Connect with us

Malappuram

മങ്കട ഗവ. കോളജ്; പൂവണിയുന്നത് മൂര്‍ക്കനാടിന്റെ സ്വപ്നം

Published

|

Last Updated

കൊളത്തൂര്‍: മങ്കട ഗവ. കോളജിന് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതോടെ പൂവണിയുന്നത് മൂര്‍ക്കനാടിന്റെ സ്വപ്‌നം കൂടിയാണ്. കാലങ്ങളായി ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ പോലുമില്ലാതെ അവഗണിക്കപ്പെട്ടിരുന്ന മൂര്‍ക്കനാട് ഗ്രാമപഞ്ചായത്തില്‍ തന്നെ കോളജ് സ്ഥാപിതമാകുന്നതോടെ മൂര്‍ക്കനാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിനു പുതിയ മാനം കൈവരുമെന്നതില്‍ സംശയമില്ല.
മങ്കടയിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന ഗവ. കോളജിന്റെ സ്ഥിരം കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിക്കുന്നതോടെ നിലനിന്നിരുന്ന ആശങ്കകള്‍ക്ക് വിരാമമാകുകയാണ്.
കോളജിന് കെട്ടിടം പണിയുന്നതിനു വേണ്ടി അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലത്തെ സംബന്ധിച്ച് ഉന്നയിക്കപ്പെട്ട ഉടമസ്ഥാവകാശവും അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളും ഒരു വര്‍ഷത്തോളം കെട്ടിട നിര്‍മാണം ആരംഭിക്കാന്‍ കഴിയാതെ പോയി.
2013ല്‍ താത്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച കോളജ് ഏഴ് പ്രാധാന കോഴ്‌സുകളോടെയാണു തുടക്കം കുറിച്ചത്. കെട്ടിട നിര്‍മാണത്തിനുള്ള ഭൂമി വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ട്. ശിലാസ്ഥാപനം ഇന്ന് രാവിലെ പത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് നിര്‍വഹിക്കുന്നത്. ശിലാസ്ഥാപന ചടങ്ങ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണു നാട്ടുകാര്‍.
സാംസ്‌കാരിക ഘോഷയാത്രയോടെയാണു ചടങ്ങ് ആരംഭിക്കുക നാട്ടുകാരുടേയും വിദ്യാര്‍ഥികളുടേയും നേതൃത്വത്തില്‍ വിവിധ കലാരൂപങ്ങളും പ്ലോട്ടുകളും അണിനിരക്കും. കോളത്തൂര്‍ ജംഗ്ഷനിലെ കോളജിന്റെ താത്കാലിക ഷെഡുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ചടങ്ങുകള്‍ നടക്കുക.