Connect with us

Ongoing News

ലോകകപ്പ് യോഗ്യതാ റൗണ്ട്: ഇറാന്‍ കടക്കാന്‍ ഇന്ത്യ

Published

|

Last Updated

ഇന്ത്യന്‍ ടീം പരിശീലനത്തില്‍

ബംഗളുരു: 2018 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ട് രണ്ടില്‍, ഗ്രൂപ്പ് ഡിയില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഇറാനെ നേരിടും. ഹോംഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഇന്ത്യക്ക് വിജയപ്രതീക്ഷ കുറവാണ്. അതേ സമയം, യോഗ്യത റൗണ്ടില്‍ മുന്നേറണമെങ്കില്‍ ഇന്ത്യക്ക് വിജയം അനിവാര്യവും. ഗ്രൂപ്പിലെ ആദ്യ രണ്ട് കളിയും തോറ്റ ഇന്ത്യ പുറത്തേക്കുള്ള വഴിയിലാണ്.
ഒമാന്‍, ഗുവാം ടീമുകളാണ് ആദ്യം ബ്ലൂ ടൈഗേഴ്‌സിനെ അടിച്ചിട്ടത്.
ഇറാന്‍ ഏതുവിധമാകും ആഞ്ഞടിക്കുക എന്നതിന് ഒരെത്തും പിടിയുമില്ല. ഫിഫ റാങ്കിംഗില്‍ ഏറ്റവും മുകളിലുള്ള ഏഷ്യന്‍ ടീമാണ് ഇറാന്‍.
കഴിഞ്ഞ ലോകകപ്പില്‍ ഫൈനലിസ്റ്റുകളായ മെസിയുടെ അര്‍ജന്റീനയെ വിറപ്പിച്ച അതേ ടീം.
ഇറാനോട് ഞങ്ങള്‍ രക്ഷപ്പെട്ടുവെന്നാണ് മത്സരശേഷം മെസി അന്ന് പറഞ്ഞത്. മികച്ച പ്രതിരോധവും ഒത്തിണക്കമുള്ള മധ്യനിരയുമാണ് ഇറാനെ ഏഷ്യയിലെ ശക്തിയാക്കുന്നത്.

ഇന്ത്യ പിറകോട്ട് !
ഹെഡ് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ നേപ്പാളിനെതിരായ സൗഹൃദ മത്സരത്തിന് മുന്നോടിയായി പറഞ്ഞത് ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തി. അത് മറ്റൊന്നുമല്ല, ഇന്ത്യന്‍ ഫുട്‌ബോള്‍ പിറകോട്ട് സഞ്ചരിക്കുന്നു, മരണമുഖത്താണ് എന്നതാണ്. ഇനിയും ഇന്ത്യന്‍ കളിക്കാരെ മാത്രം വെച്ച് ലോകകപ്പ് കളിക്കാമെന്ന് പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമാണെന്ന സൂചനയും കക്ഷി നല്‍കി. വിദേശ ലീഗുകളില്‍ കളിക്കുന്ന ഇന്ത്യന്‍ വംശജരെയൊക്കെ ടീമിലെത്തിച്ചാലേ രക്ഷയുള്ളൂവെന്നാണ് കോണ്‍സ്റ്റന്റൈന്റെ അഭിപ്രായം. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ബ്രിട്ടീഷ് കോച്ചിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞതോടെ രംഗം ചെറുതായൊന്ന് ചൂടുപിടിച്ചെങ്കിലും കൂടുതല്‍ വഷളായില്ല. ഇറാനെതിരായ മത്സരശേഷം പല വാഗ്വാദങ്ങളും പ്രതീക്ഷിക്കാം.

ഇറാന്‍ – ഏഷ്യന്‍ പവര്‍ ഹൗസ്!

യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ തുര്‍ക്‌മെനിസ്ഥാനോട് 1-1ന് സമനില. രണ്ടാം മത്സരം ഇന്ത്യയെ അട്ടിമറിച്ച ഗുവാമിനെതിരെ. ഇറാന്‍ പവര്‍ അറിയിച്ചു, 6-0ന് ഗുവാം തരിപ്പണം. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ അസിസ്റ്റന്റ് ആയിരുന്ന, പിന്നീട് റയലിന്റെയും പോര്‍ച്ചുഗലിന്റെയും ഹെഡ് കോച്ചായി പ്രവര്‍ത്തിക്കുകയും ചെയ്ത കാര്‍ലോസ് ക്വുറോസാണ് ഇറാന്റെ പരിശീലകന്‍. മാര്‍ച്ചില്‍ സൗഹൃദ മത്സരത്തില്‍ ചിലിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇറാന്‍ തോല്‍പ്പിച്ചതും ക്വുറോസിന്റെ തന്ത്രബലത്തിലായിരുന്നു. ഇതേ ചിലിയാണ് നാല് മാസങ്ങള്‍ക്ക് ശേഷം കോപ അമേരിക്ക ചാമ്പ്യന്‍മാരായത് !

മുന്‍കാല അനുഭവം !

1992 ല്‍ കൊല്‍ക്കത്തയിലാണ് ഇതിന് മുമ്പ് ഇറാന്‍ ഇന്ത്യക്കെതിരെ കളിക്കാനിറങ്ങിയത്. ആറ് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ നാലിലും ഇറാനായിരുന്നു ജയം. 1951 ലാണ് ആദ്യ ഏറ്റുമുട്ടല്‍. 1-0ന് ഇന്ത്യ ജയിച്ചു. 1984 ലെ മത്സരം ഗോള്‍രഹിതം.

പ്രതിരോധ കണ്‍ഫ്യൂഷന്‍ !

ഹെഡ് കോച്ച് സ്റ്റീവന്‍ കോണ്‍സ്റ്റന്റൈന് ഒരെത്തും പിടിയുമില്ലാത്തത് പ്രതിരോധനിരയെ ഒരുക്കുന്നതിലാണ്. ചാര്‍ജ് ഏറ്റെടുത്ത സമയത്ത് കോണ്‍സ്റ്റന്റൈന്റെ ഡിഫന്‍സില്‍ അര്‍നാബ് മൊണ്ടില്‍, സന്ദേശ് ജിംഗന്‍, പ്രിതം കോത്താല്‍, സൗമിക് ദേ എന്നിവരായിരുന്നു.
യോഗ്യതാ മത്സരത്തിലെ ആദ്യ റൗണ്ടിലായിരുന്നു ഇവര്‍ പ്രതിരോധക്കോട്ടയില്‍ നിന്നത്. രണ്ടാം റൗണ്ടില്‍ റിനോ ആന്റോ, ലാല്‍ചുന്‍മാവിയ, ധനചന്ദ്ര സിംഗ്, മൊണ്ടല്‍ എന്നിവരാണ് ഒമാന്‍, ഗുവാം ടീമുകള്‍ക്കെതിരെ കോട്ട കാത്തത്. ഐ ലീഗിലെ മികവിന്റെ ബലത്തിലാണ് റിനോ ആന്റോയുടെ ടീം പ്രവേശനം. ജിംഗാനാണെങ്കില്‍ പരുക്കിന്റെ പിടിയിലമര്‍ന്നു. ആഗസ്റ്റ് 31ന് നേപ്പാളിനെതിരായ സൗഹൃദ മത്സരത്തില്‍ ജിംഗാന്‍ കളിച്ചിരുന്നു.