Connect with us

Gulf

യൂണിയന്‍ ഒയാസിസ് പദ്ധതിയിലേക്ക് നിക്ഷേപകരെ ക്ഷണിക്കുന്നു

Published

|

Last Updated

ദുബൈ: യൂണിയന്‍ മെട്രോ സ്റ്റേഷന് ചുറ്റും കെട്ടിടനിര്‍മാണം നടത്താന്‍ യൂണിയന്‍ ഒയാസിസ് പ്രൊജക്ട് എന്ന പേരില്‍ പദ്ധതി ആരംഭിച്ചതായി ആര്‍ ടി എ അറിയിച്ചു. ഇതിന് വേണ്ടി മുതല്‍ മുടക്കാന്‍ തയ്യാറുള്ളവരില്‍ നിന്ന് ടെണ്‍ണ്ടര്‍ ക്ഷണിക്കും. സ്വകാര്യ മേഖലയിലെ നിക്ഷേപകര്‍ക്കും നിര്‍മാതാക്കള്‍ക്കും പദ്ധതിയില്‍ പങ്കാളികളാകാമെന്ന് ആര്‍ ടി എ റെയില്‍ ഏജന്‍സി സി ഇ ഒ അബ്ദുല്ല യൂസുഫ് അല്‍ അഹ്‌ലി വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ഇത് സംബന്ധിച്ചുള്ള മാര്‍ഗ രേഖ പുറത്തിറക്കിയിരുന്നു. ഈ മാസം ടെണ്ടര്‍ ക്ഷണിക്കുകയാണ്. പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് വഴിയാണ് വികസനം നടത്തുക. യൂണിയന്‍ ഒയാസിസ് പദ്ധതിയുടെ എല്ലാ വിവരങ്ങളും മാര്‍ഗരേഖയിലുണ്ട്. യൂണിയന്‍ സ്‌ക്വയര്‍ മെട്രോ സ്റ്റേഷന് ചുറ്റും 15,000 ചതുരശ്ര മീറ്ററില്‍ ഉയര്‍ന്ന കെട്ടിടങ്ങള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ആര്‍ ടി എയുടെ വെബ്‌സൈറ്റിലുണ്ട്. മൂന്ന് വര്‍ഷം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കേണ്ടത്. കരാറിന് 30 വര്‍ഷത്തെ പ്രാബല്യമുണ്ടായിരിക്കും.
യൂണിയന്‍ മെട്രോ സ്റ്റേഷനെ ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കുകയാണ് ഉദ്ദേശം. താമസ കെട്ടിടങ്ങള്‍, ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ തുടങ്ങിയവ ഇവിടെ ഉണ്ടാകുമെന്നും അബ്ദുല്ല യൂസുഫ് അല്‍ അലി വ്യക്തമാക്കി.