Connect with us

Articles

ഈ നാട് എവിടെയെത്തിനില്‍ക്കുന്നു?

Published

|

Last Updated

കമറുദ്ദീന്‍ എളങ്കൂര്‍

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് നമ്മുടെ ഭാരതം. ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന രാജ്യത്ത് വ്യത്യസ്ത മതങ്ങളും ആശയങ്ങളും ആചാരങ്ങളുമായി സമൃദ്ധി നിറഞ്ഞ രാഷ്ട്രമാണ് നമ്മുടെത്. 121 കോടിയിലധികം ജനങ്ങള്‍ അധിവസിക്കുന്ന, ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള രാഷ്ട്രം. ലോകത്തെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുള്ളതെന്നു തുടങ്ങി ഒരുപാട് സവിശേഷതകളുമായി ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും നമ്മുടെ രാജ്യം, ജനാധിപത്യം നിരവധി വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ദാരിദ്ര്യവും പട്ടിണിയും ഭീകരവാദവും തീവ്രവാദവും അഴിമതിയും വര്‍ഗീയതയും തുടങ്ങിയവയെല്ലാം രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളാണ്.
ജനാധിപത്യത്തിന്റെ ഒന്നാം തൂണായ നിയമ നിര്‍മാണസഭ (ലെജിസ്‌ലേച്ചര്‍), രണ്ടാം തൂണായ കാര്യനിര്‍വഹണസഭ (എക്‌സിക്യൂട്ടീവ്) മൂന്നാം തൂണായ ജുഡീഷ്യറി എന്നിവയെല്ലാം ചീഞ്ഞുനാറുന്ന കാഴ്ചയാണ് കാണുന്നത്. നാലാം തൂണെന്ന് അവകാശപ്പെടുന്ന, ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍ എന്നറിയപ്പെടുന്ന മാധ്യമങ്ങളെല്ലാം കോര്‍പറേറ്റുകള്‍ക്ക് ദാസ്യപ്പണി ചെയ്യുന്ന ഒരു സ്ഥിതിയിലേക്ക് നീങ്ങിയിരിക്കുന്നു.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് 68 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അഴിമതിയെന്ന മഹാവിഷത്തെ നീക്കം ചെയ്യാന്‍ ഭരണാധികാരികള്‍ക്ക് സാധിച്ചിട്ടില്ല. മാറിവരുന്ന ഭരണാധികാരികള്‍ ഭരണചക്രം തിരിക്കുമ്പോള്‍ അവരുടെ പോക്കറ്റ് നിറച്ച് ആര്‍ഭാട ജീവിതം നയിക്കുന്നു. ജനസേവനത്തിന് പകരം സ്വന്തം താത്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഗോദയില്‍ സജീവമാകുന്ന കാഴ്ച.
സ്വാതന്ത്ര്യത്തിന് മുമ്പ് ഇവിടെയുള്ള വിഭവങ്ങള്‍ ബ്രിട്ടീഷുകാര്‍ കൊള്ളയടിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ വിഭവങ്ങള്‍ രാഷ്ട്രീയ നേതാക്കന്മാരും കോര്‍പറേറ്റുകളും കൊള്ളയിടിച്ച് കൊണ്ടുപോകുന്നു.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് 68 വര്‍ഷം കഴിഞ്ഞിട്ടും അഴിമതിയെ തുരത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. അഴിമതി നടത്തുന്നവരെല്ലാം അഴിക്കുള്ളില്‍ കിടക്കാതെ രക്ഷപ്പെടുകയാണ്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിതയെ ബംളൂരുവിലെ പ്രത്യേക കോടതി ശിക്ഷിച്ചപ്പോള്‍ പ്രതിഷേധിച്ച് എത്ര പേരാണ് ആത്മഹത്യ ചെയ്തത്. അഴിമതി നടത്താന്‍ നേതാക്കള്‍ക്ക് അവകാശമുണ്ട് എന്ന തലത്തിലാണ് ഒരുവിഭാഗമാളുകളുടെ മനോഭാവം. ഇതാണ് രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് വീണ്ടും അഴിമതി നടത്താന്‍ ഊര്‍ജം നല്‍കുന്നത്. പല പാശ്ചാത്യ രാഷ്ട്രങ്ങളിലും അഴിമതി നടത്തിയെന്ന് അറിഞ്ഞാല്‍ പിന്നീട് അയാളെ ജനങ്ങള്‍ തിരിഞ്ഞു നോക്കുകയില്ല, ഇവിടെ അവരെ ശിക്ഷിച്ചാല്‍ അവര്‍ക്ക് സിന്ദാബാദ് വിളിക്കാന്‍ അണിയറയില്‍ ജനങ്ങളുണ്ടാകും. ഇതിന് വേണ്ടി സമരം നടത്താനും ബസ് തകര്‍ക്കാനും ആളുണ്ടാകും.
ടുജി സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് കൂംഭകോണം തുടങ്ങിയ അഴിമതികള്‍ പുറത്തുവന്നപ്പോള്‍ വന്‍ സ്രാവുകള്‍ രക്ഷപ്പെടുന്ന കാഴ്ചയാണ് കണ്ടത്.
