Connect with us

Articles

കാവിവത്കരണത്തിന്റെ കാണാപ്പുറങ്ങള്‍

Published

|

Last Updated

“”ഒരു സ്വയം സേവകനെന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു. ആര്‍ എസ് എസുകാരനായ എനിക്ക് സംഘ്പരിവാര്‍ താത്പര്യങ്ങളെക്കുറിച്ച് ബോധ്യമുണ്ട്. വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാറിന് കുറച്ചുകൂടി സമയം ആവശ്യമുണ്ട്…”” ഡല്‍ഹിയില്‍ സമാപിച്ച ആര്‍ എസ് എസ്- ബി ജെ പി ഏകോപന സമിതി യോഗത്തില്‍ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി നടത്തിയ പ്രസംഗമാണിത്. ഇന്ത്യന്‍ ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു ഭരണാധികാരി രാജ്യത്തെ എങ്ങോട്ട് നയിക്കുന്നുവെന്നതിന്റെ വ്യക്തമായ ദിശാസൂചികയാണ് ഈ വാക്കുകള്‍.
“വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍” തിരഞ്ഞെടുപ്പ് വാഗ്ദാനം വരെ മറന്ന മോദി, തന്റെ കണ്‍മുമ്പില്‍ വിമുക്തഭടന്മാര്‍ നടത്തിവന്ന സമരത്തെ ആര്‍ എസ് എസ് സമന്വയ സമ്മേളനത്തില്‍ പങ്കെടുക്കുന്നതു വരെ കാണാതെപോയി. വണ്‍റാങ്ക് വണ്‍പെന്‍ഷന്‍ ഉടന്‍ തീരുമാനിക്കണമെന്ന് സംഘ്പരിവാര്‍ നിര്‍ദേശം ഉയര്‍ന്നപ്പോള്‍ തൊട്ടടുത്ത ദിവസം തന്നെ പ്രഖ്യാപനവും ഉണ്ടായി. ഭരണഘടനക്ക് മുകളില്‍ ഇങ്ങനെ അധികാര സ്ഥാനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.
തന്റെ വിധേയത്വം ആരോടാണെന്ന് നാള്‍ക്കുനാള്‍ അടിവരയിടുന്ന മോദിയുടെ “അച്ഛാദിന്‍” പല കോണിലും ഹര്‍ഷാതിരേകം പകരുകയാണ്. ഹിറ്റ്‌ലറുടെ നാസി മാതൃകയില്‍ പ്രചോദിക്കപ്പെടുകയും സംഘടിപ്പിക്കപ്പെടുകയും ചെയ്ത ഒരു സംവിധാനം എന്ന നിലയില്‍ നിന്ന് ഭാരതത്തിന്റെ വര്‍ത്തമാന ഭൂപടത്തെ പൊളിച്ചെഴുതാനുള്ള രാഷ്ട്രീയ പിന്‍ബലം ആര്‍ജിച്ച ആര്‍ എസ് എസ്/ സംഘ്പരിവാര്‍ സംഘടനകള്‍ക്ക് മാത്രമല്ല; രാജ്യത്ത് വിഘടനവാദത്തിന്റെ വിത്തുകള്‍ മുളപൊട്ടുന്നതും കാത്തിരിക്കുന്ന മുസ്‌ലിം തീവ്രവാദ സംഘടനകള്‍ക്കും മോദി ഭരണം ഊര്‍ജമേകുകയാണ്. ഭരണഘടനാ സ്ഥാപനങ്ങള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, അക്കാദമിക തലങ്ങള്‍ എന്നിവിടങ്ങളില്‍ ഹിന്ദുത്വ അജന്‍ഡ നടപ്പാക്കുമ്പോള്‍ ഒപ്പം സന്തോഷിക്കുന്നവരില്‍ മുസ്‌ലിം തീവ്രവാദ സംഘടനകളുമുണ്ട്. ഒരേ തൂവല്‍പക്ഷികളായവര്‍ക്ക് ഇതില്‍പ്പരം വികാരതീവ്രമായ ഒരു രാഷ്ട്രീയ സാഹചര്യം മറ്റെന്തുണ്ട്?
