കിയിരുന്നത്.
കുട്ടികള്‍ മിഠായിക്ക് വാങ്ങിക്കുന്ന നാണയ തുട്ടുകളും മുതിര്‍ന്നവര്‍ നല്‍കുന്ന സംഭാവനകളും സാന്ത്വനപെട്ടിയില്‍ നിക്ഷേപിച്ചു കൊണ്ടിരുന്നു. കൂടാതെ കുട്ടികളുടെ ഓണച്ചന്തയില്‍ വില്‍പന നടത്തികിട്ടിയ ലാഭവിഹിതവും സാന്ത്വനപെട്ടിയില്‍ നിക്ഷേപിച്ചിരുന്നു.
ഒരു വര്‍ഷം വീട്ടില്‍ സൂക്ഷിച്ച സാന്ത്വനപെട്ടികള്‍ പെട്ടിവരവ് എന്നപേരില്‍ കുട്ടികള്‍ സ്‌കൂളില്‍ എത്തിച്ചപ്പോള്‍ അത് സ്വീകരിക്കാന്‍ ജില്ലാപഞ്ചായത്ത് കിഡ്‌നി വെല്‍ഫെയര്‍ സൊസൈറ്റിയുടെ സെക്രട്ടറി ഉമര്‍ അറക്കലും പി ടി എ പ്രതിനിധികളും എത്തിയിരുന്നു.
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷം എണ്ണിതിട്ടപ്പെടുത്തിയപ്പോള്‍ 26250 രൂപ ഉണ്ടായിരുന്നു. രണ്ട് സാന്ത്വന പെട്ടികളില്‍ പണം നിക്ഷേപിച്ച് 8178രൂപ നല്‍കി ഒന്നാം സ്ഥാനത്ത് എത്തിയ രണ്ടാം ക്ലാസുകാരനായ നസല്‍ ശാഹിലിന് ജെ സി ഐ കോട്ടക്കല്‍ ചാപ്റ്ററിന്റെ സാന്ത്വന അവാര്‍ഡ് അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍ എ നല്‍കി. പ്രധാനാധ്യാപിക പി എം ശര്‍മിള, പി ടി എ പ്രസിഡന്റ് സി മുഹമ്മദ് ഹനീഫ, കൈത്താങ്ങ് കോഡിനേറ്റര്‍ പി മുഹമ്മദ് ഹസന്‍, സ്‌കൂള്‍ മാനേജര്‍ എം മോഹനകൃഷ്ണന്‍, അധ്യാപകരായ എം ഇ ദിലീപ്പ്രസംഗിച്ചു.

Latest