Connect with us

Kerala

തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യാതെ കെ പി സി സി സംയുക്ത യോഗം

Published

|

Last Updated

തിരുവനന്തപുരം: തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യാതെ കെ പി സി സി യോഗം ചേര്‍ന്നു. കെ പി സി സി ഭാരവാഹികള്‍, പി സി സി മുന്‍ പ്രസിഡന്റുമാര്‍, യു ഡി എഫ് കണ്‍വീനര്‍, ഡി സി സി പ്രസിഡന്റുമാര്‍, പാര്‍ലിമെന്ററി പാര്‍ട്ടി ഭാരവാഹികള്‍, വക്താക്കള്‍ എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്നെങ്കിലും തൃശൂര്‍ ചാവക്കാട് സംഭവത്തിന്മേലുള്ള ചര്‍ച്ച വേണ്ടെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ഈ വിഷയം ചര്‍ച്ചക്കെടുത്തില്ല. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍, സി പി എമ്മിന്റെ പുതിയ രാഷ്ട്രീയ നിലപാടുകള്‍ എന്നിവ ചര്‍ച്ചക്ക് വിഷയമായി. ജില്ല തിരിച്ചുള്ള റിപ്പോര്‍ട്ട് അവതരണം നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് 14 ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളും ദീര്‍ഘമായ റിപ്പോര്‍ട്ടുകളുമായാണ് ഏത്തിയത്. രാത്രി വൈകിയും റിപ്പോര്‍ട്ട് അവതരണം തുടരുകയാണ്.
കെ പി സി സിയുടെ വിശാല എക്‌സിക്യൂട്ടീവ് ഇന്ന് ചേരും. കെ പി സി സി അംഗങ്ങള്‍, മന്ത്രിമാര്‍, പാര്‍ലിമെന്ററി പാര്‍ട്ടി ഭാരവാഹികള്‍, എം പിമാര്‍, എം എല്‍ എമാര്‍, ഡി സി സി പ്രസിഡന്റുമാര്‍, എക്‌സ് ഒഫിഷ്യോ അംഗങ്ങള്‍, സ്ഥിരം, പ്രത്യേക ക്ഷണിതാക്കള്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവരുടെ യോഗമാണ് ഇന്ന് ചേരുന്നത്.
ഇന്നത്തെ വിശാല എക്‌സിക്യൂട്ടീവും തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യും. ഗ്രൂപ്പ് തര്‍ക്കങ്ങള്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെയും തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ സാധ്യതകളെയും ബാധിക്കുമെന്ന അഭിപ്രായം ഇന്നലത്തെ യോഗത്തില്‍ ഉയര്‍ന്നു. തൃശൂരിലെ ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് വൈകിട്ട് പ്രത്യേക യോഗം ചേരും. കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

Latest