തിരഞ്ഞെടുപ്പ് വേദികളില്‍ ഉച്ഛൈസ്ഥരം പ്രഖ്യാപിച്ച കാര്യങ്ങള്‍ ഏറെയും വിസ്മരിച്ച മോദി പറയാത്ത കാര്യങ്ങള്‍ നടപ്പാക്കുന്നുവെന്നത് പകല്‍പോലെ വ്യക്തം. അതില്‍ ഏറെ ഭയപ്പെടേണ്ടവയാണ് സാംസ്‌കാരിക സ്ഥാപനങ്ങളെ പിടിച്ചടക്കാനും കാവിവത്കരിക്കാനുമുള്ള അജന്‍ഡ. സാമുദായിക രാഷ്ട്രീയ അധിനിവേശത്തിനെതിരെ എതിര്‍പ്പിന്റെ കുന്തമുന ഉയര്‍ത്തേണ്ട സാംസ്‌കാരിക ലോകം കേന്ദ്രഭരണത്തെ ഭയപ്പെടുന്നതായി തോന്നുന്നു. ഡോ. യു ആര്‍ അനന്തമൂര്‍ത്തിയുടെ ഗതി ഓര്‍ത്താണോ പലരും നിശബ്ദരാകുന്നത്? അദ്ദേഹത്തിന്റെ മരണവാര്‍ത്തയെ മധുരം വിതരണം ചെയ്തായിരുന്നു കര്‍ണാടകയിലെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്! സ്മൃതി ഇറാനിയെപ്പോലെ വേണ്ടത്ര അക്കാദമിക യോഗ്യതയില്ലാത്ത ഒരാളെ മാനവവിഭവ ശേഷി വകുപ്പിന്റെ തലപ്പത്ത് നിയോഗിച്ചപ്പോള്‍ മോദിക്ക് വലിയ കണക്കുകൂട്ടലുകള്‍ ഉണ്ടായിരുന്നു. ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ നാസിവത്കരണത്തിന് നാന്ദികുറിച്ചതും ആക്രമണ പാതയിലൂടെയായിരുന്നില്ല, മറിച്ച് പ്രസംഗങ്ങളിലൂടെയും സാഹിത്യ കലാരൂപങ്ങളിലൂടെയുമായിരുന്നല്ലോ. ഇവിടെയും സംഭവിക്കുന്നത് മറ്റൊന്നല്ല.
ബി ജെ പിയിലൂടെ സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത കാവിവത്കരണത്തിന് നാസിസത്തിന്റെ ആശയലാഞ്ചന കാണാനാകും. 1977ലെ ജനത സര്‍ക്കാറിന്റെ കാലത്ത് വേണ്ടത്ര വിജയിച്ചില്ലെങ്കിലും 1998ലെ വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് ഡോ. മുരളീ മനോഹര്‍ ജോഷിയെ മാനവ വിഭവശേഷി മന്ത്രിയായി പ്രതിഷ്ഠിച്ചത് വ്യക്തമായ പദ്ധതിയുടെ ഭാഗമായിരുന്നു. ബാബരി മസ്ജിദ് ധ്വംസനത്തിനു ശേഷം കായികമായി നേടിയെടുത്ത മുന്‍കൈ ബൗദ്ധികതലത്തില്‍ കൂടി വ്യാപിപ്പിക്കാന്‍ സംഘ്പരിവാര്‍ പദ്ധതിയിട്ടു. അതാണ് ഇപ്പോള്‍ നടക്കുന്ന കാവിവത്കരണത്തിന്റെ രണ്ടാംഘട്ടം.
