Connect with us

Gulf

അറബ് ഹണ്ടിംഗ് ഷോയില്‍ പങ്കെടുക്കാന്‍ ഡോ. സുബൈര്‍ മേടമ്മലിന് ക്ഷണം

Published

|

Last Updated

അബുദാബി: സപ്തംബര്‍ ഒമ്പത് മുതല്‍ 12 വരെ അബുദാബിയില്‍ നടക്കുന്ന അറബ് ഹണ്ടിംഗ് ഷോയില്‍ പങ്കെടുക്കാന്‍ ഡോ. സുബൈര്‍ മേടമ്മല്‍ എത്തി. വര്‍ഷം തോറും യു എ ഇ യില്‍ നടക്കുന്ന ലോക പ്രശസ്തമായ അറബ് ഹണ്ടിംഗ് ഷോയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഏക പ്രതിനിധിയാണ് ഡോ. സുബൈര്‍. 67 രാജ്യങ്ങളില്‍ നിന്നുള്ള ഫാല്‍ക്കണ്‍ വിദഗ്ധരുടെയും ഫാല്‍ക്കണ്‍ വേട്ടക്കാരുടെയും സംഗമമാണ് ഹണ്ടിംഗ് ഷോ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജന്തുശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. സുബൈര്‍ മേടമ്മല്‍ അബുദാബി ആസ്ഥാനമായുള്ള എമിറേറ്റ്‌സ് ഫാല്‍ക്കണേഴ്‌സ് ക്ലബ്ബില്‍ അംഗത്വമുള്ള ഏക അനറബിയാണ്.
അറബികള്‍ വേട്ടയ്ക്കുപയോഗിക്കുന്ന പക്ഷിയാണ് ഫാല്‍ക്കന്‍. പാക്കിസ്ഥാന്‍, ജര്‍മനി, യു എ ഇ., സഊദി അറേബ്യ, ഖത്തര്‍, ഒമാന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ ഈ പക്ഷിയെക്കുറിച്ച് പഠിക്കാന്‍ പോയ സുബൈര്‍ ഫാല്‍ക്കണുകളുടെ 15 തരം വ്യത്യസ്ത ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് സോണോഗ്രാം ആക്കിയ ഏക ശാസ്ത്രജ്ഞന്‍ കൂടിയാണ്. 2012 ഡിസംബറില്‍ കരിപ്പൂരില്‍ എയര്‍ഇന്ത്യാ വിമാനം തിരിച്ചിറക്കേണ്ടി വന്നത് പനവെരുക് എന്‍ജിനില്‍ കുടുങ്ങിയതിനാലാണെന്ന് സ്ഥിരീകരിച്ചത് ഡോ. സുബൈറായിരുന്നു. പ്രാപിടിയന്‍ പക്ഷികളെ കുറിച്ച് മൂന്നു ഭാഷകളിലായി ഡോ. സുബൈറിന്റെ നേതൃത്വത്തില്‍ ഡോക്യുമെന്ററി ഒരുങ്ങുന്നുണ്ട്. യു എ ഇ, ഖത്തര്‍, കുവൈത്ത,് ബഹറൈന്‍, ഒമാന്‍ സഊദി ഉള്‍പ്പെടെയുള്ള ജി സി സി രാജ്യങ്ങളില്‍ ചിത്രീകരിച്ച് അറബി, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ഡോക്യുമെന്ററി ആറ് മാസത്തിനകം പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സുബൈര്‍ പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളില്‍ അഞ്ച് വര്‍ഷം ഗവേഷണം നടത്തി ഫാല്‍ക്കണ്‍ വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ ഏക ഇന്ത്യക്കാരനായ ഡോ. സുബൈറിന് ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളുലെയും ഫാല്‍ക്കണുകളുടെ സംരക്ഷണവും പരിരക്ഷയും സംബന്ധിച്ച് പ്രബന്ധം അവതരിപ്പിക്കാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക്: 050-6952830.

 

Latest