Connect with us

Kerala

ശ്രീനാരായണ ഗുരുവിന്റെ നിശ്ചല ദൃശ്യം: സിപിഎമ്മിനെതിരെ വെള്ളാപ്പള്ളി; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് കോടിയേരി

Published

|

Last Updated

കണ്ണൂര്‍: കഴിഞ്ഞ ദിവസം സിപിഎം കണ്ണൂരില്‍ നടത്തിയ ഘോഷയാത്രയിലെ ശ്രീനാരായണ ഗുരുവിന്റെ നിശ്ചല ദൃശ്യം (ഫ്‌ളോട്ട്) വിവാദത്തില്‍. ഗുരുവിനെ കുരിശില്‍ തറക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രമാണ് വിവാദമായത്.
സിപിഐഎം ശ്രീനാരായണ ഗുരുവിനെ അപമാനിച്ചെന്ന് എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി. ഗുരുവിനെ കുരിശിലേറ്റുന്ന യൂദാസായി പാര്‍ട്ടി മാറി. ഇത് സിപിഎമ്മിനെ നാശത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ശ്രീനാരായണ ഗുരുവിനെ അപമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കുരിശില്‍ തറച്ചെന്നത് ബിജെപിയുടെ കുപ്രചാരണമാണ്. കോടിയേരി നങ്ങാറത്തുപീടികയില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്തതിന്റെ ജാള്യത മറക്കാനാണ് ഇത്തരം പ്രചാരണമെന്നും കോടിയേരി പറഞ്ഞു. അതേസമയം നിശ്ചല ദൃശ്യം തെറ്റിദ്ധാരണയ്ക്കിടയാക്കിയെന്നും പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ ഓണാഘോഷ സമാപനത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയിലാണ് ശ്രീനാരായണ ഗുരുവിന്റെ നിശ്ചല ദൃശ്യം ഉള്‍പ്പെടുത്തിയത്. മഞ്ഞ വസ്ത്രം ധരിച്ച ഗുരുവിനെ കാവി, മഞ്ഞ നിറങ്ങളിലുള്ള തുണി തലയില്‍ കെട്ടിയ രണ്ടു പേര്‍ കുരിശില്‍ തറക്കുന്നതായിരുന്നു ദൃശ്യം. എസ്എന്‍ഡിപിയും സംഘപരിവാറും ചേര്‍ന്ന് ഗുരുവിന്റെ ആശയങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നതിനെയാണ് ചിത്രീകരിച്ചതെന്നാണ് ഇടതനുകൂലികളുടെ വിശദീകരണം.

Latest