ഗുജറാത്ത് മോഡല്‍ ഇന്ത്യയിലെങ്ങും നടപ്പാക്കാന്‍ തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട മോദി യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത് എന്തായിരുന്നുവെന്ന് രാജ്യം തിരിച്ചറിയുന്നത് പതുക്കെയാണ്. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് പഠിച്ച പ്രമുഖ സംഘടനകള്‍ അതിന്റെ വേരുകള്‍ കണ്ടെത്തിയത് കലാപത്തിന് മുമ്പ് അവിടുത്തെ പാഠപുസ്തകത്തില്‍ വ്യാപകമായി നടത്തിയ കാവിവത്കരണത്തിലാണ്. ശിവജിയും അഫ്‌സല്‍ഖാനും തമ്മിലുള്ള യുദ്ധം, അക്ബറും റാണാ പ്രതാപും തമ്മിലുള്ള പോരാട്ടം, ഗുരു ഗോവിന്ദ്‌സിംഗും ഔറംഗസീബും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇവക്കത്രയും മതത്തിന്റെ നിറം നല്‍കിയാണ് അന്ന് ഗുജറാത്തിലെയും രാജസ്ഥാനിലെയും സാമൂഹികപാഠ അധ്യായങ്ങളായി കുട്ടികളിലേക്ക് സന്നിവേശിച്ചത്. രാജാക്കന്മാരും ചക്രവര്‍ത്തിമാരും തങ്ങളുടെ സാമ്രാജ്യ വികസനത്തിനു വേണ്ടി നടത്തിയ പടയോട്ടങ്ങളെയും കൊള്ളയെയും മതത്തിന്റെ നിറംചാലിച്ച്, വംശീയമായ ചേരിതിരിവ് സൃഷ്ടിച്ചുവെച്ചു. യഥാര്‍ഥത്തില്‍ അതൊരു പാകപ്പെടുത്തലായിരുന്നു. അതിനുശേഷമാണ് കലാപം അരങ്ങേറിയത്.
വിജയദശമി നാളില്‍ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് നാഗ്പൂരില്‍ നടത്തിയ പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്താണ് ദൂരദര്‍ശനില്‍ കാവിവത്കരണത്തിന് തുടക്കമിട്ടത്. ഭരണപരമായ പദവികള്‍ വഹിക്കാത്ത ഒരു വ്യക്തിയുടെ പ്രസംഗം തത്സമയം കാണിച്ചതു വഴി ദൂരദര്‍ശന്‍ നല്‍കിയ സന്ദേശമെന്താണ്? തൊട്ടുപിന്നാലെ പ്രസാര്‍ ഭാരതി ചെയര്‍മാനായി എ സൂര്യപ്രകാശിനെ നിയമിച്ചു. മോദിയുടെ വിശ്വസ്തനും ആര്‍ എസ് എസ് നേതൃത്വം കൊടുക്കുന്ന വിവേകാനന്ദ അന്തര്‍ദേശീയ ഫൗണ്ടേഷന്‍ അംഗവുമാണ് അദ്ദേഹം.
ഹിന്ദുത്വ കാഴ്ചപ്പാടിന് അനുസരിച്ച് സ്‌കൂള്‍ പാഠ്യപദ്ധതി ഉടച്ചുവാര്‍ക്കാനുള്ള ആര്‍ എസ് എസ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രി സ്മൃതി ഇറാനി വ്യക്തമായ പരിപാടി ആസൂത്രണം ചെയ്തപ്പോള്‍ തന്നെ രാജ്യം അപകടം മണത്തതാണ്. ശാസ്ത്രം, ഗണിതം, ഭാഷ, വ്യാകരണം, തത്വശാസ്ത്രം മേഖലകളില്‍ പുരാതന ഇന്ത്യ നല്‍കിയ സംഭാവനകള്‍ പാഠപുസ്തകങ്ങളിലും പഠനസഹായികളിലും ഉള്‍പ്പെടുത്തണമെന്നായിരുന്നു മന്ത്രാലയത്തില്‍ വിളിച്ചുചേര്‍ത്ത ആദ്യയോഗത്തില്‍ അവര്‍ നല്‍കിയ നിര്‍ദേശം. ഈ നീക്കം മുന്‍കൂട്ടി കണ്ടാണ്, നളന്ദ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്നും ഒഴിയുന്നതായി നൊബേല്‍ ജേതാവ് ഡോ.