ഭരണാധികാരികള്‍ ഖജനാവ് കൊള്ളയടിക്കുന്ന കാര്യത്തില്‍ നമ്മുടെ രാജ്യം മുന്നില്‍ നില്‍ക്കുന്നു. ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം ഖജനാവില്‍ നിന്ന് കൊള്ളയടിക്കുന്ന ഈ രാജ്യത്ത് കോടിക്കണക്കിന് ജനങ്ങള്‍ ദരിദ്ര നാരായണന്മാരായി ജീവിക്കുന്നു. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ വെള്ളം, ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ അന്യമാണ് വലിയൊരു വിഭാഗത്തിന്. ഇതിന്റെ പ്രധാന കാരണം ഭരണകര്‍ത്താക്കളുടെ അഴിമതിയാണ്. ഇത് രാജ്യത്തിന്റെ വികസന മുരടിപ്പിനും കാരണമാകുന്നു.
ഇടക്കിടെ വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത് ജനാധിപത്യ വ്യവസ്ഥതിതിക്ക് മറ്റൊരു വെല്ലുവിളിയാണ്. മൂസാഫര്‍ നഗര്‍ കലാപവും ആസാം കലാപവും വലിയ ദുരന്തങ്ങള്‍ തന്നെ രാജ്യത്തുണ്ടാക്കി. യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടി (പി യു സി എല്‍) എന്ന സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ ഇതു വരെ മംഗളൂരുവില്‍ 139 സാമുദായിക സംഘട്ടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഘര്‍ഷങ്ങളിലേറെയും തീവ്രഹിന്ദു ഗ്രൂപ്പുകള്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നടത്തിയതാണ്.
മംഗളൂരുവിലെ സമുദായ ധ്രുവീകരണം വ്യക്തമാക്കുന്ന ഏറ്റവുമൊടുവിലെ സംഭവമായിരുന്നു കഴിഞ്ഞ ദിവസം നടന്നത.് കഴിഞ്ഞ തിങ്കളാഴ്ച ഹിന്ദു സഹപ്രവര്‍ത്തകയെ സഹായിക്കാന്‍ ശ്രമിച്ച മുസ്‌ലിം യുവാവിനെ പൊതുസ്ഥലത്ത് കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ചെറിയ സംഭവങ്ങളെല്ലാം പര്‍വതീകരിച്ച് വര്‍ഗീയ കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുന്ന സാഹചര്യം വ്യാപകമായിരിക്കുന്നു. സാമൂഹിക മാധ്യമങ്ങളെ ഇതിനു വേണ്ടി ദുരുപയോഗം ചെയ്യുകയാണ്. എന്നാല്‍ ഈ വര്‍ഗീയ കലാപങ്ങള്‍ക്ക് തടയിടാന്‍ ഭരണകര്‍ത്താക്കള്‍ക്ക് സാധിക്കുന്നില്ലെന്ന് മാത്രമല്ല, അതിന്റെ ഗുണഭോക്താക്കളാകാന്‍ കഴിയുമോ എന്ന ആലോചനയാണ് പലപ്പോഴുമുണ്ടാകുന്നത്.
2008 ലെ നവംബര്‍ ഭീകാരാക്രമണം നാടിനെ നടുക്കിയതാണ്. 150 ല്‍പ്പരം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തിന്റെ അഖണ്ഡതയും സമാധാനവും തകര്‍ക്കുകയെന്ന ലക്ഷ്യമാണ് ഭീകാരവാദികള്‍ക്കുള്ളത്.
ജുഡിഷ്യറിയെല്ലാം ചീഞ്ഞു നാറുന്നു എന്ന് അലഹബാദ് ഹൈക്കോടതിയെക്കുറിച്ച് സുപ്രീം കോടതി പറഞ്ഞിരുന്നു. കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നിലയിലാണ് കോടതിയുടെ പല വിധികളും വരാറുള്ളത്. ഇത് സാധാരണ ജനങ്ങള്‍ക്ക് കോടതിയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നു. ഗുജറാത്ത് കലാപത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് മുമ്പില്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥ നോക്കുകുത്തിയാകുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് ജനാധിപ്യത്തോടുള്ള വിശ്വാസമാണ് നഷ്ടമാകുന്നത്.
മാവോയിസ്റ്റുകള്‍ക്ക് പല സംസ്ഥാനങ്ങളിലും ശക്തമായ വേരോട്ടമാണുള്ളത്. ബീഹാര്‍, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, അസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശക്തമായ വോരോട്ടമാണ് മാവോയിസ്റ്റുകള്‍ക്കുള്ളത്. ജനാധിപത്യ ആശയങ്ങളോട് വിമുഖത കാണിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ജനാധിപത്യത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടവരാണ് ഇത്തരം ആശയങ്ങളിലേക്ക് വ്യതിചലിക്കുന്നത്. എന്തുകൊണ്ട് ഈ സാഹചര്യം എന്ന് ആലോചിക്കേണ്ട ബാധ്യത ഉത്തരവാദപ്പെട്ടവര്‍ക്കുണ്ട്.
രാജ്യത്ത് ജനാധിപത്യത്തെ ശുദ്ധീകരിക്കേണ്ട ആവശ്യകത വര്‍ധിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് ജനാധിപത്യ മൂല്യങ്ങളോട് വിശ്വാസം വര്‍ധിപ്പിക്കേണ്ടത് ഭരണാധികാരികളുടെ ഉത്തരവാദിത്വമാണ്. എങ്കില്‍ മാത്രമേ ജനാധിപത്യം രാജ്യത്ത് കൂടുതല്‍ കരുത്തുറ്റതാകുകയുള്ളു.