Connect with us

National

2ജി സ്‌പെക്ട്രം: മുഖ്യ സൂത്രധാരന്‍ എ രാജയെന്ന് സി ബി ഐ

Published

|

Last Updated

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം കേസില്‍ പ്രധാന ഗൂഢാലോചകന്‍ മുന്‍ ടെലികോം മന്ത്രി എ രാജയാണെന്ന് സി ബി ഐ. ടു ജി ലൈസന്‍സ് നല്‍കുന്നതില്‍ കുറ്റാരോപിതരായ കമ്പനികളെ രാജ വഴിവിട്ട് സഹായിച്ചുവെന്നും പ്രത്യേക കോടതിയെ സി ബി ഐ അഭിഭാഷകന്‍ അറിയിച്ചു.
കേസിന്റെ അന്തിമ വാദം തുടങ്ങിയിരിക്കെ രാജക്കെതിരെ ശക്തമായ നിലപാടാണ് സി ബി ഐ എടുക്കുന്നത്. ബോധപൂര്‍വം കമ്പനികളെ സഹായിക്കുകയായിരുന്നു രാജ. അവയ്ക്ക് സ്‌പെക്ട്രം ലൈസന്‍സ് ലഭ്യമാക്കാന്‍ തികച്ചും തന്ത്രപരമായി അദ്ദേഹം കരുക്കള്‍ നീക്കിയെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആനന്ദ് ഗ്രോവര്‍ വാദിച്ചു.
ആദ്യം അദ്ദേഹം അപേക്ഷ സ്വീകരിക്കാനുള്ള തീയതിയില്‍ മാറ്റം വരുത്തി. ആദ്യം പ്രഖ്യാപിച്ച തീയതി 2007 ഒക്‌ടോബര്‍ 10 ആയിരുന്നു. പിന്നീട് രാജ ഇടപെട്ട് അത് 2007 ഒക്‌ടോബര്‍ ഒന്നാക്കി മാറ്റി. ഇതോടെ നിരവധി കമ്പനികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനായില്ല- പ്രത്യേക സി ബി ഐ ജഡ്ജ് ഒ പി സൈനിക്ക് മുമ്പാകെ ഗ്രോവര്‍ വാദിച്ചു. അന്നത്തെ കേന്ദ്ര നിയമമന്ത്രി ഹന്‍സ്‌രാജ് ഭരദ്വാജിന്റെ നിര്‍ദേശം രാജ അംഗീകരിച്ചില്ല. സ്‌പെക്ട്രം അനുവദിക്കുന്നത് അതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ രൂപവത്കരിച്ച മന്ത്രിതല സമിതിയോട് ആലോചിച്ച് വേണമെന്ന ഭരദ്വാജിന്റെ നിര്‍ദേശം രാജ തള്ളുകയായിരുന്നു. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നയമനുസരിച്ചാണ് താന്‍ തീരുമാനമെടുത്തതെന്ന് കാണിച്ച് അന്നത്തെ പ്രധാനമന്ത്രിക്ക് രാജ കത്തെഴുതി. എന്നാല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു രാജ. തികച്ചും ഏകപക്ഷീയമായ സമീപനമായിരുന്നു രാജയുടെതെന്നും ഗ്രോവര്‍ പറഞ്ഞു. രാജക്കെതിരായ പ്രോസിക്യൂഷന്‍ വാദങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് രാജയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഡി എം കെ. എം പി കനിമൊഴി അടക്കം 16 പേര്‍ കൂടി കേസില്‍ വിചാരണ നേരിടുന്നുണ്ട്. കേസില്‍ ഈ മാസം 10ന് വാദം തുടരും