അമര്‍ത്യാസെന്‍ പ്രഖ്യാപിച്ചത്. രണ്ടാം വട്ടവും സെന്നിനെ വൈസ് ചാന്‍സലര്‍ പദവിയില്‍ തുടരാന്‍ അനുവദിക്കുന്നതിനുള്ള ശിപാര്‍ശ നിരീക്ഷണാധികാരികൂടിയായ രാഷ്ട്രപതി നല്‍കിയിട്ടും മോദി സര്‍ക്കാര്‍ തീരുമാനം എടുക്കാതെ വൈകിപ്പിക്കുകയായിരുന്നു. കടുത്ത സമ്മര്‍ദത്തിലൂടെ അമര്‍ത്യാസെന്നിനെ പോലുള്ളവരെ പുകച്ചുപുറത്താക്കാനാണ് കേന്ദ്രം ശ്രമിച്ചത്. മോദിയുടെ കടുത്ത വിമര്‍ശകരില്‍ ഒരാളാണല്ലോ സെന്‍. നാഷനല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് സേതുവിനെ പുറത്തുചാടിച്ചതും ഇത്തരം സമ്മര്‍ദത്തിലൂടെയായിരുന്നു. അദ്ദേഹത്തിന് പകരം ആര്‍ എസ് എസ് മുഖപത്രമായ “പാഞ്ചജന്യ”ത്തിന്റെ മുന്‍ എഡിറ്റര്‍ ബല്‍ദേബ് ശര്‍മയാണ് നിയമിതനായത്. കടുത്ത മോദി ഭക്തനാണെന്നതു മാത്രമാണ് ഇദ്ദേഹത്തിന്റെ യോഗ്യത.
നാഷനല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് ആന്റ് ട്രെയ്‌നിംഗില്‍ ബി ജെ പി മുഖപത്രമായ “കമല്‍സന്ദേശി”ന്റെ മുന്‍ എഡിറ്റര്‍ അംബാ ചരണ്‍ വസിഷ്ഠിനെ ഉപദേഷ്ടാവായി മാനവ വിഭവശേഷി മന്ത്രാലയം നിയമിച്ചത് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയായിരുന്നു. ചരിത്ര പുസ്തകങ്ങളിലടക്കം സംഘ്പരിവാര്‍ ആശയങ്ങള്‍ കുത്തിക്കയറ്റാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ബി ജെ പി മുഖപത്രത്തിന്റെ മുന്‍ എഡിറ്ററെ തന്നെ എന്‍ സി ഇ ആര്‍ ടി ഉപദേഷ്ടാവായി നിയമിച്ചത്. സി ബി എസ് ഇ സിലബസിലുള്ള സ്‌കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും എന്‍ സി ഇ ആര്‍ ടി പുസ്തകമാണല്ലോ പഠിപ്പിക്കുന്നത്. ചിത്രകാരന്‍ എം എഫ് ഹുസൈന്‍ ഹിന്ദുത്വ കക്ഷികളുടെ ഭീഷണി ഭയന്ന് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് ഖത്തര്‍ പൗരത്വം സ്വീകരിച്ചതിനെ വിമര്‍ശിച്ചും പിന്നാക്ക വിഭാഗത്തില്‍പെട്ട മുസ്‌ലിംകള്‍ക്ക് തൊഴിലവസരങ്ങളില്‍ നാല് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ വിധിക്കെതിരെയും ലേഖനമെഴുതിയിരുന്ന വസിഷ്ഠ, ടീസ്ത സെതല്‍വാദിനെതിരായ ഒരു പുസ്തകത്തിന്റെ കര്‍ത്താവുകൂടിയാണ്; രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന വ്യക്തി.
ആര്‍ എസ് എസിന്റെ ഉപഘടകമായ അഖില്‍ ഭാരതീയ ഇതിഹാസന്‍ സങ്കലന്‍ യോജനയുടെ ആന്ധ്രാ ഘടകത്തിന്റെ തലവനായിരുന്ന വൈ സുദര്‍ശന റാവുവിനെ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ തലവനായി നിയോഗിച്ചത്, ഭൂതകാലത്തെ കാവിവത്കരിക്കുകയെന്ന ഉദ്ദേശ്യത്തോടെ മാത്രമായിരുന്നു. ഡോ. ഇര്‍ഫാന്‍ ഹബീബും ഡോ. എം ജി എസ് നാരായണനും ഇരുന്ന കസേരയിലാണ് ചരിത്രം മാറ്റിയെഴുതാന്‍ നിയോഗിക്കപ്പെട്ട റാവു അവരോധിതനായത്. 18 അംഗ ഐ സി എച്ച് ആര്‍ കൗണ്‍സിലില്‍ കടുത്ത സംഘ്പരിവാറുകാരെയാണ് തിരുകിക്കയറ്റിയിരിക്കുന്നത്.
സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സംഘ് അനുകൂലികളെ തിരുകിക്കയറ്റുകയും എതിരഭിപ്രായക്കാരെ പുകച്ചുചാടിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികളില്‍ മനംമടുത്ത് അമര്‍ത്യാ സെന്നിനും സേതുവിനും പിന്നാലെ, ആത്മാഭിമാനമുള്ള നിരവധിപേര്‍ പടിയിറങ്ങി. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ പ്രസിദ്ധീകരണമായ ഇന്ത്യന്‍ ഹിസ്‌റ്റോറിക്കല്‍ റിവ്യൂ പത്രാധിപരായിരുന്ന പ്രമുഖ ചരിത്രകാരന്‍ സബ്യസാചി ഭട്ടാചാര്യ രാജിവെച്ചൊഴിഞ്ഞത് ഇപ്രകാരമാണ്. സംഘ്പരിവാര്‍ വിചാരധാര പ്രകാരം ചരിത്രം തിരുത്തിയെഴുതാനൊരുങ്ങുന്ന കൗണ്‍സിലിന്റെ ഭാഗമാകാന്‍ മടിയുള്ളതുകൊണ്ടാണ് ഒഴിയുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ചരിത്ര വിഭാഗം പ്രൊഫസറായിരുന്ന ഭട്ടാചാര്യ മുമ്പ് ഐ സി എച്ച് ആര്‍ ചെയര്‍മാനായിരുന്നു. നിലവിലെ ചെയര്‍മാന്‍ ഡോ. വൈ എസ് റാവുവിന്റെ നിയമനത്തിനു ശേഷം കൗണ്‍സിലിന്റെ പ്രവര്‍ത്തന രീതികള്‍ വഴിതെറ്റുകയാണെന്ന് കണ്ടാണ് അദ്ദേഹം പടിയിറങ്ങിയത്.
മോദിയുടെ ദൈവത്തിന് ഗാന്ധിജിയുടെ ദൈവത്തേക്കാള്‍ മഹത്വമുണ്ടെന്ന് പ്രഖ്യാപിച്ച ലോകേഷ് ചന്ദ്രയെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് തലവനായി നിയമിച്ചതില്‍ അത്ഭുതം കാണേണ്ടതില്ല. കാരണം മോദിയുടെ ഇന്ത്യയില്‍ ഗാന്ധിഘാതകര്‍ക്ക് ക്ഷേത്രങ്ങള്‍ ഉയരുകയാണല്ലോ. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാനായി ടെലിവിഷന്‍ അഭിനേതാവും ബി ജെ പി നേതാവുമായ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരായ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ശ്യാം ബെനഗല്‍, മുകേഷ് ഖന്ന, ഗിരിഷ് കര്‍ണാട്, ഡോ. യു ആര്‍ അനന്തമൂര്‍ത്തി, അടൂര്‍ ഗോപാലകൃഷ്ണന്‍, സയീദ് അക്തര്‍ മിശ്ര എന്നിവരുടെ പിന്‍ഗാമിയായാണ് ചൗഹാനെ നിയമിച്ചത് എന്നോര്‍ക്കണം. ഇതില്‍പ്പരം ഇന്‍സ്റ്റിറ്റിയൂട്ടിന് അപമാനം വേറെയില്ലെന്ന് വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ളയാളാണ് ഗജേന്ദ്ര ചൗഹാന്‍. ബി ജെ പി സാംസ്‌കാരിക വിഭാഗത്തിന്റെ ജോയിന്റ് കണ്‍വീനര്‍, പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവില്‍ പ്രത്യേക ക്ഷണിതാവ്, ഹരിയാനയില്‍ ബി ജെ പിക്കുവേണ്ടി പ്രചാരണം നയിച്ചു ഇതെല്ലാമായിരുന്നു യോഗ്യത. തൊണ്ണൂറുകളില്‍ മഹാഭാരതം സീരിയലില്‍ യുധിഷ്ഠിരനെ അവതരിപ്പിച്ച ശേഷം രണ്ടാംകിട സീരിയലുകളില്‍ മാത്രമാണ് ഇദ്ദേഹത്തെ കാണാന്‍ കഴിഞ്ഞത്. ശബാനാ ആസ്മി, നസറുദ്ദീന്‍ഷാ, ഓംപുരി, ഗിരീഷ് കാസറവള്ളി, ബാലു മഹേന്ദ്ര തുടങ്ങി എത്രയോ പ്രഗത്ഭരായ ചലച്ചിത്ര പ്രതിഭകള്‍ക്ക് ജന്മമേകിയ സ്ഥാപനത്തിനാണ് ഇത്തരമൊരു ദുരവസ്ഥ. ആശയപോരാട്ടത്തിനുവേണ്ടി ശബ്ദിച്ചവരെ അര്‍ധരാത്രി അറസ്റ്റ് ചെയ്യുന്ന ഫാസിസ്റ്റ് നടപടിക്കും ഇന്‍സ്റ്റിറ്റിയൂട്ട് സാക്ഷിയായി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനിലും കാവിവത്കരണം തുടരുന്നുവെന്നത് ചലച്ചിത്രപ്രേമികളെ കുറച്ചൊന്നുമല്ല ആശങ്കാകുലരാക്കുന്നത്. ആര്‍ എസ് എസ് പോഷകസംഘടനയായ സംസ്‌കാര്‍ ഭാരതിയുടെ ജനറല്‍ സെക്രട്ടറി ചന്ദ്രകാന്ത് ഗരോട്ടിനെ സെന്‍സര്‍ ബോര്‍ഡ് അംഗമായി നിയമിച്ചായിരുന്നു തുടക്കം. പൂനയില്‍ നിന്നുള്ള ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ എഡിറ്റര്‍ ബാലശങ്കറിനെപ്പോലുള്ളവരാണ് സാംസ്‌കാരിക സ്ഥാപനങ്ങളുടെ അമരത്തേക്ക് കടന്നുവരുന്നത്.
ഇതൊരു വശത്ത് നടക്കുമ്പോള്‍ മറുവശത്ത് മുസ്‌ലിം തീവ്രശക്തികള്‍ അവരുടെ ആശയപ്രതിരോധത്തിന് ഒരുങ്ങുകയാണ്. അതേ നാണയത്തില്‍ തിരിച്ചടിക്കുക എന്ന മുദ്രാവാക്യമാണ് അവരുടേത്. മോദി ഭരണത്തില്‍ എല്ലാ തീവ്ര ആശയങ്ങളും സമ്പുഷ്ടമാകുകയാണ്. നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ പൊതുമനസ്സിനാണ് ഇവര്‍ ഉണങ്ങാത്ത വ്രണമേല്‍പ്പിക്കുന്നത്.
വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണം ദൂരവ്യാപക പ്രത്യാഘാതങ്ങളിലേക്കാണ് രാജ്യത്തെ നയിക്കുക. പ്രധാനമന്ത്രി മുഖ്യകാര്‍മികനായി മുംബൈയില്‍ നടത്തിയ 102-ാം ശാസ്ത്രകോണ്‍ഗ്രസില്‍ സംഘ്പരിവാര്‍ വക്താക്കള്‍ നിരത്തിയ കാര്യങ്ങള്‍ വളരെ ഗൗരവമുള്ളതാണ്. ശാസ്ത്രത്തെയും ചരിത്രത്തെയും നിരാകരിക്കുകയും ആധുനികതയെ ആട്ടിപ്പായിക്കുകയും ചെയ്യുന്ന ഇരുളടഞ്ഞ വഴികളിലൂടെ പുതുതലമുറയെ നയിക്കാന്‍ പ്രേരിപ്പിക്കുന്നത് എത്ര സങ്കുചിതമാണ്?
