Connect with us

Eranakulam

എല്ലാ ജില്ലകളിലും പ്രധാന കേന്ദ്രങ്ങളിലും ആര്‍ട്ട് ഗ്യാലറികള്‍: മന്ത്രി കെ സി ജോസഫ്‌

Published

|

Last Updated

കൊച്ചി: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കഴിയാവുന്നത്ര മറ്റു കേന്ദ്രങ്ങളിലും ആര്‍ട്ട് ഗ്യാലറികള്‍ ഉണ്ടാകണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി കെ സി ജോസഫ്. എറണാകുളം ദര്‍ബാര്‍ ഹാള്‍ അങ്കണത്തില്‍ 2014ലെ രാജാരവിവര്‍മ പുരസ്‌കാരം വിഖ്യാത ചിത്രകാരന്‍ ബാലന്‍ നമ്പ്യാര്‍ക്കു സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളത്ത് ദര്‍ബാര്‍ഹാള്‍ മാത്രമാണ് കലാപ്രദര്‍ശനത്തിനുളള ഏക സ്ഥലം. നിരവധിയാളുകള്‍ക്ക് കലാവിരുന്ന് പ്രകടിപ്പിക്കാന്‍ ഇടമില്ലാത്തത് പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രഗത്ഭര്‍ക്കും പുതുതലമുറക്കും അര്‍ഹമായ പ്രോത്സാഹനം ലഭിക്കണമെങ്കില്‍ പ്രദര്‍ശനത്തിനുളള അവസരമുണ്ടാകണം.
ബാലന്‍ നമ്പ്യാരുടെ ക്രിയാത്മക രചനകള്‍ ഇന്ത്യയില്‍ എവിടെയും മ്യൂസിയങ്ങളില്‍ കാണാന്‍ കഴിയുമെങ്കിലും ജന്മനാടായ കേരളത്തിലില്ല എന്ന കുറവ് സംസ്ഥാന സര്‍ക്കാര്‍ പരിഹരിക്കും. ലളിതകല അക്കാദമിയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ നല്ലൊരു രചന കേരളത്തില്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കും. ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് വഴിയോര ശില്പങ്ങള്‍ സംസ്ഥാനത്ത് സ്ഥാപിക്കുന്നതിന് നടപടി തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ബാലന്‍ നമ്പ്യാരുടെ പിന്തുണ മന്ത്രി അഭ്യര്‍ഥിച്ചു.
ചിത്രകലയെ പരിപോഷിപ്പിക്കുന്നത് നമ്മുടെ പൈതൃകങ്ങളെ മുറുകെ പിടിക്കുന്നതിന്റെ ഭാഗമാണെന്ന് അധ്യക്ഷത വഹിച്ച മന്ത്രി കെ ബാബു അഭിപ്രായപ്പെട്ടു. ബാലന്‍ നമ്പ്യാര്‍ക്ക് അവാര്‍ഡ് നല്കുന്നതിലൂടെ അക്കാദമിയാണ് യഥാര്‍ഥത്തില്‍ ബഹുമാനിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാംസ്‌കാരികകല സ്ഥാപനങ്ങളുടെ ഭരണത്തിനായി ഈ രംഗത്ത് മികച്ച പരിശീലനം നല്കാന്‍ നടപടി സ്വീകരിക്കണമെന്ന് വിഖ്യാത ചിത്രകാരന്‍ ബാലന്‍ നമ്പ്യാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രാജരവിവര്‍മ പുരസ്‌കാരം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ രവിവര്‍മ്മ രചനകളുടെ ചിത്രകാര്‍ഡ് ലൂഡി ലൂയിസ് എം എല്‍ എ പ്രകാശനം ചെയ്തു. അക്കാദമി വൈസ് ചെയര്‍മാന്‍ ചിത്ര കൃഷ്ണന്‍കുട്ടി, പ്രൊഫ. കെ സി ചിത്രഭാനു, ബാലന്‍ നമ്പ്യാര്‍ പ്രസംഗിച്ചു. അക്കാദമി ചെയര്‍മാന്‍ പ്രൊഫ. കാട്ടൂര്‍ നാരായണപിളള സ്വാഗതവും സെക്രട്ടറി വൈക്കം എം കെ ഷിബു നന്ദിയും പറഞ്ഞു.