Connect with us

Wayanad

തൊഴില്‍രഹിത വേതനത്തിന് നിബന്ധനകള്‍ കര്‍ശനമാക്കി

Published

|

Last Updated

കല്‍പ്പറ്റ: തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം കൈപ്പറ്റുന്നവര്‍ക്ക് തൊഴില്‍രഹിത വേതനം നല്‍കേണ്ടെന്ന ഉത്തരവ് കര്‍ശനമാക്കുന്നു.
ഒരുവര്‍ഷം മുമ്പ് ഇറങ്ങിയ ഉത്തരവ് കര്‍ശനമാക്കാന്‍ എംപ്ലോയ്‌മെന്റ് ഓഫിസും ഗ്രാമപ്പഞ്ചായത്തുകളും തീരുമാനിച്ചു. ഒരു ദിവസമെങ്കിലും തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്താല്‍ ഉത്തരവ് പ്രകാരം തൊഴില്‍രഹിത വേതനത്തിന് അര്‍ഹനല്ലാതാവും. തൊഴില്‍രഹിത വേതനം വാങ്ങുന്ന അഭ്യസ്തവിദ്യരില്‍ നിന്നു സത്യവാങ്മൂലം എഴുതിവാങ്ങും. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ മുതല്‍ 2015 ജൂണ്‍ മാസം വരെ നല്‍കുന്ന തൊഴില്‍രഹിത ലേതനം ലഭിക്കണമെങ്കില്‍ തൊഴിലുറപ്പ് പദ്ധതി തൊഴിലാളിയല്ലെന്നു സത്യവാങ് മൂലം നല്‍കണമെന്ന നിബന്ധന കര്‍ശനമാക്കി. ഒരു മാസം 120 രൂപയാണ് വേതനം നല്‍കുന്നത്.
100 രൂപ പോലും വരുമാനമില്ലാത്ത അഭ്യസ്തവിദ്യര്‍ക്കാണ് മാസം 120 രൂപ തൊഴില്‍രഹിത വേതനം നല്‍കുന്നത്. ഗ്രാമപ്പഞ്ചായത്തില്‍ സ്ഥിരതാമസക്കാരാണെന്നും തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന വ്യക്തിയാണെന്നും മാസത്തില്‍ 100 രൂപയില്‍ കൂടുതല്‍ വരുമാനമില്ലെന്നും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട് ജോലി ചെയ്യുന്ന ആളല്ലെന്നും സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലമാണ് നല്‍കേണ്ടത്. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാലയളവ് പുതിക്കിയിട്ടുണ്ടെന്നും 35 വയസ്സ് പൂര്‍ത്തിയായിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ സാക്ഷ്യപ്പെടുത്തണം. പ്രസ്താവന വ്യാജമാണെന്നു തെളിഞ്ഞാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നതിനും അനര്‍ഹമായി കൈപ്പറ്റിയ തൊഴില്‍രഹിത വേതനം പിഴ സഹിതം തിരിച്ചുനല്‍കുമെന്നും ബോധ്യപ്പെടുത്തുന്ന സാക്ഷ്യപത്രം ഹാജരാക്കിയാല്‍ മാത്രമേ ഇനി തൊഴില്‍രഹിത വേതനം ലഭിക്കുകയുള്ളൂ. മാസങ്ങള്‍ക്കുമുമ്പ് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ വിഭാഗം തൊഴില്‍രഹിത വേതനം കൈപ്പറ്റുന്നവരുടെ വിശദവിവരവും ഗ്രാമപ്പഞ്ചായത്തുകളില്‍ നിന്നു ശേഖരിച്ചിട്ടുണ്ട്. പുതിയ നിര്‍ദേശം വന്നതോടെ നിരവധി പേര്‍ക്ക് തൊഴില്‍രഹിത വേതനം ലഭിക്കാത്ത സ്ഥിതിയുണ്ടാവും.

---- facebook comment plugin here -----

Latest