പാഠപുസ്തകങ്ങള്‍ തിരുത്തിയെഴുതാന്‍ ആര്‍ എസ് എസ് ദീനനാഥ്ബത്ര എന്ന കടുത്ത വര്‍ഗീയ നിലപാടുള്ള വ്യക്തിയെ ചുമതലപ്പെടുത്തുകയും ഇദ്ദേഹം തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ ഗുജറാത്തിലെ 42,000 ഓളം സ്‌കൂളുകളില്‍ പഠിപ്പിക്കുകയും ചെയ്യുന്നത് വാര്‍ത്ത അല്ലാതായി മാറി. തങ്ങള്‍ക്കുവേണ്ടി മാറ്റിയെഴുതിയ ചരിത്രമാണ് ഭാവിതലമുറക്ക് മുമ്പില്‍ സംഘ്പരിവാര്‍ വിളംബരം ചെയ്യുന്നത്. ശാസ്ത്രത്തെയും ആധുനികതയെയും തള്ളിപ്പറയുന്നതാണ് സംഘ്പരിവാറിന്റെ വിദ്യാഭ്യാസ നയം. 15വര്‍ഷത്തിനകം ഇത്തരം ഇരുണ്ട ചിന്തകളാവും നമ്മുടെ പാഠപുസ്തകത്തില്‍ ഉറങ്ങിക്കിടക്കുക. ലോകത്ത് ശാസ്ത്രമേഖലയില്‍ സവിശേഷ പങ്കുവഹിക്കുന്ന ഇന്ത്യയുടെ സ്ഥാനം പിന്നാക്കം പോകും. നാം സംഭാവന ചെയ്യുന്നത് അന്ധവിശ്വാസത്തില്‍ ജീവിക്കുന്ന പുതുതലമുറയെയാകും. ഇന്ത്യയുടെ വികസന പന്ഥാവില്‍ നെഹ്‌റുവിന്റെ യുഗം ഉയര്‍ത്തിപ്പിടിച്ച സാമ്പത്തിക ദര്‍ശനങ്ങളെ തല്ലിക്കെടുത്തുകയും പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ മുദ്രകളെ തമസ്‌കരിക്കുകയും ചെയ്യാനാണല്ലോ മോദി, ആസൂത്രണ കമ്മീഷന്റെ പേരു തന്നെ മാറ്റിയത്. ഭരണതലത്തില്‍ എല്ലാം നിറംമാറ്റുകയാണ്. ബ്രിട്ടീഷ് രാജിനെതിരെ പൊരുതിവീണവരെപ്പോലും കാവിയില്‍ ചാലിച്ചെഴുതിയ ചരിത്രം വിസ്മരിച്ചെന്നു വരാം; ഗാന്ധിജിയും നെഹ്‌റുവും ആസാദും നേതാജിയും ഈ ചരിത്രത്തില്‍ പ്രധാന്യമില്ലാത്തവരാകും. കൊച്ചുകുഞ്ഞുങ്ങളെപ്പോലും ലൈംഗിക ചൂഷണത്തിന് വിധേയരാക്കുന്ന ആശാറാം ബാപ്പുമാര്‍ മഹാരഥരായി കൊണ്ടാടപ്പെടും.
ഫാസിസ്റ്റ് ആശയങ്ങളെയും അന്ധവിശ്വാസങ്ങളെയും ശക്തമായി വിമര്‍ശിച്ചതിന്റെ പേരില്‍ ഒരു വര്‍ഷത്തിനിടെ രണ്ടാമത്തെ സാമൂഹിക പ്രവര്‍ത്തകനും രക്തസാക്ഷിത്വം വരിച്ച വാര്‍ത്ത നാം കേള്‍ക്കാതെ പോകരുത്. മഹാരാഷ്ട്രയിലെ പുരോഗമന പ്രവര്‍ത്തകന്‍ ഗോവിന്ദ പന്‌സാരെക്ക് പിന്നാലെ കര്‍ണാടകയിലെ ഡോ. എം എം കല്‍ബുര്‍ഗി വെടിയേറ്റുവീണത് അടുത്ത ദിവസമാണ്. ഫാസിസത്തിന്റെ തോക്കുമുന ആര്‍ക്കുനേരെയും ഉയരാം.
(യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന
പ്രസിഡന്റാണ് ലേഖകന്‍ )

 

---- facebook comment plugin here -----

Latest